Christmas Sparks Day 04 താങ്ക്യൂ ഫോർ എവെരിതിങ്..

കൂട്ടുകാരി അഞ്ജലിയുമായി ജോലിവിശേഷങ്ങൾ സംസാരിക്കുമ്പോൾ അവൾ പറഞ്ഞു. “കാര്യം പറഞ്ഞാൽ, പഠിച്ച ഉടനെ തന്നെ കിട്ടിയ ജോലി ആണ്. അത്യാവശ്യം നല്ല ശമ്പളവും ഉണ്ട്. പക്ഷെ കഴിഞ്ഞ ആറുമാസവും ഊണും ഉറക്കവും ഇല്ലാതെ പണി മാത്രം ആയിരുന്നു. ആഹാരം കഴിക്കുമ്പോൾ പോലും ചെയ്തുതീർക്കാനുള്ള കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകളും ചിന്തകളും ആണ്. മടുത്തു. അതുകൊണ്ടു ജോലി രാജി വെക്കുകയാണ്.” അവളുടെ വാക്കുകളിൽ ജോലി നൽകിയ അമിതഭാരം പ്രകടമായിരുന്നു. ആറുമാസം കഠിനവും. പിന്നെ ഞാൻ അവളെ കാണുന്നത് ജോലിയിൽ നിന്നും ഇറങ്ങിയ അന്ന് വൈകുന്നേരം ആണ്. പ്രസന്ന മുഖത്തോടെ വളരെ ചിൽ മൂഡിൽ. അവളെ കണ്ടപ്പോ ഞാനും ചിരിച്ചു. എന്തോ നേടിയ/ അല്ലെങ്കിൽ ‘എന്തോ പോയ’ ആളുകളെ പോലെ ഞങ്ങൾ ചുമ്മാ ഉച്ചത്തിൽ ചിരിച്ചു. ചിരിക്ക് വിരാമമിട്ട് ഞാൻ ചോദിച്ചു എന്നിട്ട് എങ്ങനെ ഉണ്ടാരുന്നു പടിയിറക്കം? അവൾ പറഞ്ഞു… “ചേച്ചി ജോലി ശരിക്കും കഠിനം ആരുന്നു. പക്ഷെ ഈ രണ്ടുദിവസങ്ങളിൽ എനിക്ക് ഒത്തിരിപേരോടു ‘ഞാൻ പോകുവാണെ. തന്ന സ്നേഹത്തിന് ഒരുപാടു നന്ദി കെട്ടോ’എന്ന് പറയാൻ ഉണ്ടായിരുന്നു. ആറുമാസം കൊണ്ട് കഠിനവഴിയിലും തണൽ തന്ന് നിന്ന ഒത്തിരി മുഖങ്ങൾ. സെക്യൂരിറ്റി സ്റ്റാഫ്, ഗ്രൗണ്ട് സ്റ്റാഫ്, ഓഫീസ് വാഹനത്തിലെ ആളുകൾ പിന്നെ നമ്മുടെ സ്വന്തം ടീം.” എന്നിട്ട് അവൾ കൂട്ടിച്ചേർത്തു “നന്ദി പറഞ്ഞുപിരിയാനും നന്ദിയോടെ ഓർക്കാനും ആളുകൾ ഉണ്ടാവുക എന്നതല്ലേ ഏറ്റവും മനോഹരമായ കാര്യം.” 2024 ലെ പതിനൊന്നുമാസത്തിന്റെ നന്ദിവിവരപ്പട്ടികയുമായി ഒരുമാസം നീണ്ടുനിൽക്കുന്ന നന്ദിമാസആഘോഷമാക്കി ഈ ക്രിസ്തുമസ് കാലം മാറട്ടെ..
എൽസീന ജോസഫ്