January 22, 2025
Achievements Kairos Media News

2024 ലെ കെസിബിസി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.

  • November 26, 2024
  • 1 min read
2024 ലെ കെസിബിസി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.

കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന 33-ാമത് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ച എട്ടു പേർക്കാണു 2024ലെ പുരസ്കാരങ്ങൾ. കെസിബിസി ഗുരുപൂജ പുരസ്‌കാരങ്ങൾക്ക് ഇക്കുറി നാലു പേർ അർഹരായി.
കെസിബിസി സാഹിത്യ അവാർഡ് ജോണി മിറാൻഡയ്ക്കാണ്. അതൃപ്തരായ ആത്മാക്കൾ, നനഞ്ഞ മണ്ണടരുകൾ, വിശുദ്ധ ലിഖിതങ്ങൾ, പുഴയുടെ പര്യായം, ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസ് തുടങ്ങിയവ ശ്രദ്ധേയ രചനകൾ പരിഗണിച്ചാണു പുരസ്കാരം.
കെസിബിസി ദർശനിക വൈജ്ഞാനിക അവാർഡിനു ഡോ. സീമ ജെറോമിനു നൽകും. സംസ്ഥാന സർക്കാരിന്‍റെ ഭരണഭാഷാ ഗ്രന്ഥരചനാപുരസ്കാരം നേടിയ ഇവർ കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം എച്ച്ഒഡിയാണ്.
കെസിബിസി മാധ്യമ അവാർഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അർഹനായി. ക്രിയാത്മക പത്രപ്രവർത്തന ശൈലിയും സവിശേഷമായി മലയോര, തീരദേശ ജനത അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ അന്വേഷണ വിധേയമാക്കി ദീപികയിൽ എഴുതിയ ശ്രദ്ധേയമായ പരന്പരകളും വാർത്തകളുമാണു, സിജോ പൈനാടത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 17 വർഷമായി ദീപിക പത്രാധിപസമിതി അംഗമാണ്.
ജന്മനാ ഇരുകൈകളുമില്ലാതെ മികച്ച ഗ്രാഫിക് ഡിസൈനറായി പ്രതിഭ തെളിയിച്ച ജിലുമോളിനാണു കെസിബിസി യുവ പ്രതിഭ പുരസ്‌കാരം. ഏഷ്യയിൽ ആദ്യമായി കൈകൾ ഇല്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടുന്നത് ജിലുമോളാണ്.
കെസിബിസി ഗുരുപൂജ പുരസ്‌കാരത്തിന് ചാക്കോ കോലോത്തുമണ്ണിൽ, (ജീവകാരുണ്യപ്രവർത്തനങ്ങൾ ), സിബി ചങ്ങനാശേരി, (ചിത്രകാരൻ), ഫാ. ജോഷ്വാ കന്നിലേത്ത്, (ജീവകാരുണ്യ പ്രവർത്തനങ്ങൾ ), ഫാ. ആന്‍റണി ഉരുളിയാനിക്കൽ സിഎംഐ ( ക്രൈസ്തവ സംഗീതം ) എന്നിവർ അർഹരായി
കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡുകൾ പ്രഖാപിച്ചത്. ഡിസംബറിൽ കെസിബിസി ആസ്ഥാനമായ പിഓസിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും.

About Author

കെയ്‌റോസ് ലേഖകൻ