‘ സ്വർഗം’ ഓസ്ട്രേലിയൻ തീയറ്ററുകളിൽ നവംബർ എട്ട് മുതൽ
ഓസ്ട്രേലിയ: പ്രവാസികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട സി.എൻ ഗ്ലോബൽ മൂവീസ് ടീമിൻ്റെ ആദ്യചിത്രമായ ‘സ്വർഗം’ നവംബർ എട്ടിന് ഓസ്ട്രേലിയൻ തീയറ്ററുകളിൽ റിലീസ് ചെയ്യും. കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരിക മുഹൂർത്തങ്ങളും ഹൃദയസ്‌പർശിയായി അവതരിപ്പിക്കുന്ന ചിത്രത്തെ ഓസ്ട്രേലിയയിലെ മലയാളികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഓസ്ട്രേലിയയിൽ പ്രാരംഭമായി മൂന്ന് സ്ഥലങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ക്വീൻസ് ലൻഡിലെ ബ്രിസ്ബെയ്നിലുള്ള മൗണ്ട് ഗ്രാവറ്റ് ഇവൻ്റ് സിനിമാസിൽ (EVENT CINEMAS MT GRAVATT) ‘സ്വർഗം’ പ്രദർശിപ്പിക്കും. നവംബർ 8 വെള്ളിയാഴ്ച്ച രാത്രി ഒൻപത്, ശനിയാഴ്ച്‌ച വൈകുന്നേരം അഞ്ച്, ഞായർ വൈകുന്നേരം അഞ്ച്, ചൊവ്വാഴ്ച്ച രാത്രി ഒൻപത് എന്നിങ്ങനെയാണ് പ്രദശർന സമയം.
വിക്ടോറിയയിൽ സൺഷൈൻ വില്ലേജ് സിനിമാസ് (Village Cinemas Sunshine), ന്യൂ സൗത്ത് വെയിൽസിൽ വുലങ്ങോങ് ഗാല സിനിമാസ് (Wollongong Gala Cinema) എന്നിവിടങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പെർത്ത് അടക്കമുള്ള മറ്റു നഗരങ്ങളിലെ കൂടുതൽ തിയേറ്ററുകളിലേക്കും അടുത്ത ആഴ്ച്‌ചയോടെ ചിത്രം റിലീസാകും.
അജു വർഗീസിനും ജോണി ആൻ്റണിക്കുമൊപ്പം അനന്യ, മഞ്ജു പിള്ള ജോണി സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്‌ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.
നല്ല കലാസൃഷ്ടികളും മികച്ച സിനിമകളും നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട സിഎൻ ഗ്ലോബൽ മൂവീസ് ടീമിൻ്റെ ആദ്യ ചിത്രമാണ് ‘സ്വർഗം’.
മധ്യ തിരുവതാംകൂറിലെ ക്രൈസ്‌തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിതപശ്ചാത്തലമാണ് ഇതിവൃത്തം. രസകരവും ഹൃദയസ്‌പർശിയുമായ ഒട്ടേറെ രംഗങ്ങളാണ് ചിത്രത്തിലുള്ളത്.
റെജിസ് ആന്റണിയാണ് സംവിധായകൻ. ലിസി കെ ഫെർണാണ്ടസിൻ്റെ കഥയ്ക്ക് റെജിസ് ആൻ്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിൻ്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്‌ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.