അമ്മേ, എന്റെ അമ്മേ!
ഈയമ്മക്ക് എന്താ പ്രശ്നം, അവളോർത്തു. ഞാനെന്തു ചെയ്താലും അമ്മക്ക് പോര, എല്ലാത്തിനും കുറവുകൾ മാത്രം കണ്ടു പിടിക്കും. ഞാനും ഒരു പെണ്ണല്ലേ, എന്നെ ഒന്ന് വെറുതെ വിട്ടാൽ പോരെ. എത്ര പഠിച്ചാലും, വീണ്ടും പറയും, മോളെ പഠിക്കെടി. രാവിലെ എന്റെ timepiece ഇരുന്നടിച്ചാലും ഞാൻ കേൾക്കത്തില്ല. അപ്പോൾ അമ്മയുടെ ഒരു വിളിയുണ്ട്, സഹിക്കാൻ പറ്റില്ല. എന്തിനാ ഇനിയും എന്നെ വിളിക്കുന്നത്.
സ്കൂളിലെ എല്ലാ കാര്യത്തിലും അമ്മ ഇടപെടുന്നത് മൂലം ടീച്ചർമാർക്കെല്ലാം അമ്മയേ അറിയാം. എന്റെ മാർക്ക് ഒന്ന് കുറയുകയോ, ഞാൻ കൂട്ടുകെട്ടു കൂടി എന്തെങ്കിലും ചെറിയ കുരുത്തക്കേട് കാണിച്ചാൽ, അമ്മയ്ക്ക് ഉടനെ വിളി കിട്ടും. അത് എനിക്ക് എന്നും അരോചകമായ ഒരു കാര്യമായിരുന്നു. വീട്ടിലോ എനിക്ക് വലിയ സ്വാതന്ത്ര്യം ഇല്ല, സ്കൂളിലും ഇല്ല. ചെറിയ ചെറിയ ഉഴപ്പൊക്കെ കാണിച്ചാലും നന്നായി പഠിച്ചാൽ പോരെ.
ഇതൊന്നുമല്ല, ഇനിയും ഉണ്ട്: വീട്ടിൽ എന്നും കുരിശു വരയ്ക്കണം, വൈകീട്ട് ക്ഷീണിച്ചു സ്കൂളിൽ നിന്നും വരുമ്പോൾ പള്ളിയിൽ പോകണം. അത് കൂടാതെ സ്പോർട്സ്, swimming, പാട്ട് പഠനം ഇങ്ങനെ പോകുന്നു ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ്. വീട്ടിൽ എന്നും പാചകം ചെയ്യുന്ന പച്ചക്കറികളുള്ള ഡിന്നർ കഴിക്കണം. Macdonald ഒന്നും സമ്മതിക്കില്ല.
അവളോർത്തു: എന്നും അമ്മ എന്റെ ശത്രുവായിരുന്നു. എന്നെ എന്നും challenge ചെയ്യുന്ന വ്യക്തി. എന്നെ വീണ്ടും വീണ്ടും തള്ളി മുന്നിലേക്ക് വിടുന്ന അമ്മയുടെ ശക്തിയെ ഞാൻ അന്ന് ഒത്തിരി വെറുത്തു. കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഞാൻ അമ്മയെ തള്ളി പറഞ്ഞു, മറ്റുള്ളവരുടെ മുമ്പിൽ അമ്മയേ ചെറുതാക്കുക എന്നത് എന്റെ ഏറ്റവും വലിയ വിനോദം ആയിരുന്നു. എന്റെ കോളേജ് പഠന കാര്യങ്ങളിലും അമ്മ ഇടപെട്ടു!
എനിക്ക് ഇഷ്പെട്ട ആളെ വിവാഹം കഴിച്ച് വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ, എന്റെ ഏറ്റവും വലിയ സന്തോഷം” ഈ അമ്മയെ ഇനി കേൾക്കണ്ടല്ലോ, എനിക്ക് പൂർണ്ണ സ്വാതന്ത്യം കിട്ടിയല്ലോ” എന്നതായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഈ സ്വാതന്ത്ര്യം ഞാൻ നന്നായി ആസ്വദിച്ചു. രണ്ടാഴ്ചത്തെ ഹണിമൂൺ ഒക്കെ കഴിഞ്ഞു ഭർത്താവിനൊപ്പം ഞാൻ ഓസ്ട്രേലിയയിലേക്ക് തിരിച്ചു. ഒരു നല്ല ജോലി കിട്ടി.
ആദ്യത്തെ ജോലി ദിവസം, രാവിലെ എഴുന്നേക്കാനായി alarm വച്ചു, പക്ഷെ ഞാനറിയാതെ ഉറക്കപ്പിച്ചിൽ silence ചെയ്തു. പക്ഷേ ആരും വന്നു വിളിച്ചില്ല. എപ്പോഴോ ഉറക്കം വിട്ടു എഴുന്നേറ്റപ്പോൾ, എട്ട് മണി കഴിഞ്ഞു. ഇന്ന് ജോലിക്ക് late ആണ്. ഓടിയിറങ്ങി കിച്ചനിൽ വന്നപ്പോൾ, തലേ ദിവസം ഡിന്നർ കഴിച്ച പാത്രങ്ങൾ സിങ്കിൽ കിടന്ന് എന്നെ നോക്കി ചിരിച്ചു. സാധാരണ രാവിലെ അടുക്കളയിൽ വരുമ്പോൾ കാണാറുള്ള കാപ്പി നിറഞ്ഞു തുളുമ്പുന്ന കപ്പ് ഇല്ല. എങ്ങനെയൊക്കെയോ പെട്ടെന്ന് കുളിച്ച് റെഡിയായി ഓടി, സമയത്തുള്ള ട്രെയിൻ കിട്ടിയില്ല. ജോലിയിൽ എത്തിയപ്പോൾ ബോസിന്റെ മുഖത്ത് നല്ല ദേഷ്യം കാണാം. അങ്ങനെ പിന്നീട് ഉള്ള ഓരോ ദിവസവും ഞാൻ എന്റെ അമ്മയുടെ വിലയറിഞ്ഞു!!
ഒരു കൂട്ടുകാരി പറഞ്ഞു കേട്ടിട്ട്, ഞാൻ ഈശോയുടെ അമ്മയുമായി കൂടുതൽ അടുത്തു, എന്റെ അമ്മയുടെ അഭാവം അമ്മമേരി നിറയ്ക്കും എന്ന് അവൾ എന്നോട് പങ്കു വച്ചു. എന്റെ അമ്മ പല തവണ ഇത് ചെറുപ്പം മുതലേ പറഞ്ഞു തന്നിട്ടുള്ളതാണ്, പക്ഷേ അമ്മയോടുള്ള ദേഷ്യം കാരണം, അതൊന്നും ഹൃദയത്തിലേക്ക് കേറ്റുവാൻ തുനിഞ്ഞില്ല. അങ്ങനെ ഞാൻ ഈശോയുടെ അമ്മയുമായി അടുത്തപ്പോൾ, ജപമലമണികൾ എന്റെ കരങ്ങളിൽ ഉരുണ്ടപ്പോൾ, ഞാൻ എന്റെ അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞു. എന്റെ ഈശോയുടെ അമ്മ എനിക്കതു കൂടുതൽ വ്യക്തമാക്കി തന്നു.
പതിയെ ഞാനും മാറി തുടങ്ങി. പതിയെ പതിയെ അമ്മയോടുള്ള എന്റെ ദേഷ്യം മാറി തുടങ്ങി. ഞാൻ അമ്മയെ സ്നേഹിച്ചു തുടങ്ങി. പക്ഷേ വിദേശത്തായതിനാൽ അമ്മയെ ഒന്ന് കാണാനോ, എന്റെ സ്നേഹം പങ്കു വയ്ക്കാനോ സാധിച്ചില്ല. അങ്ങനെയിരിക്കെ ഞാൻ അമ്മയെ ഒന്ന് വിളിച്ചു, വളരെ നാളുകൾക്ക് ശേഷം: ഒരു സന്തോഷ വാർത്ത പങ്ക് വക്കാൻ, അമ്മ ഒരു അമ്മൂമ്മയാകാൻ പോകുകയാണ് എന്ന സന്തോഷം പങ്കു വക്കാൻ. പക്ഷേ ആ വിളിക്ക് ഉത്തരം പറഞ്ഞത് എന്റെ അപ്പനാണ്……
ഇതെല്ലാം ഓർത്ത് നെടുവീർപ്പിട്ടു ഞാൻ അമ്മയോട് ഒന്ന് ചേർന്നിരുന്നു, പെട്ടെന്ന് അമ്മയുടെ തണുത്ത മരവിച്ച കൈകളിൽ എന്റെ കൈകൾ ഒന്ന് മുട്ടി. പെട്ടെന്ന് ഉള്ളിൽ നിന്നും ഒരു അഗ്നിനാളം കയറി വരുന്ന ഒരു അനുഭവം. അമ്മ പോയി, എന്റെ അമ്മ!!
എനിക്ക് യാത്ര പറയാൻ ഒരവസരം കിട്ടിയില്ല. എന്റെ വിവാഹം കഴിഞ്ഞു, അമ്മയുടെ ആരോഗ്യം പതിയെ പതിയെ ക്ഷയിക്കുകയായിരുന്നു. എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്നോർത്ത് എന്നോട് ആരും ഒന്നും പറയാൻ അമ്മ സമ്മതിച്ചില്ല. എന്റെ വഴക്കെല്ലാം മാറി ഞാൻ അമ്മയെ വിളിച്ചപ്പോഴേക്കും അമ്മ ICU യിൽ admit ആയിരുന്നു.
ഒരു നിമിഷം കൂടി എന്റെ അമ്മയുടെ ജീവൻ ഒന്ന് തിരിച്ചു കിട്ടിയെങ്കിൽ, എനിക്ക് അമ്മയോട് ഒന്ന് മാപ്പ് പറയാമായിരുന്നു, അമ്മയെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു എന്നൊന്ന് പറയാമായിരുന്നു!!
പക്ഷേ അമ്മ എനിക്കായി കാത്തിരുന്നില്ല!! അമ്മയുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ എനിക്കിനി ആകൂ. അവൾ തന്റെ വിരലുകൾ കയ്യിലിരുന്ന ജപമാല മണികളിലൂടെ പരതി. അവൾ തന്റെ ഉദരത്തിൽ കൈകൾ അമർത്തി. “എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ, ഞാൻ വളർത്തും, എന്റെ അമ്മ എന്നെ വളർത്തിയ അതേ സ്നേഹത്തോടെ!! അമ്മ സ്വർഗ്ഗത്തിൽ ഇരുന്നു അത് കണ്ട് സന്തോഷിക്കും”അവൾ ഹൃദയത്തിൽ പ്രതിജ്ഞഎടുത്തു!
ആശുപത്രിയുടെ ചാപ്പലിന്റെ ഉള്ളിലാണ് അമ്മയുടെ ശരീരം വച്ചിരിക്കുന്നത്. മനോഹരമായ ചാപ്പലിന്റെ ചുമരിൽ എഴുതി വച്ചിരുന്ന ഒരു ദൃശ്യത്തിൽ കണ്ണ് പതിച്ചു. പത്ത് കൽപനകൾ നല്ല ദൃശ്യാവിഷ്കാരത്തോടെ അവതരിപ്പിച്ചിരുന്നു. അതിൽ നാലാം ഫലകത്തിൽ എഴുതി വച്ചിരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിച്ചു:
“നിന്‍റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക”.
(പുറപ്പാട് 20 : 12). ഒരു നിമിഷം ഓർത്തു പോയി, അമ്മ പറയുന്നത് കേട്ട് ചെറുപ്പത്തിൽ വചനം പഠിച്ചിരുന്നെങ്കിൽ, പാലിച്ചിരുന്നെങ്കിൽ, ജീവിതം എത്രയോ മനോഹരമായിരുന്നിരുന്നെ!!!
അപ്പോഴേക്കും അപ്പൻ വിളിച്ചു, “മോളെ, എഴുന്നേക്ക് , അമ്മയെ നമുക്ക് വീട്ടിലേക്ക് അവസാനമായി ഒന്ന് കൊണ്ട് പോകണ്ടേ!”
സിൽവി സന്തോഷ്,