റുവി (ഒമാൻ) ജീസസ് യൂത്ത് ഒരുക്കിയ ‘നിശബ്ദം’ റിലീസിന്
ഒമാൻ: റുവി ജീസസ് യൂത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ഷോർട്ട് ഫിലിം “നിശബ്ദം” സെപ്റ്റംബർ 27ന് കെയ്‌റോസ് മീഡിയ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു.
നാഭിയിൽ നിന്നുയർന്ന് കണ്ഠനാളത്തിലൂടെ ബഹിർഗമിക്കുന്ന ശബ്ദം മാത്രമാണ് നാമധികവും കേൾക്കുന്നത്. അതിനിടയിൽ വിങ്ങുന്ന നിശബ്ദത ആരറിയുന്നു? ശബ്ദത്താൽതന്നെ നിശബ്ദരാക്കപ്പെടുന്നവക്ക് ആരാണ് ചെവികൊടുക്കേണ്ടത്? ശബ്‌ദിക്കേണ്ട സമയങ്ങളിൽ സ്വയം ധരിക്കുന്ന മൂടുപടം കുറ്റകരമായ അനാസ്ഥയാണെന്ന് ആരാണ് പറഞ്ഞു തരേണ്ടത്?
നിശബ്ദത – ശബ്ദമില്ലായ്മയേക്കാൾ ദൈവത്തിന്റെ ശബ്ദം ശ്രവിക്കുവാനുള്ള ശ്രദ്ധയാണെന്ന് തിരിച്ചറിയുന്നവരുമുണ്ട്.
“നിശബ്ദം” ക്രിസ്തുമൊഴിയുടെ സമകാലിക ആവിഷ്ക്കാരം
കുടുംബപ്രധാനമായ ഡ്രാമ വിഭാഗത്തിൽ വരുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ സംവിധാനം സുജോയ് ലോനാപ്പൻ ആണ് നിർവഹിച്ചിരിക്കുന്നത്. ജീസസ്സ് യൂത്ത് പ്രതിമാസ വിചിന്തനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പയസ് തലക്കോട്ടൂർ തയ്യാറാക്കിയ കഥയ്ക്ക് ലിജോ ആന്റണി തിരക്കഥയും ദിലീപ് സേവ്യർ പശ്ചാത്തലസംഗീതവും നൽകി. ചിത്രത്തിൽ അഭിനയിച്ച ഏതാണ്ട് എല്ലാവരും റൂവി ജീസസ് യൂത്തിലെ അംഗങ്ങൾ തന്നെയാണ്. അതിൽ പാകിസ്ഥാൻ സ്വദേശിയായ അഫ്സൽ മസീഹ് അടക്കം എല്ലാവരും തകർത്തു അഭിനയിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ, ജെറിൻ, ഡെറിക്ക്, ടിജ, റോയ്, ജോസഫ്, ജിബിൻ, അഭിലാഷ്, ഷിജു, വിൻസൻ തുടങ്ങിയവരാണ് ഷോർട്ട് ഫിലിം അണിയിച്ചൊരുക്കിയത്.
ഒമാൻ ജീസസ് യൂത്ത് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റൂവി ജീസസ് യൂത്താണ് ഷോർട്ട് ഫിലിം പുറത്തിറക്കുന്നത്.
സെപ്റ്റംബർ 27 വെള്ളി റൂവിയിൽ നടക്കുന്ന ജീസസ് യൂത്ത് കൂട്ടായ്മയിൽ വികാരി ഫാ. തോമസ് വി. ടി. OFM Cap ഷോർട്ട് ഫിലിം റിലീസ് ചെയ്യും.
ജീസസ് യൂത്ത് കെയ്‌റോസ് മീഡിയായുടെ യൂട്യൂബ് ചാനൽ ആയ കെയ്‌റോസ് സ്റ്റുഡിയോയിൽ ആണ് ഷോർട്ട് ഫിലിം റിലീസ് ചെയ്യുന്നത്.
ഇതാണ് പ്രീമിയർ ഷോയുടെ ലിങ്ക്: https://youtu.be/LyB6wqEsxeI