വാക്കുകളെ സ്വർണ്ണമാക്കി മാറ്റിയ ദൈവാനുഭവം
ഒരു ഞായറാഴ്ച്ച കാലത്ത് എൻ്റെ വീടിനു സമീപത്തുള്ള ഒരു ചേച്ചി വീട്ടിൽ വന്നു ഞാൻ ഉണ്ടോന്ന് അന്വേഷിച്ചു. എന്നെ കണ്ടപ്പോൾ ചേച്ചി പറഞ്ഞു “മോനെ, എൻ്റെ മോളുടെ കല്യാണം ആണ്. അറിയാല്ലോ ഞങളുടെ വീട്ടിലെ അവസ്ഥ. അച്ചൻ വയ്യാതെ ഇരിക്കാണ്. എൻ്റെ വരുമാനം കൊണ്ടാണ് വീട് മുന്നോട്ട് പോകുന്നത്. വീട് ആണെങ്കിൽ ജപ്തി ഭീഷിണിയിലാണ്. മോൻ പള്ളിയിലെ സംഘടനയിൽ ഉള്ള ആൾ അല്ലേ, എന്തെങ്കിലും ചെയ്യാൻ പറ്റോ.?” ഞാൻ പറഞ്ഞു, ഞാൻ ഉള്ള കൂട്ടായ്മ അങ്ങനെ സാമ്പത്തികമായി എല്ലാവരെയും സഹായിക്കുന്ന സംഘടന അല്ല. എങ്കിലും ഞാൻ നോക്കാം. ആ ചേച്ചി സങ്കടത്തോടെ തിരിച്ച് പോയി. അന്ന് ഞങ്ങളുടെ പള്ളിയിൽ നിന്ന് വിൻസൻ്റ ഡി പോൾ സംഘടന മാസത്തിൽ ഒരിക്കൽ നടത്തുന്ന പിരിവിനായി ചിലർ വന്നിരുന്നു. അപ്പോൾ ഞാനും അമ്മയും അവരോട് ഇക്കാര്യം പറഞ്ഞു. നോക്കാം എന്ന് ഒരൊഴുക്കൻ മറുപടിയാണ് കിട്ടിയത്. അവർ കൂട്ടിച്ചേർത്തു ‘തന്നെയും അല്ല അവർ ഹൈന്ദവർ ആണ്’.
ദിവസങ്ങൾ പിന്നിട്ടു. ഞാൻ വിൻസൻ്റ ഡി പോൾ സംഘടന ഭാരവാഹികളെ വിളിച്ച് ഫോളോ അപ്പ് ചെയ്തിരുന്നു. അവിടത്തെ ചേട്ടൻ പറഞ്ഞു “നമ്മുടെ പള്ളീന്ന് അതികം കൊടുക്കാൻ ഒന്നും ഉണ്ടാവില്ല. എങ്കിലും വേറെ വഴിക്ക് കൂടി ശ്രമിക്കട്ടെ, അങ്ങനെ സഹായിക്കുന്നവർ ഉണ്ട്.” അവരുടെ ശ്രമഫലമായി ഒരു കൂട്ടർ വിളിച്ചു, ‘എന്നാണ് സ്വർണ്ണം എടുക്കുന്നത്’ എന്ന് അന്വേഷിച്ചറിയാൻ എന്നോട് പറഞ്ഞു. അത് ആ പാവപ്പെട്ട ചേച്ചിയെ അറിയിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ചേച്ചി വന്ന് പറഞ്ഞു “മോനെ നാളെ ആണ് സ്വർണ്ണം എടുക്കുന്നത്. കല്യാണ ചിലവും മറ്റും ആകുമ്പോൾ വലിയ ഒരു സംഖ്യ വരും. അതുകൊണ്ട് ഒരു പവൻ ആണ് എടുക്കുന്നത്”. ഞാൻ പറഞ്ഞു, ഞാൻ അവരെ അറിയിക്കാം. എന്തായാലും സ്വർണ്ണം എടുക്കാൻ പോകുമ്പോൾ അറിയിക്കാനല്ലേ പറഞ്ഞിരിക്കുന്നത്. എത്ര കിട്ടും എന്ന് ഒന്നും അറിയില്ല ചേച്ചി. എന്തായാലും 5000 കിട്ടാതിരിക്കില്ല” എന്ന് പറഞ്ഞു.
കഴിഞ്ഞ ദിവസം ജീസസ് യൂത്ത് മീറ്റിങ് കഴിഞ്ഞ് വന്ന എന്നോട് അമ്മ വളരെ സന്തോഷത്തോടെ പറഞ്ഞു “ഡാ, അവർ അന്ന് സ്വർണ്ണം എടുക്കാൻ പോയിരുന്നു. സഹായിക്കാം എന്ന് പറഞ്ഞവർ എത്രയാണ് കൊടുത്തത് എന്ന് അറിയോ? ഒരു പവൻ്റെ ഗോൾഡ് കോയിൻ, ഒപ്പം നമ്മുടെ പള്ളിന്ന് 5000 രൂപയും. ആ ചേച്ചി വന്ന് പറഞ്ഞിരുന്നു മോനോട് പറഞ്ഞോളോന്ന്!
എനിക്കും വളരെ സന്തോഷമായി. ഇതിൽ എനിക്കും പങ്കാളി ആവാൻ സാധിച്ചല്ലോ! ചെറിയ കാര്യമാണ് ചെയ്തതെങ്കിലും കർത്താവ് വലിയ നൻമയാക്കി അത് മാറ്റി. നമുക്കും നന്മ ചെയ്യാം. പറ്റുന്ന പോലെ മറ്റുള്ളവരെ സഹായിക്കാം.
നന്മ ചെയ്യുന്നതിൽ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാൽ, നമുക്കു മടുപ്പുതോന്നാതിരുന്നാൽ യഥാകാലം വിളവെടുക്കാം. (ഗലാത്തിയാ 6 : 9)
സിറിൽ ചാക്കോ
ജീസസ് യൂത്ത് തൃശ്ശൂർ സോണൽ കൗൺസിൽ മെമ്പർ