January 22, 2025
Reflections Stories

അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽ

  • August 24, 2024
  • 1 min read
അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽ

“അമ്മച്ചീ, അമ്മച്ചിയിരുന്നുറങ്ങുകയാണോ?”
കുഞ്ഞു മക്കളെ കാത്ത് വരാന്തയിൽ ചാരു കസേരയിലിരിക്കുകയായിരുന്നു. എന്തോ ആലോചിച്ചിരുന്നു ഒന്ന്‌ മയങ്ങി പോയി. കുട്ടികളുടെ വിളി കേട്ടാണ്‌ എഴുന്നേറ്റത്‌. ജോസും മേരിയും ജോലി കഴിഞ്ഞെത്തിയില്ല. “മക്കളേ നിങ്ങൾക്ക്‌ ഇഷ്ട്ടപ്പെട്ട പഴം പൊരിയുണ്ടാക്കി വച്ചിട്ടുണ്ട്‌. ഓടി പോയി കുളിച്ചു ഉടുപ്പ്‌ മാറി വാ”. ഓടി വന്ന്‌ കെട്ടിപ്പിടിച്ചു ഒരുമ്മ തന്ന ശേഷം അവരോടിയകത്തേക്കു പോയി. ഈ കുട്ട്യോളുടെ സ്നേഹമാണ്‌ ഏന്റെ ഏറ്റവും വലിയ സന്തോഷം. കെവിൻ അഞ്ചിലും അന്ന ഒമ്പതിലുമായി. രണ്ടു പേരെയും ജനിച്ച നാൾ മുതൽ ഞാനാണ്‌ നോക്കുന്നത്‌. ജോസിനും മേരിക്കും എന്നും ജോലിത്തിരക്കാണ്‌. 10 വർഷം മുൻപ്‌ അതിയാൻ പോയതോടെ ഇവരാണ്‌ എന്റെ എല്ലാമെല്ലാം. റിട്ടയേർഡ് ടീച്ചർ ആയിരുന്നത്‌ കൊണ്ട്‌ അവരുടെ ഹോംവർക് എല്ലാം ഞാനാണ്‌ ചെയ്യിപ്പിക്കുന്നത്‌.

പഴം പൊരിയെടുത്തു മേശപ്പുറത്തു വച്ചു, അപ്പുറത്തെ വീട്ടിലെ മീനയുടെയടുക്കൽ നിന്ന്‌ വാങ്ങുന്ന പാലും തിളപ്പിച്ച്‌ ബോൺവിറ്റയും ഇട്ടു മേശപ്പുറത്തേക്കു വച്ചപ്പോഴേക്കും അവർ കുളി കഴിഞ്ഞെത്തി. കെവിനും, അന്നയും ഓടി വന്നു എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നു. കഴിച്ചു കൊണ്ടിരുന്നപ്പോൾ അന്നയുടെ മുഖത്തു ഒരു വിഷമം ഞാൻ ശ്രദ്ധിച്ചു. “എന്താ കുട്ട്യേ ഒരു വിഷമം പോലെ?” ഞാൻ ചോദിച്ചു. അന്ന എന്റെ മുഖത്തേക്ക്‌ നോക്കി, അവളുടെ കണ്ണിൽ നിന്ന്‌ ഒരു തുള്ളി കണ്ണീർ ഒഴുകിയിറങ്ങി. വായിൽ വച്ച പഴംപൊരിയിറക്കാനാവാതെ കുട്ടി കരയുകയാണ്‌. മാത്യുവും അവളെ നോക്കിയിരിക്കുന്നു. “എന്താ കുട്ടി, എന്താ കാര്യം?“ ഞാൻ ചോദിച്ചു “അമ്മച്ചി, എന്റെ കൂട്ടുകാരി ജോയാന്നയെ അറിയില്ലേ, അവളുടെ ചേച്ചി ഇസ്രായേലിൽ ഒരു ജോലിക്കു പോയതായിരുന്നു. രണ്ടു ദിവസമായിട്ടു വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ലത്ര. അവിടെ യുദ്ധമാണ്‌. ജോയാന്ന ആകെ സങ്കടത്തിലാണ്‌. ഭയങ്കര കരച്ചിലായിരുന്നു ഇന്ന്‌.” അവിടെ പെൺകുട്ടികളെ വെറുതെ കൊല്ലൂമത്രെ.” അന്നക്കുട്ടി വിങ്ങി വിങ്ങി കരയാൻ തുടങ്ങി. എന്ത്‌ പറയണം എന്നറിയാതെ ഞാൻ ഒരു നിമിഷം പകച്ചു നിന്നു. ഞാനവളെ കെട്ടിപിടിച്ചിരുന്നു. കെവിനും എന്നോട്‌ ചേർന്നിരുന്നു.

“മക്കൾ ജോയാനയുടെ ചേച്ചിക്ക്‌ വേണ്ടി പ്രാർത്ഥിച്ചോ?” ഞാൻ ചോദിച്ചു. “ഇല്ലമ്മച്ചീ, പ്രാർത്ഥിച്ചില്ല”. നമുക്ക്‌ ഇന്നു സന്ധ്യാപ്രാർത്ഥനയിൽ അവളുടെ ചേച്ചിക്ക്‌ വേണ്ടി പ്രാർത്ഥിക്കാം കേട്ടോ. നിങ്ങൾ എട്ടു നോയമ്പ്‌ എന്ന്‌ കേട്ടിണ്ടുണ്ടോ?.” ഇല്ലമ്മച്ചീ, അതെന്നാണ്‌? കെവിൻ ചോദിച്ചു. എട്ടു നോയമ്പ്‌ നമ്മുടെ നാട്ടിൽ പ്രത്യേകമായി നടത്തുന്ന ഒരു നോയമ്പാണ്‌. നാളെ തുടങ്ങി സെപ്റ്റംബർ 8 നു മാതാവിന്റെ ജനന തിരുനാളോടെയാണ്‌ നോയമ്പ്‌ അവസാനിക്കുന്നത്‌. നിങ്ങൾക്ക് ആ കഥ കേൾക്കണോ? “വേണം വേണം അമ്മച്ചി, ഞങ്ങൾക്ക്‌ കഥ കേൾക്കണം”. “എന്നാൽ നിങ്ങൾ പെട്ടെന്ന്‌ കഴിക്കൂ, നമുക്ക്‌ പ്രാർത്ഥന മുറിയിൽ പോയിരുന്നു കഥ കേൾക്കാം.” വളരെ പെട്ടെന്ന്‌ അവർ പഴം പൊരിയും പാലുമൊക്കെ അകത്താക്കി. മക്കൾ ജോലിയിൽ നിന്ന്‌ വരുന്നതിനു മുൻപ്‌ കഥ പറഞ്ഞു തീർക്കണം. അല്ലേൽ അവർ വഴക്കു കേൾക്കും, ഹോംവർക്ക് തുടങ്ങാത്തതിൽ. ഞങ്ങൾ പ്രാർത്ഥന മുറിയിൽ ഒരുമിച്ചിരുന്നു കഥ തുടങ്ങി.

മക്കളേ , പണ്ട്‌ പണ്ടൊരിക്കൽ, ആറാം നൂറ്റാണ്ടിൽ ഇന്നത്തെ ഇറാക്കിൽ ഹീര എന്നൊരു പട്ടണം ഉണ്ടായിരുന്നു, അത്‌ പ്രധാനമായും ക്രിസ്ത്യൻ നഗരമായിരുന്നു. ബാശാദിലെ ഖലീഫ ഈ പട്ടണം പിടിച്ചടക്കുകയും ഒരു മതഭ്രാന്തനായ ഒരു മുസ്ലീം ഗവർണറെ നിയമിക്കുകയും ചെയ്തു, അദ്ദേഹം ഖലീഫയുടെ എല്ലാ നിർദ്ദേശങ്ങളും തീക്ഷ്ണതയോടെ നടപ്പിലാക്കി. ഖലീഫ ക്രൂരനും സ്ത്രീകളോട്‌ മോശമായി പെരുമാറുന്നവനുമായിരുന്നു. നഗരം മുഴുവൻ ദുരിതത്തിലായി, ഹീരയിലെ സ്ത്രീജനങ്ങളുടെ ചാരിത്ര്യവും സുരക്ഷിതത്വവും അപകടത്തിലായിരുന്നു. നിസ്സഹായരും നിർഭാഗ്യരുമായ ആളുകൾ ഈ അഗ്നിപരീക്ഷണത്തെ എങ്ങനെ മറികടക്കും എന്നറിയാതെ ആശയ്ക്കുഴപ്പത്തിലായിരുന്നു.

“അവർ എന്ത്‌ ചെയ്തുവെന്ന്‌ നിങ്ങൾക്കറിയാമോ?” ഞാൻ ചോദിച്ചു. അന്ന വളരെ നിഷ്കളങ്കതയോടെ പറഞ്ഞു; “അവർ പോലീസിന് പരാതി കൊടുത്തോ അമ്മച്ചി?” ഞാൻ പറഞ്ഞു “ഇല്ല കുട്ടിയേ, അന്നത്തെ പോലീസ്‌ ഖലീഫയുടെ അടിമയായിരുന്നു. സാമൂഹിക നീതിയില്ലാത്ത ഒരു കാലമായിരുന്നു അത്‌. ആരും സഹായത്തിനില്ലാത്ത അവർ അവസാനം ‘അമ്മ മേരിയിൽ അഭയം കണ്ടെത്തി. പരിശുദ്ധ അമ്മയുടെ പേരിലുള്ള ഒരു ദേവാലയത്തിൽ വന്ന്‌ സ്ത്രീകൾ പ്രാർത്ഥിക്കാൻ തുടങ്ങി. മദർ മേരിയുടെ മാധ്യസ്ഥ്യം അഭ്യർത്ഥിച്ച്‌ അവിടുത്തെ ഒരു പുണ്യപുരോഹിതൻ 3 ദിവസത്തേക്ക്‌ നോമ്പ്‌ പ്രഖ്യാപിച്ചു. 3-ാം ദിവസം, വിശുദ്ധ കുർബാനയുടെ മധ്യത്തിൽ, മുകളിൽ നിന്ന്‌ ഒരു സ്വർണ്ണ നിറത്തിലുള്ള പ്രകാശകിരണം താഴേക്ക്‌ മിന്നിമറഞ്ഞു, വിശുദ്ധ ദേവാലയത്തെ പ്രകാശിപ്പിക്കുകയും തുടർന്ന്‌ ദേവാലയം മുഴുവൻ വ്യാപിക്കുകയും ചെയ്തു.

പുരോഹിതന്‌ മാതാവ്‌ മേരിയുടെ ദർശനം ഉണ്ടായതായും ‘അമ്മ ഇപ്രകാരം പറയുന്നത്‌ കേട്ടതായും പറയപ്പെടുന്നു, “ഭയപ്പെടേണ്ട; നിങ്ങൾക്ക്‌ സമാധാനം – സന്തോഷിക്കൂ. ഖലീഫ ഇന്ന്‌ ജീവിച്ചിരുന്നില്ല. നിങ്ങളുടെ കഷ്ടതകൾ അവസാനിച്ചു. “പുരോഹിതൻ പിന്നീട്‌ ആളുകൾക്ക്‌ നേരെ തിരിഞ്ഞു, മാതാവിന്റെ സന്ദേശം ഉച്ചരിക്കുമ്പോൾ പുരോഹിതരുടെ മുഖത്തിന്‌ ചുറ്റും ഒരു പ്രഭാവലയം അവർക്ക്‌ കാണാൻ കഴിഞ്ഞു. മുഴുവൻ സമയം കർത്താവിനെ സ്തുതിക്കുകയും അമ്മയുടെ മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക്‌ നന്ദി പറയുകയും ചെയ്തു. അന്ന്‌ തന്നെ ഖലീഫയുടെ പെട്ടെന്നുള്ള മരണത്തിന്റെ വാർത്ത അവരെ തേടിയെത്തി. എങ്ങനെ അയാൾ മരിച്ചെന്നു ആർക്കും അറിയില്ലായിരുന്നു. തുടർന്ന്‌ അവിടുത്തെ സ്ത്രീകൾ 8 ദിവസം, അതായത്‌ ഈ സംഭവത്തിന്റെ സ്മരണയ്ക്കായി സെപ്റ്റംബർ 1 മുതൽ 8 വരെ നോമ്പ്‌ ആചരിക്കാൻ തീരുമാനിച്ചു. തങ്ങളുടെ പവിത്രതയും അന്തസ്സും സംരക്ഷിക്കാൻ ‘അമ്മ മേരി സഹായിച്ചതായി അവർ വിശ്വസിച്ചു. അങ്ങനെയാണ്‌ 8 നോയമ്പ്‌ പേർഷ്യയിൽ ആരംഭിച്ചത്‌.

ഇനി ഈ നോയമ്പ്‌ എങ്ങനെ കേരളത്തിൽ വന്നുവെന്നറിയാമോ?

മൂന്നാം നൂറ്റാണ്ടോടെ വിശുദ്ധനായ ഡേവിഡ്‌ ഇറാക്കിൽ നിന്ന്‌ ഇന്ത്യയിലെത്തി സുവിശേഷം പ്രചരിപ്പിച്ചു. എട്ടാം നൂറ്റാണ്ടിലെ ഇറാഖി കുടിയേറ്റക്കാർ ഈ പാരമ്പര്യം കൂടുതൽ പ്രചരിപ്പിച്ചു. യാക്കോബായ സുറിയാനി പള്ളിയായ മണർകാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രൽ നോമ്പുകാലം വിപുലമായ രീതിയിൽ പുനഃസ്ഥാപിച്ച ആദ്യത്തെ ദേവാലയമായി കരുതപ്പെടുന്നു. 8 ദിവസത്തെ നോമ്പ്‌ ഒരു ജനപ്രിയ പാരമ്പര്യമായ ഏറ്റവും വലിയ പള്ളിയായി ഇത്‌ ഇന്നും തുടരുന്നു. മലബാർ മേഖലയിൽ 8 ദിവസത്തെ നോമ്പ്‌ സ്വീകരിച്ച ആദ്യ ദേവാലയമാണ്‌ മീനങ്ങാടി സെന്റ്‌ മേരീസ്‌ പള്ളി. “അമ്മ മേരിയുടെ നാമത്തിലുള്ള പല പള്ളികളും പിന്നീട്‌ 8 ദിവസത്തെ നോമ്പിനെ അംഗീകരിക്കാൻ തുടങ്ങി.

ഇനി വേറൊരു കഥയും ഉണ്ട്‌. നിങ്ങൾക്ക് കേക്കണോ? “വേണം വേണം അമ്മച്ചി”, കെവിൻ ഉത്സാഹത്തോടെ പറഞ്ഞു. ഒരിക്കൽ ടിപ്പു സുൽത്താൻ കേരളം ആക്രമിച്ചു, നസ്രാണികൾക്കിടയിൽ നാശം വിതച്ചു. കോഴിക്കോടും കണ്ണൂരും പോലെ മലബാറിലെ നസ്രാണികൾ ഒരിക്കലും തിരിച്ചു വരാനാകാതെ നാടുവിട്ടു. സ്ത്രീകൾ ആക്രമിക്കപ്പെട്ടു. അവരുടെ എളിമയും പവിത്രതയും സംരക്ഷിക്കാൻ, ഈ 8 ദിവസം അമ്മമാർ ഉപവസിക്കുകയും മാംസാഹാരം ഒഴിവാക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു, ടിപ്പു സുൽത്താൻ മലബാർ കീഴടക്കി തെക്കോട്ടു പോയികൊണ്ടിരിക്കുകയായിരുന്നു . ഈ സമയം തന്നെ അസ്വാഭാവികമായി പെരിയാറിൽ ഒരു വെള്ളപൊക്കം ഉണ്ടാകുകയും ടിപ്പു സുൽത്താന് പിന്മാറേണ്ടി വരികയും ചെയ്തു. ഇതിന്റെ സ്മരണാർത്ഥം നസ്രാണികൾ എല്ലാ വർഷവും എട്ട്‌നോമ്പിൽ പങ്കെടുക്കുന്നു!

ടിപ്പു സുൽത്താനെ കുറിച്ച്‌ മറ്റു പല പാരമ്പര്യങ്ങളും ഉണ്ട്‌. പാലിപ്പറത്ത്‌ (ചെറായി) 1789ൽ ടിപ്പു സുൽത്താൻ ക്രിസ്ത്യൻ ജനതയെ ആക്രമിക്കാൻ വന്ന ഒരു പാരമ്പര്യമുണ്ട്‌. ഒരിക്കൽ ക്രിസ്ത്യാനികൾ കന്യകാമറിയത്തോട്‌ സംരക്ഷണത്തിനായി പ്രാർത്ഥിച്ചു. മാതാവിന്റെ അത്ഭുതപ്രവർത്തിയാൽ ആ സ്ഥലം മുഴുവൻ കോടമഞ്ഞ്‌ നിറഞ്ഞു. കോടമഞ്ഞ്‌ നിറഞ്ഞ പരിസരം അറബിക്കടൽ ആണെന്ന്‌ വിചാരിച്ച്‌ ടിപ്പുവിന്റെ പടയാളികൾ പിൻതിരിഞ്ഞു എന്നാണ്‌ വിശ്വാസം. അങ്ങനെയാണ്‌ ഈ മാതാവ്‌ മഞ്ഞുമാത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്‌. ഈ ദേവാലയം ഇന്ന്‌ ഒരു ബസിലിക്കയാണ്‌. മഞ്ഞുമാതാവിന്റെ ബസലിക്ക.

കഥ പറഞ്ഞു തീർന്നപ്പോൾ അന്നയും കെവിനും മുട്ടിൽ നിൽക്കുന്നതാണ്‌ ഞാൻ കണ്ടത്‌. മുട്ടിനു വാതത്തിന്റെ ശല്യം ഉണ്ടങ്കിലും അവരുടെ വിശ്വാസം കണ്ടു ഞാനും മുട്ടിൻ മേൽ നിന്നു, അവരോടൊപ്പം ജപമാലയെടുത്തു പ്രാർത്ഥിക്കാൻ തുടങ്ങി; ” അളവില്ലാത്ത സകല നന്മസ്വരൂപനായിരിക്കുന്ന……” ഈ ജപമാല വഴി മാത്രമേ ഇനി നമ്മുടെ പെൺകുട്ടികൾക്ക്‌ രക്ഷയുള്ളൂ. നമുക്ക്‌ പ്രാർത്ഥിക്കാം, പ്രതേകിച്ച്‌ ഈ 8 നോയമ്പിൽ നമ്മുടെ പെൺകുട്ടികളുടെ സംരക്ഷണത്തിനായി! പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കായി!! നിങ്ങളെല്ലാരും 8 നോയമ്പെടുത്തു ഇത്തവണ പീഡനമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ!! പരിശുദ്ധ അമ്മ നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല.

സിൽവി സന്തോഷ്‌
ടെക്സസിലെ കോപ്പൽ സെയിന്റ്‌ അൽഫോൻസാ സീറോമലബാർ ഇടവകയിലെ അംഗമാണ്‌. പീഡിയാഴിക്‌ നഴ്സ്‌ പ്രാഷ്ടീഷനർ ആയി ജോലി ചെയ്യുകയും ലേഖിക ഇടവക ദേവാലയത്തിലെ കുഞ്ഞുങ്ങളെയും മുതിർന്നവരേയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുകയും ചെയ്യുന്നു. ഭർത്താവിനോടും മൂ

About Author

കെയ്‌റോസ് ലേഖകൻ