മുസ്ലിം സമുദായത്തോടൊപ്പം പ്രാർത്ഥിക്കുന്ന വടക്കുംതല പിതാവിന്റെ വീഡിയോ വൈറൽ; യാഥാർഥ്യമെന്തെന്ന് അറിയാം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുസ്ലിം സഹോദരങ്ങളോടൊപ്പം പ്രാർത്ഥിക്കുന്ന കണ്ണൂർ രൂപതാധ്യക്ഷൻ അലക്സ് വടക്കുംതല പിതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു കത്തോലിക്കാ മെത്രാൻ മുസ്ലിം സമുദായത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് തികച്ചും അസാധാരണമാണ്. ഇത് വലിയ ചർച്ചാവിഷയമാവുകയും തെറ്റിദ്ധാരണകൾക്ക് ഇടയാക്കുകയും ചെയ്തു. എന്നാൽ സംഭവത്തെക്കുറിച്ചു വടക്കുംതല പിതാവ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
8 വർഷങ്ങൾക്കു മുൻപ് രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ണൂരിൽ തുടർകഥയായപ്പോൾ സ്നേഹവും സാഹോദര്യവും പുനഃസ്ഥാപിക്കുന്നതിനായി പിതാവ് ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു. അന്ന് ‘ടീം ഫ്രണ്ട്‌സ്’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു കൂട്ടം യുവാക്കൾ രക്തച്ചൊരിച്ചിലിനു പകരം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതേ ‘ടീം ഫ്രണ്ട്‌സ്’ തന്നെ പിന്നീട് ഇഫ്താർ വിരുന്ന് ഒരുക്കുന്നതിനായി ഒരു ഇടം അന്വേഷിച്ചു വടക്കുംതല പിതാവിന്റെ അടുക്കലെത്തിയപ്പോൾ പിതാവ് അവർക്ക് സന്ദർശനമുറി അതിനായി അനുവദിച്ചുകൊടുത്തു. അക്കാലത്തെ കണ്ണൂർ എം.പി ആയിരുന്ന ശ്രീമതി ടീച്ചർ, ഡി.സി.സി പ്രസിഡന്റായിരുന്ന അന്തരിച്ച സതീശൻ പാച്ചേരി തുടങ്ങി പൊതുജനസേവനത്തിലേർപ്പെടുന്ന പലരും ഈ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു.
സന്ദർശനമുറിയിലെ പ്രാർത്ഥനാവേളയിൽ പിതാവും അവരോടൊപ്പം പങ്കെടുത്തു എന്നത് സത്യമാണ്. എന്നാൽ അദ്ദേഹം പ്രാർഥിച്ചത് ഇപ്രകാരമായിരുന്നു: “ഈശോയെ, സമാധാനം ഞങ്ങൾക്ക് തരണമേ, ഞങ്ങളിൽ സാഹോദര്യം എന്നും നിലനിർത്തണമേ….” മനുഷ്യരുടെ ഇടയിലുള്ള സാഹോദര്യവും സ്നേഹവും നിലനിർത്തുക എന്ന ഒരു ലക്ഷ്യം മാത്രമാണ് പിതാവിനുണ്ടായിരുന്നത്. എന്നിരുന്നാലും പ്രാർത്ഥനയുടെ ഭാഗം മാത്രം വീഡിയോയിലൂടെ കണ്ടവർക്ക് സ്വാഭാവികമായും തെറ്റിദ്ധാരണയുണ്ടാകുമെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിതാവ് പറഞ്ഞു.