യോഗ്യത പോരാ, യോജ്യത തന്നെ വേണം!
നമ്മുടെ സുപ്രീം കോടതിയിൽ 2019 മുതൽ ജഡ്ജിയാണ് ബി.ആർ. ഗവായ്. ഭൂഷൺ രാമകൃഷ്ണ ഗവായ് എന്ന് മുഴുവൻ പേര്. മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് ഗവായ്. സീനിയോറിറ്റി പരിഗണിക്കുമ്പോൾ അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകാനും സാധ്യതയുണ്ട്. നീതിബോധത്തിൽ ഭാഷയുടെ അഴകളവുകൾ വിളക്കിച്ചേർത്ത ഒരാളാണ് ജസ്റ്റിസ് ഗവായ് എന്നു പറയാം.
കുറച്ചുനാള്‍ മുന്‍പ് മദ്രാസ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ നിയമനം സംബന്ധിച്ച കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ ജസ്റ്റിസ് ഗവായ് വാക്കുകളുടെ ഉള്ളു പൊളിച്ചു നോക്കുന്നതു കണ്ടു. എലിജിബിലിറ്റിയും സ്യൂറ്റബിലിറ്റിയും ഒന്നല്ല, രണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എലിജിബിലിറ്റി എന്നാല്‍ യോഗൃത. ഓരോ ജോലിക്കും നിശ്ചയിച്ചിരിക്കുന്ന വിദ്യാഭ്യാസ നിലവാരം, ഉന്നത വിജയങ്ങള്‍, പരിപയ സമ്പത്ത് എന്നിത്യാദികളെല്ലാം യോഗ്യതയിൽ വരുന്നു.
സ്യൂറ്റബിലിറ്റിക്കു പറ്റിയ മലയാള പദമുണ്ടെങ്കിലും അതെടുത്തു പ്രയോഗിക്കുന്നവർ വിരളം. യോജ്യത – യോഗ്യമായ അവസ്ഥ എന്നാണ് ശബ്ദതാരാവലി ഈ പദത്തിന് നൽകുന്ന വിശദീകരണം. ഇണക്കം, ചേർച്ച എന്നൊക്കെ ചുരുക്കാം. നിയമനത്തിന് ബിരുദാനന്തര ബിരുദം വേണമെന്ന് പറഞ്ഞാല്‍ യോഗ്യത. ആ യോഗ്യതയുമായി അഭിമുഖത്തിനെത്തുന്നയാൾ നാലു പോക്സോ കേസില്‍ പ്രതിയാണെങ്കില്‍ യോജ്യത പൂജ്യം.
ഭരിക്കുന്നവരോടു ചേര്‍ന്നുനിന്ന് യോഗ്യത പോലും മറികടക്കുന്നവരുള്ള ഇന്നാട്ടില്‍ യോജ്യത ഒഴിവാക്കിയെടുക്കല്‍ വളരെ എളുപ്പം; വളരെ സാധാരണവും. കൊലക്കേസ് പ്രതികള്‍ക്കും അഴിമതിക്കാര്‍ക്കുമൊക്കെ നിയമനവും സ്ഥാനമാനങ്ങളും കിട്ടുന്നത് യോജ്യത വെട്ടി നിരത്തുന്നതു കൊണ്ടാണ്. കൂടിയ യോഗ്യതയ്ക്കുപോലും ഇപ്പോൾ പല മേഖലകളിലും വിലക്കുണ്ട്. ബിരുദാനന്തര ബിരുദധാരി ക്ലാസ് ഫോര്‍ വിഭാഗത്തിലെ ജോലിക്ക് അപേക്ഷിക്കാൻ പാടില്ല. പത്താം ക്ലാസ് യോഗ്യത മാത്രം വേണ്ടിടത്ത് ബിരുദധാരിയെ പരിഗണിക്കില്ല.
ഏറ്റവും അനുയോജ്യനായ വൃക്തി നിയമിക്കപ്പെടുമ്പോഴാണ് ആ നിയമനവും ആ പദവിയും നീതിയുക്തമാകുന്നത്; സാധുകരിക്കപ്പെടുന്നത്. ജീവിതത്തിലും അങ്ങനെ തന്നെയാണെന്നു കാണാന്‍ ബുദ്ധിമുട്ടില്ല. വിവാഹാലോചനയില്‍ യോഗ്യതയെക്കാള്‍ പ്രധാനം യോജ്യതയാണ്. നിഘണ്ടുവിൽ പറയുന്ന ചേര്‍ച്ച; ഇണക്കം. യോജ്യതയില്ലാത്തത് അയോഗ്യതയാകാത്ത കാലമാണ് നമ്മുടേത്. അതിന്റെ ദോഷഫലങ്ങൾ നാം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
[മലയാള മനോരമ ഞായർ പതിപ്പിലെ (11 ആഗസ്റ്റ് ) ഇന്നത്തെ ചിന്താവിഷയത്തിൽ എ രോഹിണി തിരുനാൾ ശ്രദ്ദേയമായ ഒരു നിരീക്ഷണം നമ്മുടെ മുന്നിലേക്ക് വയ്ക്കുന്നു]