നന്ദി ഒരു വിരൽ ആണ്
അന്നൊരു ഞായറാഴ്ചയായിരുന്നു. രാവിലെ 9 മണിക്കാണ് രണ്ടാമത്തെ കുർബാന. വിശുദ്ധ കുർബാനയ്ക്കു ശേഷം വേദപാഠ ക്ലാസ്. അതിനുശേഷം സി. എൽ.സി പ്രാർത്ഥന. വിശുദ്ധ കുർബാനയിൽ, വികാരിയച്ചന് ഇൻസ്‌ട്രുമെന്റ് നിർബന്ധമായിരുന്നു.ഗായക സംഘത്തിന് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടിരുന്ന വികാരിയച്ചൻ കൂടിയായിരുന്നു അദ്ദേഹം. വിശ്വാസികളും അതു പോലെ തന്നെ..
ശനിയാഴ്ച വൈകീട്ടു തന്നെ കീബോർഡ് പ്രാക്ടീസ് ചെയ്യുന്നതിനുള്ള തിരക്കിലായിരുന്നു മകൻ. ശക്തമായ തൊണ്ടവേദനയും പനിയും ഉണ്ടായിരുന്നിട്ടും പിറ്റേദിവസത്തെ കുർബാനയിൽ യാതൊരു പ്രതിസന്ധികളും നേരിടാതിരിക്കാൻ മകൻ ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ, ടോൺസിൽ ഇൻഫെക്ഷൻ വരുന്ന അവസരങ്ങളിൽ വിശ്രമവും ആന്റിബയോട്ടിക്കും ഇല്ലാതെ അതിൽ നിന്ന് മുക്തനാവുക പതിവില്ലായിരുന്നു. വൈകിട്ട് ഡോക്ടറെ കാണാൻ സാധിക്കാതിരുന്നതിനാൽ മരുന്നുകളൊന്നും ഇല്ലാതെ,ശാരീരിക ക്ഷീണം വകവയ്ക്കാതെ പിറ്റേ ദിവസത്തേക്കുള്ള പ്രാക്ടീസ് തുടരുകയും ചെയ്തു.അല്പം ക്ഷീണിതനായി നേരത്തെ കിടന്നുറങ്ങി,പിറ്റേദിവസം അതീവ ക്ഷീണിതനായാണ് മകൻ എഴുന്നേറ്റത്.
രണ്ടാമത്തെ കുർബാനക്ക് വേറെ ആരും കീബോർഡ് വായിക്കാനില്ലാതിരുന്നതിനാൽ, ശാരീരിക അസ്വസ്ഥത കണക്കിലെടുക്കാതെ നേരത്തെ തന്നെ മകൻ പള്ളിയിലേക്ക് പോയി. മുൻകാല അനുഭവം വെച്ച് നോക്കുമ്പോൾ ഇങ്ങനെയുള്ള അവസരങ്ങളിൽ ഒരു പക്ഷേ തലകറങ്ങുകയോ ഒന്നും ചെയ്യാൻ പറ്റാതെ വരികയോ ആണ് പതിവ്.
വളരെ ആഗ്രഹത്തോടെ അതിലേറെ വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. മകന്റെ ശാരീരിക അസ്വസ്ഥത മൂലം വിശുദ്ധ കുർബാനയുടെ അഭിഷേകം ഒട്ടുംതന്നെ നഷ്ടപ്പെടരുതെന്നും പാട്ടു കുർബാനയെ ഏറെ സ്നേഹിക്കുന്ന ഇടവക ജനത്തിനും അതുമൂലം ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ആഗ്രഹിച്ചു. “ഈശോയെ നീ ആ കുഞ്ഞിനെ സുഖപ്പെടുത്തുന്നതിന് ഓർത്തു നന്ദി പറയുന്നു” എന്ന പ്രാർത്ഥന സുകൃതജപം പോലെ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു.
അമ്മ മനസ്സിന്റെ നൊമ്പരം കാണാത്തവൻ അല്ല എന്റെ തമ്പുരാൻ എന്നുള്ള ഉറച്ച ബോധ്യം എനിക്ക് ഉണ്ടായിരുന്നു. വേദപാഠ ക്ലാസും സി. എൽ.സി. പ്രാർത്ഥനയും കഴിഞ്ഞ് വളരെ ഉന്മേഷത്തോടെ തന്നെ തിരിച്ചു വരുന്ന മകനെ കണ്ടപ്പോൾ ഒത്തിരിയധികം സന്തോഷമാണ് തോന്നിയത്. അല്പംപോലും അസ്വസ്ഥത കുർബാനയ്ക്കിടയ്ക്കോ മറ്റ് അവസരങ്ങളിലോ ഉണ്ടായിരുന്നില്ല എന്ന് മകൻ പറഞ്ഞപ്പോൾ മനസ്സിൽ ഈശോയ്ക്ക് ഒരായിരം നന്ദി പറഞ്ഞു.
സൗഖ്യം ലഭിച്ചതിനുശേഷം നന്ദി പറയാൻ ചെന്ന കുഷ്ഠരോഗിയോട് ബാക്കി ഒൻപത് പേർ എവിടെ എന്ന് ചോദിച്ച ഈശോയെയാണ് ആദ്യം എനിക്ക് ഓർമ്മ വന്നത്. നന്ദി പറഞ്ഞു പ്രാർത്ഥിച്ചതിന്റെ അഭിഷേകമാണ് മകന് അന്ന് ലഭിച്ചത്. ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും ഈശോ ഒരുപാട് ഇടപെടുന്നതിനെ ഓർത്ത്, സഹായിക്കുന്നതിനെ ഓർത്ത്, കൂടെ നിൽക്കുന്നതിനെ ഓർത്ത്, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്ന് എനിക്കറിയാം. അന്നത്തെ ആ ഒമ്പതാം ക്ലാസ്സുകാരനിലൂടെ ഈശോ തന്ന തിരിച്ചറിവ് ജീവിതത്തിൽ പല അവസരങ്ങളിലും ഉപയോഗപ്രദമായിട്ടുണ്ട്. സ്വകാര്യമായും ഉറക്കെയും ഉരുവിടുന്ന പ്രാർത്ഥനകൾക്ക് ഈശോ ഉത്തരം തരുന്നു. ദൈവപുത്രനായ ഈശോക്ക് നമ്മുടെ ആവശ്യങ്ങളിൽ ഇടപെടാതിരിക്കാൻ കഴിയില്ല. കാരണം, അവിടുന്ന് സ്നേഹമാണ്, കരുണയാണ്.
അതെ… നന്ദി ഒരു വിരൽ ആണ്. ദൈവത്തെ തൊടാൻ പറ്റുന്ന വിശുദ്ധമായ വിരൽ.
ജിഷ ഷാജി
കെയ്‌റോസ് ന്യൂസ് അംഗം, JY കേരള കിഡ്സ് മിനിസ്ട്രിയുടെ ആനിമേറ്റർ, മാള ഹോളിഗ്രേസ് അക്കാദമി ടീച്ചർ, കരിപ്പാശ്ശേരി സെന്റ്. അഗസ്റ്റിൻസ് ഇടവക വിശ്വാസപരിശീലക. പതിനാറുവർഷത്തോളം സൗദി അറേബ്യയിൽ ആയിരുന്നു. അവിടെ JY, K.C.C.F.K കൂട്ടായ്മ, എന്നിവയിലെ സജീവസാന്നിധ്യമായിരുന്നു. ഭര്‍ത്താവ് – ഷാജി തെക്കൻ, മക്കൾ – ആഗ്നസ് മരിയ, സോളമൻ