അന്താരാഷ്ട്ര അവാർഡുകളുടെ തിളക്കത്തിൽ ജെറി ജേക്കബ് ഫ്രം സലാല
നാം അനുഭവിച്ചറിഞ്ഞ ഈശോയെ മാധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കുക, സമൂഹത്തിൽ ഒരു മാറ്റം വരുത്തുക എന്നെല്ലാമുള്ളത് ഏതൊരു ജീസസ് യൂത്ത് അംഗത്തിന്റെയും വലിയ സ്വപ്നമാണ്. ആ സ്വപ്നത്തിലേക്ക് കൂടുതൽ നടന്നടുക്കുകയാണ് സലാലയിലെ ജീസസ് യൂത്തായ ജെറി ജേക്കബ്.
ഭാര്യ സിബിയും രണ്ടു മക്കളുമടങ്ങുന്ന കൊച്ചുകുടുംബത്തോടൊപ്പം സലാലയിലാണ് ജെറി താമസിക്കുന്നത്. ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ജെറി തന്റെ ജോലിയിൽ നിന്ന് വ്യത്യസ്തമായി സ്വന്തം അഭിരുചിയെ കണ്ടെത്തി കൂട്ടുപിടിച്ചു മുന്നേറുകയാണ്. ഇതിനോടകം ഇരുപതോളം ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചു ജനഹൃദയങ്ങളിൽ ഇടംനേടുകയാണ് ജെറിയെന്ന ഈ ചെറുപ്പക്കാരൻ. ഓരോ ഷോർട്ഫിലിമുകൾക്കും പലരാജ്യങ്ങളിൽ നിന്നും ധാരാളം അവാർഡുകളും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 15 വർഷമായി ജീസസ് യൂത്ത് അംഗമാണ് ജെറി. അന്നുമുതൽ ജീസസ് യൂത്തിന്റെ വിവിധ മേഖലകളിൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നു. ഇപ്പോൾ സലാലാ ജീസസ് യൂത്തിന്റെ ഫാമിലി സ്ട്രീം കോ-ഓർഡിനേറ്ററാണ്.
ഒരുപാട് അന്താരാഷ്ട്ര അവാർഡുകൾ വാരിക്കൂട്ടിയ ജെറിയുടെ കലാസൃഷ്ടികളിൽ ഏറ്റവും ശ്രദ്ധേയമായത് ‘Kintsugi’ എന്ന ഷോർട് ഫിലിമാണ്. അതിനാകട്ടെ ഇപ്പോൾ മ്യാന്മറിലെ ബർമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘Kintsugi’ മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. ആന്തരിക മുറിവുകളിൽ നിന്ന് എങ്ങനെ സൗഖ്യം നേടാം, ഇത്തരം മുറിവുകൾ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നതെല്ലാമാണ് ‘Kintsugi’ പങ്കുവെയ്ക്കുന്ന ആശയങ്ങൾ.
2018ൽ ഇൻഡോ ഒമാൻ ഷോർട് ഫിലിം ഫെസ്റ്റിവലിൽ ‘Soliloquy’ എന്ന ഷോർട് ഫിലിമിന് മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ചതായിരുന്നു ജെറിക്ക് ലഭിച്ച ആദ്യത്തെ അന്താരാഷ്ട്ര അംഗീകാരം. തുടർന്ന് Psyche, Self, Epistrophe, Metanoia, Revive, Name you എന്നീ ഷോർട് ഫിലിമുകളിലൂടെ നിരവധി അവാർഡുകൾക്ക് അർഹനായി.
മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ ക്രൈസ്തവനും, പ്രത്യേകിച്ച് ജീസ്സസ് യൂത്തിന് വലിയ പ്രചോദനമാണ് ജെറിയുടെ ജീവിതത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്കുള്ള ജെറിയുടെ ചുവടുവെയ്പ്പിനെ പ്രതീക്ഷിച്ചിരിക്കുകയാണ് ലോകമെങ്ങുമുള്ള മുഴുവൻ ജീസസ് യൂത്തും. പുരസ്‌കാര നേട്ടത്തിൽ ജെറിക്ക് എല്ലാവിധ അഭിനന്ദങ്ങളും നേരുന്നു.