January 23, 2025
Jesus Youth Stories

ജീസസ് യൂത്തിനെ ദൈവം വിളിച്ചിരിക്കുന്നത് ഇന്നത്തെ ലോകത്ത് ക്രിസ്തു സാന്നിദ്ധ്യമാകാനാണ്

  • August 6, 2024
  • 1 min read
ജീസസ് യൂത്തിനെ ദൈവം വിളിച്ചിരിക്കുന്നത് ഇന്നത്തെ ലോകത്ത് ക്രിസ്തു സാന്നിദ്ധ്യമാകാനാണ്

ജീസസ് യൂത്ത് ഇന്റർനാഷണൽ കോ-ഓർഡിനേറ്ററായിരുന്ന അഡ്വ. റൈജു വർഗീസ് എഴുതിയ കുറിപ്പ്.

വയനാട്ടിലെയും വിലങ്ങാടിലെയും ഉരുൾപൊട്ടലുകൾ ഹൃദയത്തെ വലിയ അളവിൽ നൊമ്പരപ്പെടുത്തുന്നു, പ്രത്യേകിച്ച് വയനാട്ടിലെ 500 ലധികം മരണം വരുത്തിയ അനേകരെ അനാഥരാക്കിയ അനേകരെ മാരക പരുക്കുകളിലൂടെ രോഗികളാക്കിയ അനേകരെ ഭവന രഹിതരാക്കിയ ഈ പ്രകൃതിദുരന്തം എന്നെ വേദനിപ്പിക്കുന്നു. ഈ വാർത്തക്ക് മുൻപിൽ ഞാനും ഒന്നു പകച്ചു പോയി. പക്ഷെ ജീസസ് യൂത്ത് അംഗങ്ങളുടെ പ്രതികരണവും സന്നദ്ധതയും എന്നെ അത്ഭുഭുതപ്പെടുത്തുകയും പ്രത്യേകിച്ച് ഇന്നത്തെ ജീസസ് യൂത്ത് യുവനേതൃത്വത്തിൻ്റെ സന്നദ്ധതയും ധൈര്യവും പ്രതിബദ്ധതയും സമർപ്പണവും എന്നെ അത്ഭുഭുതപ്പെടുത്തുന്നു, ഈ വേദനയുടെ നടുവിലും ഉള്ളിൽ സന്തോഷം നൽകുന്നു. ഇപ്പോഴത്തെ കെ.ജെ.വൈ.സി. നേതൃത്വത്തിന്റെ സമയബന്ധിതമായ ഇടപെടലിനെയും ഇപ്പോഴും തുടരുന്ന സമർപ്പണത്തെയും വയനാട്ടിലെ സാന്നിധ്യത്തെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ അന്നു തന്നെ ജീസസ് യൂത്ത് കേരള കോർഡിനേറ്റർ മാത്യുവിൻ്റെ ആവശ്യപ്രകാരം നാം ഒരു Zoom മീറ്റിംഗ് കൂടുകയും സാഹചര്യം ചർച്ച ചെയ്തതിനെ തുടർന്ന് രാത്രിയിൽ തന്നെ മാനന്തവാടി രൂപത മെത്രാനുമായും വികാരി ജനറാളുമായി ബന്ധപ്പെടുകയും രാത്രിയിൽ തന്നെ പുറപ്പെട്ട് ബുധനാഴ്ച രാവിലെ വയനാട്ടിലെത്തി രൂപതയുടെ ഒരു മീറ്റിംഗിൽ പങ്കെടുത്ത് ജീസസ് യുത്ത് നല്ല അയൽക്കാരൻ മിനിസ്ട്രിയെ പരിചയപ്പെടുത്തുകയും നമ്മുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു. അന്ന് രാത്രി മുതൽ നമ്മുടെ നല്ല അയൽക്കാരൻ ജീസസ് യൂത്ത് വോളൻ്റിയേഴ്സ് വയനാട്ടിലെത്താൻ തുടങ്ങി.

നമ്മൾ WSS (Wayanad social Service sosciety) ൻ്റെ ബാനറിലും നല്ല അയൽക്കാരൻ ബാനറിലുമാണ് പ്രവർത്തിക്കുന്നതെങ്കിലും ഇന്ന് നമ്മൾ അവിടെ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ശുശ്രൂഷകളും നമ്മുടെ ജീസസ് യുത്ത് ലീഡേഴ്സിന്റെയും വോളൻ്റിയേഴ്സിൻ്റെയും പരിശ്രമവും പ്രാർത്ഥനയും വഴിയായി പാതവെട്ടിത്തുറന്ന് കടന്നു ചെന്ന് കണ്ടെത്തിയ മേഖലകളാണ്. രൂപതാ നേതൃത്വത്തിൻ്റെയും WSS ഡയറക്ടർ അച്ചൻ്റെയും പിന്തുണയും ആശീർവ്വാദവും നമുക്ക് ഉണ്ട്.

നമ്മുടെ വോളണ്ടിയേഴ്സിന്റെ പ്രധാന ശുശ്രൂഷ മേഖലകൾ:

  1. മേപ്പാടി ഗവൺമെന്റ് LP School ലെ ക്യാമ്പിലും Hospital Extention ലും നമ്മുടെ വോളണ്ടിയേഴ്സ് കഴിഞ്ഞ അഞ്ച് ദിവസം തുടർച്ചയായി സേവനം ചെയ്യുന്നു. ഇന്ന് (06/08/2024) ആറാം ദിവസമാണ്. ആദ്യ ദിവസത്തെ നമ്മുടെ വോളണ്ടിയേഴ്സിന്റെ സേവനം കണ്ടിട്ട് ക്യാമ്പ് അതികൃതർ കൂടുതൽ വോളണ്ടിയേഴ്സിനെ അവശ്യപ്പെടുകയായിരുന്നു.
  2. മേപ്പാടി സെന്റ് ജോസഫ് സ്കൂൾ ക്യാമ്പിൽ നമ്മുടെ വോളൻ്റിയേഴ്സ് കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി സേവനം ചെയ്യുന്നു. ഇന്ന് അഞ്ചാം ദിനമാണ്. ആദ്യദിനം നമ്മെ ആവശ്യമില്ലെന്ന് പറഞ്ഞ ക്യാമ്പിലേക്ക് പിറ്റേ ദിവസം നമ്മെ സ്വീകരിക്കുകയായിരുന്നു. ആ ക്യാമ്പ് അധികൃതരുടെ ആവശ്യപ്രകാരം അവിടെ ഉണ്ടായിരുന്ന കുട്ടികളെ അവരുടെ ഓർമകളിൽ നിന്നും ഭയത്തിൽ നിന്നും ഒക്കെ ഒന്നു പുറത്തു കൊണ്ടുവരാൻ നമ്മുടെ വോളൻ്റിയേഴ്സ് കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും കളികളും ആനിമേറ്റ് ചെയ്തു. അത് വലിയ ഫലദായകവും ഹൃദയസ്പർശിയുമായ ഒരു പ്രോഗ്രാം ആയി മാറി.
  3. മേപ്പാടി ഗവൺമെന്റ് ആശുപത്രിയിൽ വോളണ്ടിയേഴ്സ് ആയി ജീസസ് യുത്ത് സേവനം ചെയ്യുന്നു. മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്നതിനു സഹായിക്കുക എന്നതായിരുന്നു പ്രധാന ജോലി.
  4. ചൂരൽമലയിലും പുഞ്ചിരിമട്ടത്തും മുണ്ടകൈയിലും രക്ഷാപ്രവർത്തനത്തിൽ നമ്മുടെ വോളണ്ടിയേഴ്സിൻ്റെ സജീവ പങ്കാളിത്തം ഉണ്ടായി. 12 പേരടങ്ങുന്ന Rescue ടീം ആയി മിലിട്ടറി, പോലീസ് അധികൃതരുടെ പരിശോധനക്കും രജിസ്ട്രേഷനും ശേഷം നല്ല അയൽക്കാരൻ വോളൻ്റിയേഴ്സ് യഥാർത്ഥ പ്രശ്ന ബാധിത പ്രദേശത്ത് സജീവമായി. നമ്മുടെ ടീം പ്രവർത്തനത്തിനിറങ്ങിയ ആദ്യ ദിനം തന്നെ ഒരു കുട്ടിയും മൃദദേഹം കണ്ടെത്തുകയും അത് എടുത്ത് പുനർ നടപടികൾക്കായി അധികാരികളെ ഏൽപ്പിക്കുകയും ചെയ്തു. തല ഇല്ലാതിരുന്ന ഈ കുഞ്ഞു ശരീരം കൈകളിൽ വഹിക്കേണ്ടി വന്നതിനെക്കുറിച്ച് ഒരു ജീസസ് യൂത്ത് വോളൻ്റിയർ പങ്കുവക്കുന്നത് നേരിൽ കേൾക്കാനും നമ്മുടെ Rescue ടീമിനോടൊപ്പം ആ പ്രശ്നബാധിത സ്ഥലത്ത് നിന്നുകൊണ്ടുതന്നെ പ്രാർത്ഥിക്കാൻ കഴിഞ്ഞതും എനിക്ക് വലിയ അനുഭവമായി.
  5. കൽപറ്റ ഡി പോൾ സ്കൂളിലെ ക്യാമ്പിലും നമ്മുടെ വോളണ്ടിയേഴ്സ് സജീവമായി പ്രവർത്തിക്കുന്നു. ഈ ക്യാമ്പിൽ രൂപതാ കെ.സി.വൈ.എം. വോളണ്ടിയേഴ്സും നമ്മളും ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഇത്തരം സേവനങ്ങൾ പ്രത്യേകിച്ച് ക്യാമ്പുകളിലെ സേവനങ്ങൾ ഒന്ന് രണ്ട് ആഴ്ചകൾ കൂടി നാം തുടരേണ്ടതായി വരും.

തുടർന്ന് ഇവരുടെ പുനരധിവാസവും അതിജീവനവുമായി ബന്ധപ്പെട്ടുള്ള സഹായങ്ങളാണ് നാം അറിഞ്ഞിടപെടേണ്ട ഒരു മേഖല. രൂപതാ സംവിധാനമായ WSS നോട് ചേർന്നു ഗവൺമെൻ്റ് ഏജൻസികളോട് ചേർന്നും നേരിട്ടും അർഹരായ ആളുകൾക്ക് പുനരധിവാസത്തിനും അതിജീവനത്തിനും നാം സഹായിക്കേണ്ടതുണ്ട് അതിനായി സാധിക്കുന്ന ജീസസ് യൂത്തുകാരുടെ സാമ്പത്തിക സഹായങ്ങൾ അനിവാര്യമാണ്. നമുക്ക് വോളൻ്റിയറായും സാമ്പത്തിക സഹായങ്ങൾ നൽകിയും പ്രാർത്ഥനയിലൂടെയും ഈ നല്ല അയൽക്കാരൻ സംരംഭങ്ങളിൽ പങ്കാളികളാകാം വേദനിക്കുന്ന നമ്മുടെ സഹോദങ്ങൾക്ക് കരുത്ത് പകരാം.

നമ്മുടെ മാത്യുവിന്റെയും ഗിന്നിസിന്റെയും സോളിന്റെയും മാനന്തവാടി നല്ല അയൽക്കാരൻ കോർഡിനേറ്റർ ജോബിയുടെയും സോണൽ കോർഡിനേറ്റർ ബ്രിട്ടോയുടേയും നേതൃപാടവവും സാന്നിദ്ധ്യവും കഠിനാദ്ധ്യാനവും അപാരം തന്നെ.

സോണൽ കോർഡിനേറ്റർമാർ, മിനിസ്ട്രി നേതൃത്വം, മാനന്തവാടി രൂപതയുടെയും ജീസസ് യൂത്തിന്റെയും നേതാക്കൾ, നിത്യ ഉൾപ്പെടെയുള്ള മറ്റ് കെ.ജെ.വൈ.സി. അംഗങ്ങൾ, കൂത്തുപറമ്പ് നിർമലഗിരി കോളേജ് പ്രിൻസിപ്പൾ സെബാസ്റ്റ്യൻ സാർ, റെജി കരോട്ട് ചേട്ടൻ, ഇരിങ്ങാലക്കുട ഡെൻസൺ ചേട്ടൻ, കളമശ്ശേരി സാബു ചേട്ടൻ, മൈസൂർ ഷിബു, ചേർത്തല സുജിമോൻ നിങ്ങളുടെയെല്ലാം സാന്നിദ്ധ്യം ഏവർക്കും വലിയ പ്രചോദനം നൽകുന്നു.

കർണാടക ജീസസ് യുത്ത് കൗൺസിലും സമയബന്ധിതമായി വോളൻ്റിയേഴ്സിനെ അയച്ചതും വലിയ സഹായമായി.

കെ.ജെ. വൈ.സി. ആനിമേറ്റർ സി. അനീഷ SD യുടെ നേത്യത്വത്തിൽ 15 ലേറെ SD സിസ്റ്റേഴ്സ് ക്യാമ്പുകൾ സന്ദർശിച്ച് വ്യക്തികൾക്ക് ആശ്വാസം പകരുന്നതും കാണാനും അവരുടെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതും എനിക്ക് വലിയ അത്ഭുതമായി. ഗവൺമെൻ്റിൻ്റെയും ക്യാമ്പ് അധികാരികളുടെയും വിവിധ വിഭാഗങ്ങളുടെയും നിയന്ത്രണങ്ങളെയും എതിർപ്പുകളെയും അതിജീവിച്ച് ഈ സഹോദരിമാർ ക്യാമ്പുകളിലെത്തി യഥാർത്ഥ അമ്മമാരായി മാറുന്നത് വലിയ പ്രശംസ അർഹിക്കുന്ന കാര്യമാണ്.

അഡ്വ. റൈജു വർഗീസ്

About Author

കെയ്‌റോസ് ലേഖകൻ