January 22, 2025
House Hold

ദൈവമായ കര്‍ത്താവ്‌ തോലുകൊണ്ട്‌ ഉടയാടയുണ്ടക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു (ഉൽപ്പത്തി 2: 21)

  • August 2, 2024
  • 1 min read
ദൈവമായ കര്‍ത്താവ്‌ തോലുകൊണ്ട്‌ ഉടയാടയുണ്ടക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു (ഉൽപ്പത്തി 2: 21)

വിചിന്തനം: ഓഗസ്റ്റ്‌ 2024

ആദിപാപത്തിനുശേഷം ആദവും ഹവ്വയും ആദ്യം ചെയ്തത്‌ ദൈവത്തില്‍നിന്നു മറഞ്ഞിരിക്കാനായി ഒരിടം തേടുകയാണ്‌. പാപം അന്നും ഇന്നും ചെയ്തുപോയതിനെക്കുറിച്ച്‌ നമ്മില്‍ ലജ്ജയുണ്ടാക്കും. ലജ്ജയില്‍ ആണ്ടുപോയ ആദിമാതാപിതാക്കള്‍ ഒളിച്ചിരുന്നു. എന്നാല്‍ ദൈവം അവരെ തേടിയെത്തുകയാണ്‌, അവിടന്ന്‌ എപ്പോഴും ചെയ്യുന്നതുപോലെ.

നാം ചെയ്തുപോയ പാപങ്ങളുടെ ആഴം മനസ്സിലാകുമ്പോള്‍ നമ്മില്‍ കുറ്റബോധവും ലജ്ജയും നിറയും. നാം എല്ലാവരുംതന്നെ ഏതെങ്കിലുമൊക്കെ സമയങ്ങളില്‍ ഇതനുഭവിച്ചിട്ടുണ്ടാകണം. പാപം നമ്മില്‍ ഉണര്‍ത്തുന്ന വല്ലായ്മ സമൂഹത്തിലും ഇതര ബന്ധങ്ങളിലും അസ്വീകാര്യരാണെന്ന തോന്നല്‍ ഉളവാക്കുന്നു. മറ്റുള്ളവരുടെ കണ്ണില്‍ നാം ചെറുതാകുന്ന അനുഭവം. നമ്മുടെ പരാജയങ്ങള്‍, കുടുംബാംഗങ്ങളിലൊരാളുടെ വഴിപിഴയ്ക്കല്‍, ആത്മീയമോ ഭാതികമോ ആയ തീരുമാനങ്ങളിലെ നഷ്ടങ്ങള്‍, ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള കഴിവില്ലായ്മ എന്നിവയെല്ലാം നമ്മില്‍ കുറ്റബോധവും ലജ്ജയും ജനിപ്പിക്കാം. ലൈംഗിക പാപങ്ങളും അവയോടൊപ്പമുണ്ടാകുന്ന തകര്‍ച്ചകളുമാണ്‌ അവയില്‍ ഏറ്റവും അസഹനീയമാകാറുള്ളത്‌. ആത്മാര്‍ഥമായ ഏറ്റുപറച്ചിലിലൂടെയും പശ്ചാത്താപത്തിലൂടെയും കുറ്റബോധം കഴുകിപ്പോകുമ്പോഴും അപമാനഭാരം നമ്മെ വിട്ടുമാറാതെ നില്‍ക്കാറുണ്ട്‌. കുറ്റബോധം നാം ചെയ്ത ഒരു കാര്യത്തെ കുറിച്ചാണെങ്കില്‍ ലജ്ജ നാം ആരാണെന്നതിനെക്കുറിച്ചാണ്‌.

ലജ്ജയെന്ന ആന്തരികഭാവത്തില്‍ തുടരുന്നത്‌ നമ്മുടെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിച്ചേക്കാം. അത്‌ നമ്മെ മറ്റുള്ളവരില്‍നിന്നും ദൈവത്തില്‍നിന്നും നമ്മില്‍ നിന്നുതന്നെയും കൂടുതല്‍ അകറ്റും. അപമാനത്തിന്റെ വിഷമവൃത്തത്തില്‍ നാം അകപ്പെട്ടിരിക്കുകയാണെന്നും അതിനുപുറത്തുകടക്കാന്‍ ഒരുവഴിയുമില്ലെന്നും നമുക്കു തോന്നിപ്പോകും. അപമാനഭാരം പിന്നീട്‌ കുറ്റപ്പെടുത്തലായി രൂപാന്തരപ്പെടും. നമ്മെത്തന്നെയും നമുക്ക്‌ അപമാനം വരുത്തിവച്ചയാളെയും ഇതെല്ലാം അനുവദിച്ചെന്ന പേരില്‍ ദൈവത്തെയും നാം കുറ്റപ്പെടുത്തും. നമുക്ക്‌ നമ്മോടുതന്നെയും മറ്റുള്ളവരോടും ദൈവത്തോടുമുള്ള ബന്ധം ഇതോടെ തകരുകയും ചെയ്യും. പാപംനിറഞ്ഞ ഭൂതകാലത്തെക്കുറിച്ചുള്ള ലജ്ജ ദൈവത്തിലേക്ക്‌ അടുക്കുന്നതില്‍ നിന്ന്‌ നമ്മെ തടയാറുണ്ട്‌. ലജ്ജ മറച്ച്‌ സമുഹത്തില്‍ ജീവിക്കാനായി നാം പല മുഖംമൂടികള്‍ അണിയാനും നിര്‍ബന്ധിതരാകും. നോക്കുക, ലജ്ജ നമ്മുടെ ജീവിതം എത്രത്തോളം ദുസ്സഹമാക്കുന്നു!

അതേസമയം, ലജ്ജാകരമായ അവസ്ഥയില്‍ തുടരാന്‍ അനുവദിക്കാത്ത ഒരു ദൈവമാണ്‌ നമുക്കുള്ളത്‌ എന്നതാണ്‌ നമ്മുടെ ആശ്വാസം. ലജ്ജയില്‍നിന്നു നമ്മെ മോചിപ്പിക്കാന്‍ അവന്‍ സ്വയം ശൂന്യനാക്കി, ദാസന്റ രൂപം സ്വീകരിച്ച്‌, അപമാനീതനായി കുരിശില്‍ മരിച്ചു (ഫിലിപ്പി. 2, 68). അത്തി ഇലകള്‍ ഉപയോഗിച്ച്‌ നാണം മറയ്ക്കാനുള്ള മക്കളുടെ പാഴ്ശ്രമം കാണുന്ന ദൈവപിതാവിന്റെ ഹൃദയം എത്രത്തോളം വേദനിക്കുന്നുണ്ടാകും! ആശയക്കുഴപ്പത്തിലും ഭീതിയിലും ലജ്ജയിലും മുങ്ങി, തങ്ങള്‍ നനഗ്നരാണെന്ന ബോധത്തില്‍ അവര്‍ ഒളിച്ചിരിക്കുന്ന ഇടങ്ങളിലേക്ക്‌ ദൈവം എത്തുകയാണ്‌. തന്റെ സ്നേഹകരങ്ങളാല്‍ അവിടുന്ന്‌ വസ്ത്രമുണ്ടാക്കി അവരെ ധരിപ്പിക്കുന്നു.

വസ്ത്രമുണ്ടാക്കാനുപയോഗിച്ച തോല്‍ ഏതെങ്കിലും മൃഗത്തിന്റേതായിരുന്നോ? അങ്ങനെയെങ്കില്‍ ഒരു പക്ഷെ, രക്തം ആദ്യമായി ഭൂമിയില്‍ വീണത്‌ മനുഷ്യന്റെ നാണം മറയ്ക്കാനാകണം. മനുഷ്യകുലത്തിന്‍റെ നാണം മറയ്ക്കാനായി കാല്‍വരിയില്‍ ദൈവപുത്രന്‍തന്നെ രക്തംചിന്തിയ സംഭവത്തിന്റെ ഒരു മുന്നാവിഷ്കരണം തന്നെയായിരിക്കും ഇത്‌.

മനുഷ്യാവതാരത്തിലൂടെ മനുഷ്യന്റെ ലജ്ജയുടെ അവസ്ഥയുമായി യേശു ആഴത്തില്‍ അനുരൂപനായത്‌ നമ്മുക്ക്‌ കാണാം. അവനു വലിയ കുടുംബമഹിമ അവകാശപ്പെടാനുണ്ടായിരുന്നില്ല. അവന്റെ ജനനസമയത്ത്‌ നല്ലൊരു സ്ഥലം കണ്ടെത്താന്‍ പോലും ജോസഫിനു കഴിഞ്ഞില്ല. പരസ്യജീവിതകാലത്ത്‌ സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള വേശ്യകളോടും ചുങ്കക്കാരോടുമെല്ലാം അവന്‍ സൗഹൃദത്തിലായിരുന്നു. അങ്ങനെ തൊഴുത്തിലെ ജനനം മുതല്‍ കാല്‍വരിയില്‍ വിരൂപനായി, നഗ്നനായി മരിക്കുന്നതുവരെ അവന്‍ അപമാനം സ്വയം ഏറ്റുവാങ്ങി. “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ്‌ അവന്‍” (ഹെബ്ര 4,15). “എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്‌, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി ” (2 കോറി 5, 21).

ജീവിതത്തില്‍ നമുക്ക്‌ വീഴ്ചകളുണ്ടാകാറുണ്ട്‌. അപ്പോഴെല്ലാം സാത്താന്‍ നമ്മില്‍ കുറ്റമാരോപിക്കുകയും നമ്മെ ലജ്ജയിലാഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യും. എങ്ങനെയാണ്‌ അനുദിന ജീവിതത്തില്‍ നാം ഇതിനെ മറികടക്കുന്നത്‌? ഒരുകാരൃത്തെക്കുറിച്ച്‌ ലജ്ജിക്കേണ്ടതില്ല എന്ന്‌ ഒരാളോട്‌ പറയുമ്പോള്‍ പലപ്പോഴും വിപരീതഫലമാണ്‌ ഉണ്ടാവുക. നമ്മിലെ ലജ്ജയെ നാം ആത്മീയതയുടെ കണ്ണിലൂടെ മനസ്സിലാക്കുകയാണ്‌ വേണ്ടത്‌. നമ്മുടെപാപങ്ങള്‍ക്കു പരിഹാരമായി ചിന്തപ്പെട്ട രക്തം നമ്മിലെ കുറ്റബോധം കഴുകിക്കളയുന്നത്‌ കുമ്പസാരത്തില്‍ നാം അനുഭവിക്കുന്നു. നമ്മിലെ ലജ്ജയെ അവന്‍ തന്റെ ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ കുരിശിലേറി ജ്ഞാനസ്നാനത്തിലൂടെ അവന്റെ മരണോത്ഥാനങ്ങളുടെ വിജയത്തില്‍ നാം പങ്കുചേരുന്നു. ക്രിസ്തുവിനോട്‌ ജ്ഞാനസ്നാനത്തിലൂടെ ഒന്നായിത്തീര്‍ന്നവന്‍ ഒരു പുതിയസൃഷ്ടിയാണ്‌. ലജ്ജയില്‍ മൂടിയ പഴയ മനുഷ്യന്‍ കടന്നുപോയി. അതോടൊപ്പം ഒരു ആത്മീയഗുരുവിനോടോ വിശ്വസിക്കാവുന്ന മാറ്റാരോടെങ്കിലുമോ തുറന്നു സംസാരിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഈ തിരിച്ചറിവ്‌ ഉറപ്പിക്കുന്നതിനു സഹായകമാകും.

തങ്ങളുടെ നാണം മറയ്ക്കാന്‍ ദൈവത്തെ അനുവദിച്ച ആദിമാതാപിതാക്കളെപ്പോലെ, യേശുവിന്റെ ബലിയിലൂടെ നേടിയെടുത്ത നീതിയാകുന്ന വസ്ത്രം നമ്മെ ധരിപ്പിക്കാന്‍ നാം ദൈവെത്ത അനുവദിക്കണം. ലജ്ജയല്ല, നമ്മെ നിര്‍വചിക്കേണ്ടത്‌. നീതിയുടെ കുപ്പായത്തിലാണ്‌ നാം നമ്മെത്തന്നെ കാണേണ്ടത്‌. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നതുപോലെ “നാം നമ്മിലെ ദൗര്‍ബല്യങ്ങളുടെയും പരാജയങ്ങളുടെയും ആകെത്തുകയല്ല. മറിച്ച്‌ നമ്മോടുള്ള ദൈവസ്‌നേഹത്തിന്റെയും ക്രിസ്തുവിന്റെ പ്രതിഛായയാകാനുള്ള കഴിവിന്റെയും ആകെത്തുകയാണ്‌.”

ഡോ. അഭീഷ്‌ ആന്റണി

സൈക്കാട്രിസ്റ്റ് ആയി ജോലിചെയ്യുന്ന അബീഷ്‌ ഭാര്യ അനുവിനോടും അഞ്ചു കുട്ടികളോടുമൊപ്പം പെര്‍ത്തില്‍ താമസിക്കുന്നു. ഓസ്‌ട്രേലിയ നാഷണല്‍ ഫോര്‍മേഷന്‍ ടീമിന്റെ കോ-ഓര്‍ഡിനേറ്ററാണ്‌.

About Author

കെയ്‌റോസ് ലേഖകൻ