January 22, 2025
Reflections Stories

ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്‌: ഒരനുഭവം

  • July 29, 2024
  • 1 min read
ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്‌: ഒരനുഭവം

ഒന്നാം ദിവസം: ജൂലൈ 17, 2024

ജൂലൈ മാസം 17ന്‌ ഞങ്ങള്‍ Indianapolisല്‍ എത്തിച്ചേര്‍ന്നു. എല്ലാ സ്ട്രീറ്റുകളും പല തരത്തിലുള്ള വാഹനങ്ങളാല്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നു. പാര്‍ക്കിംഗ്‌ ചെയ്തിട്ട്‌ ഞങ്ങള്‍ ഒരു വലിയ ജനാവലിയോടൊപ്പം Lucas oil stadium ത്തിലേക്ക്‌ നടന്നടുത്തു. ഈശോയെ കാണാനായി വെമ്പിട്ടു ഓടുന്ന ഇത്രയും വലിയ ഒരു ജനാവലിയെ ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ്‌ കാണുന്നത്‌. സാധാരണ സ്റ്റേഡിയത്തിലേക്ക്‌ പോകുമ്പോള്‍ കാണുന്ന ആളുകളില്‍ നിന്നും വ്യത്യസ്തരായ ജനങ്ങള്‍: 1-2 മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ വീല്‍ചെയറില്‍ വന്നിട്ടുള്ള മുതിർന്നവർ വരെ ഈ തിരക്കിലൂടെ നടന്നു നീങ്ങുന്നുണ്ട്‌. എല്ലവരുടെയും ലക്ഷ്യം ഒന്ന്‌ മാത്രം, ഈശോ! പല രൂപതകളിൽ നിന്നും ഗ്രൂപ്പുകളായി ബസുകളില്‍ വന്നിരിക്കുന്നവരെയും കണ്ടു. പലരും ജപമാലയുടെ മണികള്‍ ഉരുട്ടിയാണ്‌ നടക്കുന്നത്‌. ആരും തമ്മില്‍ മത്സരമില്ല, കണ്ടു മുട്ടുന്ന ഓരോരുത്തരുടെയും മുഖത്തു ഈശോയുടെ സ്നേഹം നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.

ഒരു വലിയ കൂട്ടം സംഘാടകർ രജിസ്‌ട്രേഷന്‍ ചെയ്ത്‌ തരാനുണ്ട്‌, പക്ഷെ ജനാവലിയുടെ വലിപ്പം കാരണം അവര്‍ അന്നത്തെ രാത്രിയിലെ രജിസ്ട്രേഷന് അയവു നല്‍കി. ഈ രാജ്യത്തെ സുരക്ഷ കാര്യത്തില്‍ ഒരിക്കലും സംഭവിക്കാറിലാത്ത ഒരു സംഭവം. ഈശോ തന്നെ ഞങ്ങളെ സംരക്ഷിക്കുമെന്ന്‌ ഈ പ്രവൃത്തിയിലൂടെ അവര്‍ ഉറക്കെ പ്രഘോഷിക്കുകയായിരുന്നു! അങ്ങനെ പ്രാഥമിക സെക്യൂരിറ്റി ചെക്ക്‌ കഴിഞ്ഞു ഞങ്ങള്‍ അകത്തെത്തി. 117-ാം വരിയിലാണ്‌ സീറ്റ്‌ കിട്ടിയത്‌. ഞങ്ങള്‍ മൂന്ന്‌ കുട്ടുംബങ്ങള്‍ ഒരുമിച്ചാണ്‌ ഇരുന്നത്‌. ഏകദേശം 6.30 യായി. പ്രോഗ്രാം തുടങ്ങാന്‍ ഇനിയും 30 മിനിറ്റ്‌ ഉണ്ട്‌. ഒരു വലിയ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്ക്‌ ആളുകള്‍ വന്നു നിറയുകയാണ്‌. 80,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം ആണത്രേ !! ഇത്രയും വലിയ കൂട്ടത്തിനിടയില്‍ ഇരിക്കുമ്പോഴും പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു പ്രശാന്തത അനുഭവിക്കാന്‍ സാധിച്ചു.

ഒരു വലിയ പരിപാടി തുടങ്ങുന്നതിന്‌ മുന്‍പേയുള്ള ഔദ്യോഗിക സ്വാഗത പ്രസംഗമൊക്കെ പ്രതീക്ഷിച്ചു ഞങ്ങള്‍ കാത്തിരുന്നു. സമയം 6.59 pm, പെട്ടെന്ന്‌ സ്റ്റേഡിയം ചെറിയ ഇരുട്ടിലേക്ക്‌ വഴുതി മാറി. പിന്നണി സംഗീതതിന്റെ ശബ്ദം പതിയെ പതിയെ ഇല്ലാതായി. സമയം 7 മണി. ഒരു വലിയ സ്‌ക്രീനില്‍ എഴുതി കാണിക്കുന്നു: He Is Here.

ഈശോയുടെ മുഴുവന്‍ ദൈവത്വത്തെയും, മനുഷ്യത്യത്തെയും മുഴുവനായി ഉള്ളിലേക്ക്‌ നിറഞ്ഞ നിമിഷം. ഒരു വ്യക്തിയായി എന്റെ ഹൃദയത്തിലേക്ക്‌ വന്ന നിമിഷം! അപ്പോള്‍ സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലൂടെ ഒരു ചെറിയ പ്രദിക്ഷണം നടന്നടുക്കുന്നു. അവരുടെ കൈയില്‍ ഒരു വിശുദ്ധന്റെ രൂപം ഉണ്ട്‌. അങ്ങനെ നാലു ഗ്രൂപ്പുകള്‍ സ്റ്റേഡിയത്തിന്റെ മെയിന്‍ സ്റ്റേജിലേക്ക്‌ നടന്നടുത്തു. അമേരിക്കയുടെ നാലുഭാഗങ്ങളില്‍ നിന്നും അറുപതോളം ദിവസങ്ങള്‍ ദിവ്യ കാരുണ്യ ഈശോയെ വഹിച്ചു കൊണ്ടുള്ള ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ സമാപനമാണ്‌ (from the four corners) ഇപ്പോള്‍ കൺമുന്‍പില്‍ നടക്കുന്നത്‌. അമേരിക്കയുടെ മുക്കിലും മൂലയിലും ഈശോയെ കൊടുത്തിട്ടാണ്‌ ഈ ഗ്രൂപ്പുകള്‍ കടന്നു വരുന്നത്‌. പല ഭാഷകളിലും, റിത്തുകളിലും വിശുദ്ധ ആരാധന അര്‍പ്പിക്കുന്ന ദേവാലയങ്ങള്‍, Nursing Homes, Homeless Shelters, Lakes Oan ടൗണുകള്‍, എന്നിവയെല്ലാം ഈശോ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ പെടുന്നു.

നാലു സംഘങ്ങളെയും സ്വീകരിച്ചു കഴിഞ്ഞപ്പോഴാണ്‌ ഇന്നത്തെ ഏറ്റവും വലിയ അതിഥിയുടെ ആഗമനം ശ്രദ്ധിച്ചത്‌. ഒരു വലിയ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ അവസാനം, സ്വര്‍ണ്ണ നിറത്തിലുള്ള കാപ്പായിട്ട ഒരു പുരോഹിതന്റെ കൈകളില്‍, ഒരു വലിയ അരുളിക്കയില്‍ നമ്മോടു കൂടെ എപ്പോഴും ആയിരിക്കാനായി, വെറും ഒരു ഗോതമ്പ്‌ അപ്പത്തിന്റെ രൂപത്തില്‍ എഴുന്നള്ളുന്ന ഈശോ! ഈശോ നടന്നടുക്കുന്നത്‌ കണ്ടപ്പോള്‍ സ്റ്റേഡിയം മുഴുവന്‍ പരിപൂര്‍ണ നിശബ്ദതയില്‍ ആയി. ഞങ്ങള്‍ എല്ലാവരും മുട്ടിന്‍ മേല്‍ വീണു! പിന്നെ അവിടെ നടന്നത്‌ ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്ന്‌ വരെ കാണാത്ത ഒരു ദിവ്യകാരുണ്യ ആരാധനയാണ്‌. വചനത്തിലുടെയും, ഗാനങ്ങളിലുടെയും ഒക്കെ ഈശോയെ ആരാധിച്ചു കൊണ്ട്‌ സമയം കടന്നു പോയതറിഞ്ഞില്ല. എന്റെ ഈശോയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നവരുടെ കൂടെയായിരിക്കാന്‍ കഴിയുന്ന ഈ സമയം എത്ര മനോഹരം! “ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു.” (ഹബക്കുക്ക്‌ 1:5) എന്ന്‌ ഹബാക്കൂക്ക്‌ പ്രവാചകന്‍ പറഞ്ഞു വച്ചത്‌ ഈ രാത്രിയെ കുറിച്ചായിരിക്കുമോ?

ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും അമേരിക്കയിലേക്ക്‌ കുടിയേറി പാര്‍ത്ത ഞങ്ങള്‍ക്കൊന്നും സ്വപ്പം കാണാന്‍ കഴിയാത്ത ഒരു സൗഭാഗ്യം. ഈ രാജ്യത്തില്‍ വന്നാല്‍ വിശ്വാസം നഷ്ടപ്പെട്ടു പോയേക്കാം എന്ന്‌ പലരും പറഞ്ഞ്‌ കേട്ട ഭീതിയിലാണ്‌ ഞങ്ങളോരുത്തരും കഴിഞ്ഞിരുന്നത്‌. ആ ഭീതി തകര്‍ന്നുടഞ്ഞു ആ രാത്രിയില്‍! ഒരു റീത്തിന്റെയും, ഒരു ഇടവകയുടെയും ഒക്കെ അഹങ്കാരവും ആയി വന്ന എന്നെ ഭൂമിക്കടിയിലേക്ക്‌ വലിച്ചു കൊണ്ട്‌ പോകുന്ന അത്ര എളിമപ്പെടുത്തുന്ന തലത്തില്‍ ആ രാത്രി എന്റെ ഹൃദയത്തെ മാറ്റി മറച്ചു. വിശ്വാസപ്രമാണത്തില്‍ ഏറ്റു ചൊല്ലുന്ന “ഏകവും, പരിശുദ്ധവും, ശ്ശൈഹീകവും, സാര്‍വത്രികവും ആയ സഭയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന 09-ാം ലേഖനത്തിന്റെ പൂര്‍ണമായ അര്‍ത്ഥം ഇന്നാണ്‌ എന്റെ ഹൃദയത്തില്‍ ആഴപ്പെട്ടത്‌!

തുടരും…

സില്‍വി സന്തോഷ്‌
അമേരിക്കയിലെ ഡാലസിൽ പീഡിയാട്രിക് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്നു

About Author

കെയ്‌റോസ് ലേഖകൻ