January 23, 2025
News

Kairos News Highlights [17 July 2024]

  • July 17, 2024
  • 1 min read
Kairos News Highlights [17 July 2024]

മാർപാപ്പയുടെ ഇന്തോനേഷ്യ സന്ദർശനം: സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം മതസഹിഷ്ണുത വളർത്തുന്നതിനുള്ള അവസരമായി മാറുമെന്ന പ്രതീക്ഷയിലാണ് ഈ രാജ്യത്തെ ക്രൈസ്തവ സമൂഹം. സെപ്റ്റംബർ മൂന്നു മുതൽ ആറ് വരെ ആണ് പാപ്പയുടെ ഇന്തോനേഷ്യ സന്ദർശനം നടക്കുന്നത്. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെയും സഹകരണത്തിൻ്റെയും പ്രതീകമായി ഇസ്തിഖാൽ മസ്ജിദിലെ മതനേതാക്കളുമായി ഉള്ള കൂടിക്കാഴ്ചയും കത്തീഡ്രൽ പള്ളിയിലെ വൈദികരുമായുള്ള കൂടിക്കാഴ്ചകളും പാപ്പയുടെ സന്ദർശന വേളയിൽ നടക്കും. ഇന്തോനേഷ്യക്കാരിൽ 80% ത്തിലധികം സുന്നി മുസ്ലീങ്ങളാണ്. ഏകദേശം 11% മാത്രമാണ് ക്രിസ്ത്യാനികൾ. ക്രിസ്ത്യാനികൾക്ക് പരസ്യമായി ആരാധന നടത്താൻ അനുവാദമുണ്ടെങ്കിലും, അവർ പലപ്പോഴും മുസ്ലീങ്ങളിൽ നിന്നും പ്രാദേശിക ഭരണകൂടങ്ങളിലെ അംഗങ്ങളിൽ നിന്നും പീഡനം നേരിടുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന മുസ്ലിങ്ങൾ കൂടുതൽ കഠിനമായ പീഡനങ്ങൾ നേരിടേണ്ടിവരുന്നു. പലപ്പോഴും അവരുടെ കുടുംബങ്ങൾ അവരെ നിരസിക്കുന്ന സാഹചര്യവും ഇവിടെ നിലനിൽക്കുന്നുണ്ട്.

പാലസ്തീൻ അഭയാർത്ഥികൾക്ക് സഹായഹസ്തവുമായി വത്തിക്കാൻ

പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള സഹായ ഹസ്തവുമായി വത്തിക്കാൻ. പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു. എൻ. റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസിക്ക് വത്തിക്കാൻ തുടർന്നും സംഭാവന ഉറപ്പു നൽകി. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാനിലെ സ്ഥിരം നിരീക്ഷകൻ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയ ന്യൂയോർക്കിൽ, നടന്ന യു. എൻ. ആർ. ഡബ്ലു. എ. യുടെ സമ്മേളനത്തിലാണ് വത്തിക്കാൻ ഈ സാമ്പത്തിക സഹായം ഉറപ്പുനൽകിയത്. ഇപ്പോഴത്തെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ അഞ്ചു ദശലക്ഷത്തിലധികം പാലസ്തീൻ അഭയാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ യു. എൻ. ആർ. ഡബ്ല്യു. എ. യുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പങ്കുവച്ചു. ഒപ്പം സംഘടന അതിന്റെ പ്രവർത്തനത്തിൽ നിഷ്പക്ഷത കാത്തുസൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2024 ഇനി പ്ലേസ്റ്റോറിലും

ലോഗോസ് ക്വിസിന്‌ ഒരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ ഗെയിം ആപ്പിന്റെ മലയാളം പതിപ്പ് അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ക്രിസ്തുദാസും ഇംഗ്ലീഷ് പതിപ്പ് വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേരയും പുറത്തിറക്കി. അതിരൂപത മീഡീയ കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് അധ്യക്ഷം വഹിച്ച പ്രകാശന കർമ്മത്തിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് സെക്രട്ടറി സതീഷ് ജോർജ്ജ് സ്വാഗതവും കോഡിനേറ്റർ ഷാജി ജോർജ്ജ് നന്ദിയും പറഞ്ഞു.

ലോഗോസ് ക്വിസിന്റെ പാഠഭാഗങ്ങൾ വിവിധ റൗണ്ടുകളിലായി ഉൾക്കൊള്ളിച്ച് ഒരു ഗെയിമിന്റെ രൂപത്തിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി ക്രമീകരിച്ചിരിക്കുന്ന ആപ്പ് ലോകം മുഴുവനുമായി നിരവധിപേരാണ്‌ ഓരോ വർഷവും കളിക്കുന്നത്. ഗെയിമിലെ വിജയികളെ 2024 സെപ്തംബറിൽ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനത്തിന്‌ 10000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, രണ്ടാം സ്ഥാനത്തിന്‌ 7500/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, മുന്നാം സ്ഥാനം നേടുന്നവർക്ക് 5000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, 4 മുതൽ 10 വരെ സ്ഥാനകാർക്ക് 1000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ് എന്നിവ മലയാളത്തിനും ഇംഗ്ലീഷിനും ലഭിക്കും.

തിരുസഭയിൽ ദൈവവിളികൾ ഉണ്ടാകുവാൻ വേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാൻസിസ് പാപ്പ

വിവിധ സഭാസമൂഹങ്ങൾക്ക് നൽകിയ കൂടിക്കാഴ്‌ചാവേളയിലാണ്, ഫ്രാന്‍സിസ് പാപ്പ ദൈവവിളിയുടെ പ്രാധാന്യത്തെ എടുത്തു പറയുകയും, ദൈവവവിളികൾ വർദ്ധിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തത്. ക്രിസ്തുവിന്റെ സൗന്ദര്യം ലോകത്തിൽ പ്രകാശിപ്പിക്കുന്നതിനു വേണ്ടി, പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെടുന്ന സന്യസ്തരുടെ ജീവിതത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

ആമുഖത്തിൽ, ഓരോ സഭയിലും ഇപ്പോൾ ഉള്ള ദൈവവിളികളുടെ എണ്ണത്തെപ്പറ്റി ഫ്രാൻസിസ് പാപ്പാ ചോദിച്ചു. ദൈവവിളികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഗണ്യമായ കുറവിനെ പാപ്പ എടുത്തു കാണിച്ചു.

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി. കര്‍ഷകര്‍ക്ക്‌ കൊടുക്കേണ്ട അംഗീകാരം കൊടുക്കാതെ വരുന്നതുകൊണ്ടാണ്‌ പുതിയ തലമുറ വിദേശരാജ്യങ്ങളിലേക്ക്‌ പോകുന്നതതെന്ന്‌ സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ റാഫേല്‍ തട്ടില്‍. ഇന്‍ഫാം ദേശീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ കാര്‍ഷികജില്ലകളലെ 80 വയസിനു മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിക്കുന്നതിനായി കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ്‌ മേരീസ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്‍ഫാം വീര്‍ കിസാന്‍ ഭുമിപുത്ര അവാര്‍ഡ്‌ ദാന ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്‌.

മണ്ണ്‌ ഒരിക്കലും ചതിക്കില്ലെന്നും ചതിക്കുന്നത്‌ അധികാരികളാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ പറഞ്ഞു. സര്‍ക്കാരില്‍നിന്ന്‌ സഹായം ലഭിച്ചിട്ട്‌ കര്‍ഷകര്‍ക്ക്‌ മുന്നോട്ടു പോകാന്‍ സാധിക്കില്ല. ബഫര്‍ സോണ്‍, കാട്ടുമൃഗശല്യം ഒന്നും നമ്മളെ തളര്‍ത്തില്ല. കുടിയേറ്റസമയളില്‍ ഇതിലും വലിയ പ്രശ്‌നങ്ങളെ നേരിട്ടവരാണ്‌ കര്‍ഷകരെന്നും മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ പറഞ്ഞു.

രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്ന്‌ അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ്‌ പുളിക്കല്‍ പറഞ്ഞു. കര്‍ഷകരെ കൂടാതെ ഒരു രാജ്യവും പുരോഗമിക്കുന്നില്ല. പഞ്ചാബിലെ കര്‍ഷകസമരം വിജയിക്കാന്‍ കാരണം കര്‍ഷകര്‍ ഒ്റ്റക്കെട്ടായി നിന്നതുകൊണ്ടാണെന്നും മാര്‍ ജോസ്‌ പുളിക്കല്‍ പറഞ്ഞു. ശത്രുവെന്നോ മിത്രമെന്നോ നോക്കാതെ ലോകത്തിലുള്ള എല്ലാവര്‍ക്കും അന്നം വിളമ്പുന്നത്‌ ഒരു ദൈവവിളിയായി ഏറ്റെടുത്തവരാണ്‌ ഈ കര്‍ഷകരെന്നും വെള്ളിത്തുട്ടുകളുടെ തിളക്കം നോക്കി പരിസ്ഥിതിവാദം പ്രസംഗിക്കുന്ന കപട പരിസ്ഥിതിവാദികള്‍ക്കും ഈ കര്‍ഷകര്‍ സ്നേഹപൂര്‍വം അന്നം വിളമ്പിയെന്ന്‌ ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ്‌ മറ്റമുണ്ടയില്‍ പറഞ്ഞു.

ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ്‌ കാവനാടിയില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ്‌ പൊട്ടയ്ക്കല്‍, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണി പുത്തന്‍പുരയില്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം ജോയി തെങ്ങുംകുടി, സംസ്ഥാന പ്രസിഡന്റ് ജോസ്‌ ഇടപ്പാട്ട, സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ പുളിക്കക്കണ്ടം, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ടോം ചമ്പക്കുളം, സംസ്ഥാന വൈസ്‌ പ്രസിഡന്റ് സ്കറിയ നല്ലാംകുഴി എന്നിവര്‍ പ്രസംഗിച്ചു. ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ്‌ ചെറുകരക്കുന്നേല്‍ സ്വാഗതവും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ്‌ അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ നന്ദിയും പറഞ്ഞു.

യോഗത്തില്‍ ഇന്‍ഫാം സംസ്ഥാന ഡയറക്ടറായി നിയമിക്കപ്പെട്ട ഫാ. ജോര്‍ജ്‌ പൊട്ടയ്ക്കലിനെയും സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി നിയമിക്കപ്പെട്ട ഫാ. ജോസ്‌ മോനിപ്പള്ളിയെയും മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ ആദരിച്ചു. മണ്ണില്‍ പൊന്നുവിളയിച്ച വിവിധ കാര്‍ഷികജില്ലകളില്‍ നിന്നുള്ള 188 കര്‍ഷകരാണ്‌ പൊടിമറ്റത്തു നടന്ന യോഗത്തില്‍ ആദരിക്കപ്പെട്ടത്‌. യാത്ര ചെയ്തു വരാൻ സാധിക്കാത്ത 80 വയസു പിന്നിട്ട മറ്റു കര്‍ഷകരെ താലൂക്കു തലത്തിലും ഗ്രാമതലത്തിലും വീടുകളിലെത്തി ആദരിക്കും. ദേശീയ-സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗങ്ങളും കാര്‍ഷികജില്ല, താലൂക്ക്‌, ഗ്രാമസമിതി എക്സിക്യൂട്ടീവ്‌ അംഗങ്ങളും ഉള്‍പ്പെടെ 1500ല്‍പരം ആളുകള്‍ യോഗത്തില്‍ സംബന്ധിച്ചു.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് കോ​ട്ട​യം അ​തി​രൂ​പ​ത ക​ണ്ണൂ​ർ റീ​ജ​ൺ പ്ര​വ​ർ​ത്ത​നവ​ർ​ഷം ഉ​ദ്ഘാ​ട​നം

കണ്ണൂര്‍: കോട്ടയം അതിരൂപത കണ്ണൂര്‍ റീജിയനില്‍ ചെറുപുഷ്പ മിഷന്‍ ലീഗി ന്റെ 2024-25 പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ബറുമറിയം പാസ്റ്ററൽ സെന്ററില്‍ നടന്ന ചടങ്ങ്‌ കെസിബിസി വൊക്കേഷണല്‍ കമ്മീഷന്‍ സെക്രട്ടറിയും മിഷന്‍ ലീഗ്‌ സംസ്ഥാന ഡയറക്ടറുമായ ഫാ. ഷിബു ഐക്കരക്കാനായിലാണ്‌ ഉദ്ഘാടനം നിര്‍വഹിച്ചത്‌. ചെറുപുഷ്പ മിഷന്‍ ലീഗ്‌ മലബാര്‍ റീജണല്‍ പ്രസിഡന്റ്‌ ബിനീത്‌ വില്‍സന്‍ അടിയായപ്പള്ളിയില്‍ അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ റീജണ്‍ മിഷന്‍ ലീഗിന്റെ 2024-25 പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം മിഷന്‍ ലീഗ്‌ അന്തര്‍ദേശീയ സെക്രട്ടറി ബിനോയ്‌ പള്ളിപ്പറമ്പിലും ആനുകാലിക സംഭവങ്ങളും സഭ നേരിടുന്ന പ്രശ്‌നങ്ങളും സംബന്ധിപ്പിച്ച “അല്‍ഫോണ്‍സ്യ്ക്ക്‌ ഒരു കത്ത്‌” മാഗസിന്‍ പ്രകാശനം നാഷണല്‍ ഓര്‍ഗനൈസര്‍ ബെന്നി മാത്യു മുത്തനാട്ടും നിര്‍വഹിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ രഞ്ജിത്ത്‌ മുതുപ്പാക്കില്‍, സംസ്ഥാന എക്സിക്യൂട്ടീവ്‌ സനില, റീജണ്‍ വൈസ്‌ ഡയറക്ടര്‍ സിസ്റ്റര്‍ തേരേസ എസ്.വി.എം., ജോയിന്റ് സെക്രട്ടറി ജെസീക്ക, അല്‍ഫോണ്‍സ റീജണല്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, സെക്രട്ടറി അലക്സ്‌ കരിമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ്‌ രഞ്ജിത്ത്‌ മുതുപ്ലാക്കില്‍ നേതൃത്വത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗങ്ങളും മിഷന്‍ ലീഗ്‌ സംഘടന ശാക്തീകരണ ക്ലാസ്‌ നടത്തി.

About Author

കെയ്‌റോസ് ലേഖകൻ