January 23, 2025
News

സിഎംസി സിസ്റ്റേഴ്സിന്റെ അക്കാപ്പല്ല വോളിയം-3 തരംഗമാകുന്നു

  • July 15, 2024
  • 1 min read
സിഎംസി സിസ്റ്റേഴ്സിന്റെ അക്കാപ്പല്ല വോളിയം-3 തരംഗമാകുന്നു

തൊടുപുഴ: കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സിലെ സിസ്റ്റേഴ്സ് അവതരിപ്പിച്ച മൂന്നാമത്തെ അക്കാപ്പല്ലയും സാമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ 252 ഓളം ട്രാക്കുകളിലായി വായ, കൈ എന്നിവ ഉപയോഗിച്ചു പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചുള്ള ഗാനമാണ്‌ അക്കാപ്പല്ല. നേരത്തെ പുറത്തിറക്കിയ അക്കാപ്പല്ല വോളിയം-1, വോളിയം-2 എന്നിവയ്ക്ക്‌ വന്‍ സ്വീകാരൃത ലഭിക്കുകയും യൂണിവേഴ്സല്‍ റെക്കോര്‍ഡ്‌ ബുക്കിന്റെ ഗ്ലോബല്‍ അവാര്‍ഡ്‌ കരസ്ഥമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ വോളിയം-മൂന്നും സംഗീതപ്രേമികള്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. തൊടുപുഴ വിമല പബ്ലിക്‌ സ്കൂള്‍ അധ്യാപകനായ സാജോ ജോസഫാണ്‌ ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. സിഎംസി പ്രൊവിന്‍ഷൃല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെറീന, മീഡിയ കൌണ്‍സിലര്‍ സിസ്റ്റര്‍ സീന മരിയ എന്നിവരുടെ നേതൃത്വത്തില്‍ കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സിലെ സിസ്റ്റേഴ്‌സാണ്‌ ഗാനം അവതരിപ്പിച്ചിരിക്കുന്നത്‌.

ദ പ്രീസ്റ്റ്‌ എന്ന മലയാളം സിനിമയിലെ നസറേത്തിന്‍ നാട്ടിലെ എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനമാണ്‌ ഇത്തവണ ഇവര്‍ അക്കാപ്പല്ലയ്ക്കായി ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. സാജോ ജോസഫ്‌, സിസ്റ്റര്‍ ദീപ്തി മരിയ, സിസ്റ്റര്‍ സാഫല്യം, സിസ്റ്റര്‍ തെ രേസ എന്നിവരാണ്‌ കാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്‌. തൊടുപുഴ ഗീതം മീഡിയയിലെ ജിന്റോ ജോണാണ്‌ മിക്സ്‌ ആന്റ്‌ മാസ്റ്ററിംഗ്‌. സംഗീത ഉപകരണങ്ങളില്ലാതെയാണെന്ന്‌ തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാണ്‌ ഈ ഗാനവും ഇവര്‍ അക്കാപ്പല്ല രൂപത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്‌. റിലീസ്‌ ചെയ്ത്‌ ആദ്യ മണിക്കുറിൽ തന്നെ ആയിരക്കണക്കിന്‌ ആസ്വാദകരാണ്‌ ഈ വ്യത്യസ്ത സംഗീത സൃഷ്ടിയെ ഏറ്റെടുത്തത്‌. മികച്ച പ്രതികരണമാണ്‌ അക്കാപ്പല്ല വോളിയം-മൂന്നിനു ലഭിക്കുന്നതെന്ന്‌ സാജോ ജോസഫ്‌ പറഞ്ഞു. സിഎംസി സന്യാസിനി സഭയുടെ ഔദ്യോഗിക യുട്യൂബ്‌ ചാനലായ സിഎംസി വിഷനിലാണ്‌ ഗാനം റിലീസ്‌ ചെയ്തിരിക്കുന്നത്‌.

About Author

കെയ്‌റോസ് ലേഖകൻ