January 23, 2025
News

Kairos News – Highlights [13 July 2024]

  • July 13, 2024
  • 1 min read
Kairos News – Highlights [13 July 2024]

നവീകരിച്ച ഭരണങ്ങാനം അല്‍ഫോന്‍സാ ചാപ്പല്‍ ആശീര്‍വദിച്ചു

പാലാ രൂപതയില്‍ ഏറ്റവും കൂടുതല്‍ പരിശുദ്ധ കുര്‍ബന അര്‍പ്പിക്കപ്പെടുന്ന ദൈവാലയവും ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ കുമ്പസാരമെന്ന പരിശുദ്ധ കൂദാശ സ്വീകരിക്കുന്ന ഇടവുമാണ് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച ചാപ്പലിന്റെയും അള്‍ത്താരയുടെയും ആശീര്‍വാദം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അഭിവന്യ പിതാവ്.

ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നവീകരിച്ച ചാപ്പലിന്റെയും അള്‍ത്താരയുടെയും ആശീര്‍വാദം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. അള്‍ത്താരയുടെ മധ്യത്തില്‍ മാര്‍ത്തോമാ കുരിശും വശങ്ങളിലും മുകളിലും ഐക്കണുകളും സ്ഥാപിച്ചിട്ടുണ്ട്. പൂര്‍ണമായും തടി ഉപയോഗിച്ചാണ് നിര്‍മാണം. ഒട്ടേറെ കൊത്തുപണികളുമുണ്ട്. അള്‍ത്താരയുടെ വശങ്ങളിലെ ഭിത്തികളില്‍ ഈശോയുടെ തിരുപ്പിറവി, ജ്ഞാനസ്നാനം, പുനരുദ്ധാനം, പന്തക്കുസ്താ ദിവസം തീനാവുകളാല്‍ അഭിഷിക്തരായ ശിഷ്യന്മാരുടെ ഐക്കണുകള്‍ എന്നിവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിന് മുകള്‍ഭാഗവും അലങ്കാരപ്പണികള്‍കൊണ്ട് സുന്ദരമാക്കിയിട്ടുണ്ട്. സഭയുടെ ചൈതന്യം അനുസരിച്ചുള്ള നവീകരണമാണ് ദൈവാലയത്തില്‍ നടത്തിയിരിക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

14 അടി ഉയരമുള്ള ക്രൂശിതരൂപവും കബറിടത്തിന് സമീപം ഗ്ലാസില്‍ തീര്‍ത്ത അല്‍ഫോന്‍സാമ്മയുടെ ചിത്രവും പ്രതിഷ്ഠിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സ്വന്തം ഭാഷകളില്‍ കുര്‍ബാനയര്‍പ്പിക്കുന്നതിന് സൈഡ് ചാപ്പലും മൗനപ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി മൂന്നാമത് ഒരു ചാപ്പലും ക്രമീകരിച്ചിട്ടുണ്ട്. അള്‍ത്താരയിലെ ഐക്കണുകള്‍ വരച്ചത് ആര്‍ട്ടിസ്റ്റ് ഫാ. സാബു മന്നടയാണ്. പൗരസ്ത്യ സഭകളുടെ പുരാതന പാരമ്പര്യം അനുസരിച്ചാണ് അള്‍ത്താര രൂപകല്‍പന ചെയ്തിരിക്കുന്നത്.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വകമാറ്റൽ: സർക്കാർ മറുപടി പറയണമെന്ന് കത്തോലിക്കാ കോൺഗ്രസ്

ചങ്ങനാശേരി: വന്യജീവി ആക്രമണം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ തുട ങ്ങിയ വിഷയങ്ങളില്‍ കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍വച്ച റിപ്പോര്‍ട്ട്‌ ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും ഈ റിപ്പോര്‍ട്ടിന്‌ സര്‍ക്കാ B മറുപടിപറയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ്‌ ചങ്ങനാശേരി അതിരൂപത സമിതി.

അതിരൂപത പ്രസിഡന്റ്‌ ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറെവീട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്‌ നടുവിലേഴം, ട്രഷറര്‍ ജോസ്‌ ജോണ്‍ വെങ്ങാന്തറ, ഗ്ലോബല്‍ വൈസ്‌ പ്രസിഡന്റ്‌ രാജേഷ്‌ ജോണ്‍, സെക്രട്ടറി ടോമിച്ചന്‍ അയ്യരുകുളങ്ങര, അതിരൂപത ഭാരവാഹികളായ ഷിജി ജോണ്‍സണ്‍, റോസ്ലിന്‍ കെ. കുരുവിള, ജോര്‍ജുകുട്ടി മുക്കത്ത്‌, ജിനോ ജോസഫ്‌, കുഞ്ഞ്‌ കളപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രോലൈഫ് ഇന്നിന്റെ ആവശ്യം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ജീവസംരക്ഷണ സന്ദേശ യാത്രയ്ക്ക്‌ പാലായില്‍ നല്‍കിയ സ്വീകരണം ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ അവകാശമായ ജീവന്‍, അതില്‍ ഏറ്റവും പ്രധാനമായ മനുഷ്യജീവനെ തൊടാനോ ഹനിക്കാനോ ആര്‍ക്കും അവകാശമില്ലെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. പാലായിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ നൂറു കണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജൂലൈ രണ്ടിന്‌ കാസര്‍ഗോഡുനിന്ന്‌ ആരംഭിച്ച സന്ദേശയാത്ര 18ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും.

ഉച്ചകഴിഞ്ഞ്‌ 2.30ന്‌ പാലാ ളാലം സെന്റ്‌ മേരീസ്‌ ഹൈസ്കൂളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ അധ്യാപകരും കൂട്ടികളും ചേര്‍ന്ന്‌ സ്വീകരണം നല്‍കി. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ വിവിധ സംഘടനകളായ പ്രോലൈഫ്‌, പിത്യവേദി, മാത്യവേദി, നവോമി ഫോറം, യുവജനസംഘടനയായ എസ്‌എംവൈഎം എന്നിവയിലെ പ്രവര്‍ത്തകര്‍ റാലിയായി ബിഷ്പ്സ്‌ ഹൌസിലേക്ക്‌ എത്തി. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ പാലാ രൂപത പ്രോലൈഫ്‌ പ്രസിഡന്റ്‌ മാത്യു എം. കുര്യാക്കോസ്‌, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്‌, പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ്‌ തടത്തില്‍, മോണ്‍. സെബാസ്റ്റ്യൻ വേത്താനത്ത്‌, പാലാ പ്രോലൈഫ്‌ സെക്രട്ടറി ഡോ. ഫെലിക്സ്‌ ജെയിംസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ജീവസംരക്ഷണ സന്ദേശ യാത്രയ്ക്ക്‌ കാഞ്ഞിരപ്പള്ളി രൂപത സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി: കെസിബിസി പ്രൊലൈഫ്‌ സംസ്ഥാന സമിതി നയിക്കുന്ന ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് വെളിച്ചിയാനി സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയില്‍ സ്വീകരണം നല്‍കി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ്‌ പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അമ്മയുടെ ഉദരത്തില്‍ ഉത്ഭവിക്കുന്ന ആദ്യ നിമിഷം തന്നെ ഒരു മനുഷ്യശിശു രൂപപ്പെടുന്നതാണെന്നും ആ ജീവനെ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മാര്‍ ജോസ്‌ പുളിക്കല്‍ ഓര്‍മിപ്പിച്ചു. അബോര്‍ഷന്‍, ദയാവധം, ആത്മഹത്യ, ഇത്തരത്തിലുള്ള ഏതു പ്രവര്‍ത്തിയും ജീവനെ നശിപ്പിക്കുന്നതാണ്‌. ജീവന്റെ സംരക്ഷകരായി തീരുക എന്നത്‌ ഏവരുടെയും കടമയാണ്‌. ഈ യാത്ര കടന്നു പോകേണ്ടതല്ല, മറിച്ച്‌ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തില്‍ ആഴ്ന്നിറങ്ങേണ്ട സന്ദേശയാത്രയാണെന്നും അദ്ദേഹം ഉദ്ഘാടനസന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പൊസ്തലേറ്റ്‌ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, കെസിബിസി പ്രൊലൈഫ്‌ ജനറല്‍ സ്രെകട്ടറി ജയിംസ്‌ ആഴ്ച്ചങ്ങാടന്‍, വെളിച്ചിയാനി ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി, പ്രൊലൈഫ്‌ പ്രസിഡന്റ് ജോസുകുട്ടി മേച്ചേരിതകിടിയേല്‍, സിബിസിഐ ലെയ്റ്റി കൌണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, രൂപത പിതൃവേദി പ്രസിഡന്റ് സാജു ജോസഫ്‌ കൊച്ചുവീട്ടില്‍, മാതൃവേദി വെളിച്ചിയാനി ഫൊറോന പ്രസിഡന്റ് ജോളി പുതിയാപറമ്പില്‍, കെസിബിസി പ്രൊലൈഫ്‌ സമിതി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ജോയിസ്‌ മുക്കുടം ജീവവിസ്മയ മാജിക്‌ അവതരിപ്പിച്ചു. ഫാമിലി അപ്പൊസ്തലേറ്റ്‌ അനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതി മരിയ സിഎസ്‌എന്‍, മാതൃവേദി, പിതൃവേദി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

About Author

കെയ്‌റോസ് ലേഖകൻ