കേരള മാർച്ച് ഫോർ ലൈഫ് പോസ്റ്റർ പ്രകാശനം ചെയ്തു
കൊച്ചി. ഓഗസ്റ്റ് 10 ന് തൃശ്ശൂരിൽ വെച്ച് നടക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി നടക്കുന്ന കേരള മാർച്ച് ഫോർ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റർ പ്രകാശനം കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് ബാവ നിർവഹിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവൻ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പി.ഒ.സി. യിൽ നടന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് ബാവ, കെസിബിസി പ്രൊ ലൈഫ് സമിതി ചെയർമാർ ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി, വൈസ് ചെയർമാൻമാരായ മാർ ജോസ് പുളിക്കൽ, ബിഷപ്പ് യൂഹന്നാൻ മാർ തിയഡോഷ്യസ് ബാവ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപള്ളി, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്‌ളീറ്റസ് കതിർ പറമ്പിൽ,പ്രസിഡന്റ് ജോൺസൻ ചൂരേപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനിമേറ്റർ സാബു ജോസ്, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾപുളിക്കൽ എന്നിവർ പ്രസംഗിച്ചു.
കേരള മാർച്ച് ഫോർ ലൈഫ് ജൂലൈ രണ്ടിന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുനിന്നും ആരംഭിക്കും. 14 ജില്ലകളിലെ 32 രൂപതകളിലൂടെ സഞ്ചരിക്കുന്ന ജീവ സംരക്ഷണ സന്ദേശ യാത്ര മുന്നോറോളം കേന്ദ്രങ്ങളിൽ പ്രൊ ലൈഫ് യോഗങ്ങൾ സംഘടിപ്പിക്കും. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാർച്ച് ഫോർ ലൈഫും നടക്കും. കെസിബിസി പ്രോ ലൈഫ് സമിതി നേതൃത്വം നൽകുന്ന യാത്രയിൽ ആനിമേറ്റർമാരായ സാബു ജോസ്,ജോർജ് എഫ് സേവ്യാർ ,സിസ്റ്റർ മേരി ജോർജ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ജസ്ലിൻ ജോ, ആന്റണി പത്രോസ്, ഡോ. ഫ്രാൻസിസ് ജെ ആറാടൻ, സെമിലി സുനിൽ, യുഗേഷ് പുളിക്കൻ, നോബർട്ട് കക്കാരിയിൽ തുടങ്ങിയവരും സംസാരിക്കും. മജീഷ്യൻ ജോയ്സ് മുക്കുടത്തിൻ്റെ പ്രോലൈഫ് മാജിക് ഷോയും ജീവ സംരക്ഷണത്തിനായുള്ള ഒപ്പുശേഖരണവും ഉണ്ടായിരിക്കും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫിനെ തുടർന്ന് ജീവനെതിരെയുള്ള നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൈമാറുന്നതിനായി അതത് ജില്ലാ കളക്ടർമാർക്കും സമർപ്പിക്കും