ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ വികാരമാണ് അതാതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്ന് കെ.സി.ബി.സി.
കൊച്ചി: ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ വികാരമാണ് അതാതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്ന് കെ.സി.ബി.സി. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ഉയര്‍ത്തിക്കാണിക്കുന്നു. വര്‍ഗീയ ധ്രൂവീകരണങ്ങള്‍ക്കോ വെറുപ്പിന്റെ പ്രബോധനങ്ങള്‍ക്കോ സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാരില്‍ വേര്‍തിരിവുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ഈ രാജ്യം മഹത്തായ സംസ്‌കാരത്തില്‍ എല്ലാവരേയും ചേര്‍ത്തുപിടിക്കുന്ന രാജ്യമാണ്. എല്ലാവരും ഒത്തൊരുമയോടെ ഈ സംസ്‌കാരത്തെ ശക്തിപ്പെടുത്തണം. നാം വളരണം, ഒരു രാജ്യമായി. രാജ്യം ഒരു കാരണവശാലും വിഭജിതമാകരുത് എന്ന ബോധ്യം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉണ്ട് എന്നതും തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും കേരള കത്തോലിക്കാസഭയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. ജനങ്ങളോടുള്ള അവരുടെ ഉത്തരവാദിത്തവും രാഷ്ട്രനിര്‍മ്മാണത്തിലുള്ള ഔത്സുക്യവും പ്രകടമാക്കാനും ഈ അവസരം അവര്‍ പ്രയോജനപ്പെടുത്തണം. ജനങ്ങളുടെ പൊതുവികാരം ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തെ ഒന്നായി കാണാനും വിഭജനത്തിന്റെ എല്ലാ സാധ്യതകളെയും തള്ളിക്കളയാനും രാജ്യസുരക്ഷയ്ക്കും പൗരക്ഷേമത്തിനും വേണ്ടി യത്‌നിക്കാനും ഭരണഘടനയോട് വിധേയത്വം പുലര്‍ത്തുന്നതിനും രൂപീകൃതമാകുന്ന പുതിയ സര്‍ക്കാരിനു കഴിയട്ടെയെന്നും കെ.സി.ബി.സി വര്‍ഷകാല സമ്മേളനത്തിൽ അഭിവന്ദ്യ പിതാക്കന്മാർ ആശംസിച്ചു.