January 22, 2025
Editorial News

ഉണരൂ, തിടുക്കത്തിൽ ഒന്നിച്ചു മുന്നേറാം!

  • April 4, 2024
  • 1 min read
ഉണരൂ, തിടുക്കത്തിൽ ഒന്നിച്ചു മുന്നേറാം!

സഭയുടെ ഏറ്റവും തീക്ഷ്ണമതികളായ സന്താനങ്ങളാണ് യുവജനങ്ങൾ! ജീവിതത്തിൽ കരുത്തും കഴിവും നിറയുന്ന കാലമാണ് യുവത്വം. ഊർജ്ജത്തോടും ഉന്മേഷത്തോടും കൂടി ഉയരങ്ങളിലേക്ക് പറക്കാനാഗ്രഹിക്കുന്ന കാലം! ജീവിതോപാദികൾ കണ്ടെത്താനും ദൈവവിളി തിരിച്ചറിയാനും ശ്രമിക്കുന്ന കാലം! ജീവിതത്തിന്റെ പുതുമകളെ അത്യുത്സാഹത്തോടെ പുൽകുന്ന കാലം! യുവജനങ്ങളില്ലാത്ത സഭയും സമൂഹവും ഒരു തരത്തിൽ നിർജ്ജീവമായിരിക്കുമെന്ന് പറയാതെ വയ്യ!

എന്നാൽ ഇതിനൊരു മറുവശമുണ്ട്. പക്വതയേക്കാളേറെ ആവേശത്തോടെ ജീവിതത്തെ സമീപിക്കുന്നതിനിടയിൽ പാളിച്ചകളും സംഭവിക്കാം! അവയെ കൃത്യമായി അഡ്രസ് ചെയ്തില്ലെങ്കിൽ പിന്നെ ‘അഡ്രസു’ തന്നെയുണ്ടാവില്ല!

സഭയും പൊതുസമൂഹവും ഏറെ ആശങ്കയോടെ കാണുന്ന ഒന്നാണ് വിദേശത്തുള്ള യുവജനങ്ങളുടെ സമീപകാലത്തെ കുടിയേറ്റം. അടിസ്ഥാന വിദ്യാഭ്യാസം നേടി കഴിഞ്ഞാൽ പിന്നെ വിദേശത്തേയ്ക്ക് പറക്കണമെന്നാണ് ആഗ്രഹം. നാട്ടിലെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങൾ അതിന് വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. എന്നിരുന്നാലും യുവജനങ്ങളിൽ ഒരു ആത്മവിശ്വാസക്കുറവ് കാണാൻ കഴിയും. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ ഒരു മുതിർന്ന തലമുറ കാട്ടിയ ആത്മവിശ്വാസം പുതുതലമുറയിൽ അല്പം കുറഞ്ഞുപോയോ എന്ന് തോന്നിപ്പോകും. നവമാധ്യമങ്ങളുടെ ഈ കാലത്ത് അവർ “ഡിജിറ്റൽ നേറ്റീവ്സും”ഒരു ഗ്ലോബൽ കൾച്ചറിൽ ജീവിക്കുന്നവരുമാണ്. അവരെ സംബന്ധിച്ച് രാജ്യങ്ങളുടെ, സംസ്കാരങ്ങളുടെ, ഭാഷയുടെ ഒക്കെ അതിരുകൾ വളരെ നേർത്തതാണ്. ഇതൊക്കെ അവരുടെ കുടിയേറ്റങ്ങളെ ത്വരിതപ്പെടുത്തുന്നു.

അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കുകയാണ് പതിവ്. ഇത് കേരളീയ സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ശൂന്യത നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ യുവജനങ്ങളെ കേരളത്തിൽ തന്നെ പിടിച്ച് നിർത്തണമെങ്കിൽ ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. ആധുനിക കുടിയേറ്റങ്ങൾ വഴി മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെടുന്നു എന്നതല്ല പ്രധാനം. പ്രത്യുത മക്കൾക്ക് കുടുംബം നഷ്ടമാകുന്നു എന്നതാണ്. കുടുംബസംസ്‌കാരം ഒറ്റയാൻ സംസ്‌കാരമായി മാറുന്നു. ഇതാണ് നാടിന്റെ ഭാവിക്ക് ഏറെയും അപകടകരം! സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി മക്കളെ വിദേശത്തേക്ക് അയ്ക്കുമ്പോൾ നഷ്ടമാകുന്നത് കുടുംബത്തിന്റെ വേരാണ്. തന്മൂലം, വിദേശത്തുപോയാലേ കുടുംബം രക്ഷപ്പെടുകയുള്ളൂ എന്ന ധാരണയിൽ സമൂഹം മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. കുടിയേറ്റം എന്ന് പറയുമ്പോൾ മലയാളികളുടെ മനസ്സിൽ ഇപ്പോഴും മലബാർ കുടിയേറ്റവും ഹൈറേഞ്ച് കുടിയേറ്റവും ആണുള്ളത്. പക്ഷേ ഇന്നത്തെ കുടിയേറ്റം വൻ നഗരങ്ങളിലേക്കും സമ്പന്ന രാജ്യങ്ങളിലേക്കുമാണ്. പഴയ കുടിയേറ്റവും ആധുനിക കുടിയേറ്റവും തമ്മിൽ സാരമായ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് പണ്ട് മലബാറിലേക്ക് കുടിയേറ്റക്കാർ കുടുംബമായിട്ടാണ് കുടിയേറിയത്. തന്മൂലം കുടുംബബന്ധങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. വ്യക്തിയിൽ കുടുംബത്തിനുള്ള നിയന്ത്രണവും കുടുംബപ്രാർത്ഥന, ദൈവവിശ്വാസം, അയൽപക്കബന്ധം തുടങ്ങിയവയും അഭംഗുരം തുടർന്നു. എന്നാൽ ഇപ്പോഴത്തെ കുടിയേറ്റം വ്യക്തികളായാണ്. നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഭൂരിപക്ഷം പേരും വ്യക്തികളായാണ് കുടിയേറുന്നത്. പിന്നീട് വർഷങ്ങൾക്ക്‌ശേഷമാണ് പുതിയ സ്ഥലത്ത് അവരൊരു കുടുംബം സ്ഥാപിക്കുന്നത്. ഇതിനിടയിലെ ജീവിതം ഏറെ സങ്കീർണ്ണമാണ്. കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ നിയന്ത്രണവും സംരക്ഷണയുമില്ലാതെ ഒരു വലിയ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥ. ഇവയ്‌ക്കെല്ലാം ഒരു പരിഹാരം കണ്ടെത്തേണ്ടുന്ന കാലം സംജാതമായിരിക്കുന്നു. അതിനായി സഭയും സഭമക്കളും സമൂഹവും സർക്കാരുകളും ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

  • കെയ്‌റോസ് ന്യൂസ് ഈ വിഷയത്തിൽ സമഗ്രമായ ഒരു പരമ്പര ഉടൻ പ്രസിദ്ധീകരിക്കുന്നു. കെയ്‌റോസ് ന്യൂസ് എഡിറ്റോറിയൽ അംഗവും ജീസസ് യൂത്തുമായ ജോബി ബേബി (കുവൈറ്റ്) ആണ് ലേഖനം തയ്യാറാക്കുന്നത്. ഈ വിഷയത്തിൽ നിങ്ങളുടെ വീക്ഷണങ്ങളും നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കാം. അറിയിക്കേണ്ടത്: info@kairosnews.org +91 8281446255
About Author

കെയ്‌റോസ് ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *