കുരിശോടൊന്നിച്ച മാലാഖ : സിനി

പെസഹാ വ്യാഴം വൈകുന്നേരം, വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ ഓർമ്മയാചരണത്തിൽ സഭ പങ്കുചേർന്നപ്പോൾ, ഈ വിശുദ്ധ രഹസ്യത്തോട് ചാരെ നിന്ന ഒരാൾ തന്റെ നിത്യഭവനത്തിലേക്ക് വിളിക്കപ്പെട്ടു.
നാല് വർഷം തുടർന്ന ക്യാൻസർ പോരാട്ടത്തിനിടയിൽ, ഒരു മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിലുമപ്പുറം, 52 കീമോയിലൂടെ കടന്നു പോയി, ആ സഹനങ്ങളെയെല്ലാം പുഞ്ചിരിയോടെ മാത്രം സ്വീകരിച്ച്, ഈശോയോട് ചേർന്നു നിന്ന ഞങ്ങളുടെ പ്രിയപ്പെട്ട സിനി ആന്റി.
വൻകുടൽ, അണ്ഡാശയം, ശ്വാസകോശം, വൃക്കകൾ, ശരീരത്തിൻ്റെ വിവിധ ഭാഗങ്ങൾ ക്യാൻസറിന് കീഴ്പ്പെട്ടപ്പോഴും ഓരോ കീമോതെറാപ്പിക്ക് മുൻപും , പ്രാർഥനാവശ്യം ചോദിക്കുന്നവരുടെ പ്രശ്നപരിഹാരത്തിനുള്ള നിയോഗമായി സമർപ്പിച്ചു. ഓരോ വേദനയും ആന്റി പ്രാർത്ഥനയായി മാറ്റി. കർത്താവിന്റെ തിരുമുമ്പിൽ അത് മധ്യസ്ഥതയായി മാറി.
30 വർഷത്തിലേറെ സിംഗപ്പൂരിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്ത സിനി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. തൻ്റെ തൊഴിലിനെ കരുണയുടെ ദൗത്യമായി കണ്ട ആന്റി രോഗക്കിടക്കയിൽ കഴിയുന്നവർക്ക് പുഞ്ചിരി മാത്രം സമ്മാനിക്കുന്ന ശുശ്രൂഷകയായിരുന്നു.പ്രത്യേകിച്ച് മരണക്കിടക്കയിൽ കഴിയുന്നവരുടെ അന്ത്യാഭിലാഷങ്ങൾ , എത്ര ചെറുതാണെങ്കിലും അത് നടത്തിക്കൊടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥനയോടെ മാത്രം വീട്ടിൽ നിന്ന് ഇറങ്ങിയിരുന്ന ആന്റി ജോലിക്ക് പോകുമ്പോഴും വരുമ്പോഴും ഓരോ യാത്രയിലും പരിശുദ്ധ ജപമാല ചൊല്ലി. വിശുദ്ധ കുർബാനയായിരുന്നു ഏറ്റവും വലിയ ശക്തി. കീമോയുടെ വേദനക്കിടയിലും കുർബാന മുടങ്ങാതെയിരിക്കാൻ പരമാവധി ശ്രദ്ധിച്ചു.
യേശുവിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും ദർശനങ്ങളെക്കുറിച്ച് പലപ്പോഴും കുടുംബങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. വിശുദ്ധ കുർബാന സ്വീകരിക്കുന്ന സമയം പലവട്ടം തിരു ശരീര രക്തങ്ങളുടെ ഭാരം ശരീരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്.
രോഗം വർദ്ധിച്ചപ്പോഴും ചിന്തകൾ തനിക്കുവേണ്ടിയായിരുന്നില്ല. സ്വന്തം സൗഖ്യത്തേക്കാൾ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിച്ചു.
ആമ്പല്ലൂർ തെക്കേപുറത്തുമ്യാലിൽ കുടുംബത്തിൽ ജനിച്ച ആന്റി, പരേതനായ മാത്യുവിന്റെയും ഫിലോമിനയുടേയും പ്രിയപ്പെട്ട മകളായിരുന്നു. സ്നേഹനിധിയായ ഭർത്താവ് ആന്റോ ഐ.കെയോടൊപ്പം പൂവത്തുശ്ശേരിയിലെ ഇരിമ്പൻ വീട്ടിൽ താമസമാക്കി, പിന്നീട് കുടുംബ സമേതം സിംഗപ്പൂരിൽ താമസമാക്കി. മകൻ എബിൻ സിംഗപ്പൂരിൽ പഠനം നടത്തുന്നു.
സഹോദരങ്ങളായ സിന്ധു, ആനി, ബിന്ദു, ജോമോൻ എന്നിവരുമായി ആഴമേറിയ ബന്ധമുണ്ടായിരുന്നു. ജീവിതത്തിൻ്റെ അവസാന നാളുകളിൽ, അവരുടെ പ്രാർത്ഥനാപരമായ പിന്തുണയും, സ്നേഹവും ഒരു വിശുദ്ധ വലയം പോലെ സംരക്ഷിച്ചു.
കുരിശുകൾ സന്തോഷത്തോടെ ചുമന്ന് കൊണ്ട് ഈശോയിലേക്ക് മാത്രം നോക്കികൊണ്ട്, സങ്കടകുന്നുകൾ താണ്ടിയുള്ള വിശുദ്ധമായ തീർത്ഥാടനമായെ ആ ജീവിതത്തെ കാണാൻ കഴിയൂ . 52 കീമോകൾ കഴിഞ്ഞിട്ടും പരിഭവങ്ങൾ ഏതുമില്ലാതെ സഹനങ്ങളെ സ്നേഹിച്ച സിനി ആന്റിയുടെ പേര് ഒരു നാൾ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിനായി പ്രാർഥനയോടെ , പ്രത്യാശയോടെ കാത്തിരിക്കാം.
NB:
മൃതസംസ്കാരം ഏപ്രിൽ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 ന് ഇരിങ്ങാലക്കുട രൂപതയിലെ പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിൽ നടക്കും. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പ്രണാമം
FB: POST നിതിൻ ജോസ്