April 19, 2025
Jesus Youth Kairos Media News

കുരിശിന്റെ തണലിൽ – പുലി വരുന്നേ..

  • April 7, 2025
  • 1 min read
കുരിശിന്റെ തണലിൽ – പുലി വരുന്നേ..

1984 – ൽ ഇറങ്ങിയ ഒരു മലയാളം സിനിമയാണ് ‘ഉയരങ്ങളിൽ’. എം.ടി.യുടെ കഥയും ഐ.വി. ശശിയുടെ സംവിധാനവും. പ്രതിനായകവേഷത്തിൽ മോഹൻലാൽ എത്തിയ ഒരു സിനിമ. മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും നല്ല അഭിനയം എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്, ഇതിലെ പി.കെ. ജയരാജൻ എന്ന വില്ലൻകഥാപാത്രം.

ചതിയും വഞ്ചനയും മാത്രം സ്വന്തമായി ഉള്ള ജയരാജൻ. പണം ഉണ്ടാക്കാൻ കൊലപാതകത്തിനും മുതിരുന്ന ഒരാൾ. ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, അയാളുടെ ഓരോ സംഭാഷണത്തിലും കപടത ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എന്നതാണ്. നിഴലായി നുണയും കള്ളത്തരവും കൊണ്ടുനടക്കുന്ന ഒരാൾ.

നോക്കൂ, നമ്മുടെ കൂടെയുള്ള ചില മനുഷ്യർ നമ്മളെ അത്ഭുതപ്പെടുത്തുകയാണ് – അവരുടെ നുണകൾ കൊണ്ട്..!!കപടതകൾ കൊണ്ട്..!!
ഒരു ആവശ്യവും ഇല്ലെങ്കിലും, വർത്തമാനത്തിലും പെരുമാറ്റത്തിലും നുണ പറഞ്ഞ് ആനന്ദം കണ്ടെത്തുന്നവർ. കേൾക്കുന്നവർക്ക് മനസ്സിലായി എന്നറിയുമ്പോഴും അതിൽ കുറ്റബോധം തോന്നാത്തവർ.

“പുലി വരുന്നേ..” എന്ന് നുണ പറഞ്ഞ് കൂട്ടുകാരെ ഭയപ്പെടുത്തിയിരുന്ന രാമുവിൻ്റെ കഥയും ഓർമ്മ വരുന്നു..

Pathological liar എന്തൊരു വാക്ക് തന്നെ മനശാസ്ത്രത്തിലുണ്ട്. നുണയും കള്ളത്തരവും അലങ്കാരമായി കൊണ്ടുനടക്കുന്ന മനുഷ്യരെക്കുറിച്ചാണ്.
അതൊരു ഗൗരവമായ മാനസികരോഗം ആയി തന്നെയാണ് ഇന്ന് കണക്കാക്കപ്പെടുന്നത്.

കുരിശിൻ്റെ വഴിയിലും, താൽക്കാലികലാഭങ്ങൾക്ക് വേണ്ടി കെട്ടിച്ചമയ്ക്കപ്പെട്ട അനേക നുണകൾ കാണാം. യൂദാസിന്റെ ചുംബനവും, പീലാത്തോസിൻ്റെ കൈകഴുകലും, യേശുവിനെതിരെയുള്ള ആരോപണങ്ങളും, രക്ഷപ്പെടാൻ വേണ്ടി ശിഷ്യന്മാർ നടത്തുന്ന ഡയലോഗുകളും.. എല്ലാം.

  • എൻ്റെ താൽക്കാലിക ലാഭം മറ്റൊരുവന്റെ കണ്ണീരാവുകയാണ്..
  • സത്യമില്ലാത്ത എൻ്റെ ആനന്ദങ്ങൾ മറ്റൊരാളുടെ ചങ്കിൻകൂട് തകർക്കുന്നുണ്ട്..
  • ചിലരുടെ കപടതയിൽ നഷ്ടപ്പെട്ടു പോകുന്ന ജീവനുകൾ, കുടുംബസമാധാനങ്ങൾ..

കപടതയെ ശീലമാക്കിയവർ അവസാനം എന്ത് നേടി എന്നൊരു ചോദ്യം ചോദിച്ചാൽ??

ചങ്ങാതീ, മോഹൻലാലിന്റെ ജയരാജനെപ്പോലെ കുറച്ചുകാലത്തേയ്ക്ക്
സമ്പത്തും വഴിവിട്ട ആനന്ദങ്ങളും ഒക്കെ ഉണ്ടായേക്കും ജീവിതത്തിൽ. പക്ഷേ ഒന്നും നമ്മെ ഒന്നിലേക്കും എത്തിക്കില്ല എന്ന് ഉറപ്പാണ്. ‘ഉയരങ്ങളിൽ’ ജയരാജൻ ആത്മഹത്യ ചെയ്യുകയാണ് അവസാനം എന്നോർക്കുക.

ഇത് നോമ്പുകാലം..
മനസാക്ഷിയോട് ചോദിക്കണം.

  1. നുണ പറച്ചിലിൽ ആനന്ദം കണ്ടെത്തുന്ന ആളാണോ ഞാൻ?
  2. താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടി, കള്ളം പറയാൻ എനിക്ക് പ്രലോഭനങ്ങൾ ഉണ്ടാകുന്നുണ്ടോ?
  3. ഒരു ദിവസം എത്ര തവണ സത്യസന്ധതയില്ലാതെ ഞാൻ പെരുമാറുന്നുണ്ട്??

ഒരാളുടെ മാനസിക വൈകല്യം, പലരുടെയും ജീവിതത്തിന്റെ ഗതിയെ തന്നെ തിരിച്ചു വിടാം എന്നത് എത്ര ഗൗരവമുള്ള ഒരു കാര്യമാണ്.

ദൈവമേ, ദുഷ്ടരും പാപികളും ആയ ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ, ആമ്മേൻ.

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം,

ഫാ. അജോ രാമച്ചനാട്ട്

About Author

കെയ്‌റോസ് ലേഖകൻ