മക്കളിലൂടെ ജീവിക്കുന്ന നമ്മൾ

വളരെ വർഷങ്ങൾക്ക് ശേഷം ഇന്ന്, എന്റെ ഈ നാൽപത്തിയൊമ്പതാം വയസ്സിൽ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, എന്റെ മാതാപിതാക്കൾ അന്ന് പറഞ്ഞതിന്റെയും, ചെയ്തതിന്റെയുമൊക്കെ അർത്ഥം പൂർണമായും എന്റെ മുൻപിൽ തെളിഞ്ഞുവരുന്നു …
അന്ന് ഞാൻ കൊല്ലം ടി കെ എം കോളേജിൽ പഠിക്കുന്നു. എൻജിനീയറിങ് കോളേജിന് സമീപമുള്ള ഇന്റർനാഷണൽ ഹോസ്റ്റലിലാണ് താമസം. ഡെബോനൈർ മാഗസിനും, പാതിരാവരെ നീളുന്ന ചീട്ടുകളിയും, പ്രണയവും, റോക്ക് മ്യൂസിക്കും, ക്ലാസ്സ് കട്ട് ചെയ്തുള്ള ന്യൂൺ ഷോ സിനിമകളും, രാത്രിയിലെ മോട്ടർസൈക്കിൾ റൈഡുകളും നിറഞ്ഞുനിന്നിരുന്ന തൊണ്ണൂറുകളിലെ തീക്ഷണ കൗമാരം….
( ഡെന്നിസ് അറയ്ക്കൽ © എഴുതുന്നു….)
“നീ വെള്ളിയാഴ്ച വൈകിട്ട് വരുമോ?”, എന്ന് അമ്മ ഫോൺ വിളിച്ച് ചോദിക്കുമ്പോൾ, “തിങ്കളാഴ്ച ഇന്റെർണൽ എക്സാം ഉണ്ട്, പേപ്പർ പ്രസന്റേഷൻ ഉണ്ട്, ഇന്റർനാഷണൽ ഫിനാൻസിന്റെ കമ്പൈൻഡ് സ്റ്റഡി ഉണ്ട്”, എന്നൊക്കെ നുണകൾ പറഞ്ഞ്, ഹോസ്റ്റൽ ജീവിതത്തിലെ രസങ്ങളിൽ മുഴുകി വീട്ടിലേക്കുള്ള യാത്ര പലപ്പോഴും ഒഴിവാക്കിയിരുന്ന ഞാൻ…
എന്നാൽ പക്ഷെ ചില ആഴ്ചകളിൽ, ഒരു ചൊവ്വാഴ്ച വൈകുന്നേരമോ, വ്യാഴാഴ്ച ഉച്ചതിരിഞ്ഞോ വീട്ടിലേക്ക് ഞാൻ മുന്നേ വിളിച്ചു പറയാതെ അപ്രതീക്ഷിതമായി ചെന്ന് കേറുമ്പോൾ, എന്നെ കണ്ട് ആ നാല് കണ്ണുകൾ തിളങ്ങും….
പെട്ടെന്ന് സ്വീകരണ മുറിയിലേക്ക് കയറിവരുന്ന എന്നെ കണ്ട് അമ്മ സ്നേഹത്തോടെ അടുത്ത് വന്ന് എന്റെ കൈകൾ പിടിച്ച് എന്റെ കണ്ണിലേക്ക് നോക്കി പുഞ്ചിരിക്കും. ഉടുത്തിരിക്കുന്ന കൈലി മുണ്ട് ഒരു കാര്യവും ഇല്ലാതെ ഒന്നുംകൂടി ഊരിയുടുത്ത്, എന്റെ അച്ഛൻ അമ്മയ്ക്ക് പിന്നിലായി വന്നു ചിരിച്ചുകൊണ്ട് എന്നെ നോക്കി നിൽക്കും…
“നിനക്ക് ഇന്ന് രാത്രി ഇവിടെ കിടന്നുറങ്ങി, നാളെ രാവിലെ പോയാൽ മതിയല്ലോ അല്ലേ മോനേ?” എന്ന് അച്ഛൻ ചോദിക്കും…
ഒരു പത്തുമിനിറ്റ് ഇങ്ങനെ സംസാരിച്ചതിനു ശേഷം ഞാൻ നേരെ അടുക്കളയിലേക്ക് കയറി ചെല്ലും. അവിടെ ഇരിക്കുന്ന പാത്രങ്ങൾ എല്ലാം തുറന്നു നോക്കും. വീട്ടിലെ ഏറ്റവും ചെറിയ മൺചട്ടിയുടെയും കലത്തിന്റെയും അടിയിലായി കുറച്ചു രസമോ, വാഴക്കാമെഴുക്കുപുരട്ടിയോ, ചീരത്തോരനോ കാണുമ്പോൾ എനിക്ക് ദേഷ്യം വരും…
“ഇതെന്താ ഇവിടെ വായിക്കു രുചിയുള്ളതൊന്നും ആരും വയ്ക്കാത്തേ?” എന്ന് ഞാൻ പകുതി പരിഭവത്തോടുകൂടിയും പകുതി ദേഷ്യത്തോടെ കൂടിയും അമ്മയോട് ചോദിക്കും…
“എടാ മോനെ നിന്റെ അച്ഛനും എനിക്കും വേണ്ടി മാത്രം ഇവിടെ എന്തുണ്ടാക്കാനാണ്?” അമ്മ ചെറിയ പരിഭവ ശബ്ദത്തിൽ പറയും. “നീ ഇവിടെ ഇല്ലെങ്കിൽ, ഞങ്ങൾക്ക് എന്തെങ്കിലുമൊക്കെ കഴിച്ചാൽ മതി. കുറച്ചുകൂടെ കഴിഞ്ഞാൽ ഫിലോമിന ചേച്ചി മീൻ കൊണ്ടുവരും. പറമ്പിൽ നിന്നും മാന്തിയെടുത്ത കാച്ചിൽ ഉണ്ട്, അതു പുഴുങ്ങി നല്ല എരിവുള്ള മീൻ കറി വയ്ക്കാം. ഫ്രിഡ്ജിൽ ചിക്കനും പച്ചക്കറിയും ഒക്കെ ഇരിപ്പുണ്ട്. നാളെ വേണേൽ രാവിലെ അപ്പവും സ്റ്റൂവും വയ്ക്കാം”
രാവിലെ വീട്ടിൽ നേരത്തെ എണീക്കുന്നത് എന്റെ അച്ഛനാണ്. വർഷങ്ങളായി ചായ ഉണ്ടാക്കുന്നതും അദ്ദേഹമാണ്. എനിക്ക് ഏഴുമണിയോട് അടുപ്പിച്ച് ആലപ്പുഴ നിന്ന് കൊല്ലത്തേക്ക് ട്രെയിൻ കയറേണ്ടതുള്ളതുകൊണ്ട്, അന്ന് ഏകദേശം ഒരു നാലു മണിയാകുമ്പോൾ ചായയുമായി എന്നെ വന്ന് വിളിക്കും…
സിറ്റൗട്ടിലെ പടിയിലിരുന്ന് കൊണ്ട് പുറത്തേക്ക് നോക്കി ചായ കുടിച്ചു കൊണ്ടിരിക്കുന്ന എന്റെ അടുത്ത് അപ്പോൾ അച്ഛൻ വന്നിരിക്കും. ” എടാ! നീ എന്നോട് കൂടെ ഇവിടെ കുറച്ചുനേരം ഇരുന്നേ, എന്നിട്ട് പറ. കോളേജിലും കൊല്ലത്തും എന്തൊക്കെയുണ്ട് വിശേഷം? ” അച്ഛൻ ചോദിക്കും.
അങ്ങനെ കുറച്ചുനേരം വീടിന്റെ പടിയിലിരുന്ന് കൊണ്ട് ഞങ്ങൾ രണ്ടുപേരും ലോക വർത്തമാനം പറയും. അപ്പോഴേക്കും ഞാൻ കുളിച്ചു വൃത്തിയായി വരാൻ അമ്മ ധൃറുതി കൂട്ടും.
ഒരു ഏകദേശം ആറേകാൽ ആകുമ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കും. എത്ര നിർബന്ധിച്ചാലും വേണ്ടെന്നു പറഞ്ഞാലും അന്ന് ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം, ഇനി ഒരിക്കലും ഞാൻ വീട്ടിൽ തിരിച്ചു കൊണ്ട് ചെല്ലില്ല എന്ന് അറിഞ്ഞിട്ടുകൂടി, ഏതെങ്കിലും സ്റ്റീലിന്റെ അടപ്പ് പാത്രത്തിൽ അമ്മ തന്നു വിടും…
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, ” നീ അടുത്താഴ്ച വരുമോ മോനെ? ” എന്ന് ചോദിക്കും. തിളങ്ങുന്ന കണ്ണുകളോടു കൂടി എന്നെ നോക്കിക്കൊണ്ട് അച്ഛൻ ഉടുത്തിരിക്കുന്ന ലുങ്കി ഒന്നുകൂടി അഴിച്ചു കുത്തും…
ഇന്നിപ്പോൾ, പ്രായം എനിക്ക് അമ്പതിനോട് അടുക്കുമ്പോൾ, മക്കൾ വീട്ടിൽ ഇല്ലാത്തപ്പോൾ എന്ത് കൊണ്ട് മാതാപിതാക്കൾ എന്തെങ്കിലുമൊക്കെ കറിവെച്ച് കഴിഞ്ഞു കൂടുന്നു എന്ന് എനിക്ക് മനസ്സിലാകുന്നു….
“എടാ മോനെ, കുറച്ചുനേരം നീ ഇവിടെ ഇരുന്ന് കോളേജിൽ എന്തൊക്കെയുണ്ട് വിശേഷം എന്നു എന്നോട് പറഞ്ഞേ!”, എന്ന വാചകത്തിന്റെ ആഴം മനസ്സിലാക്കുന്നു…
ഈയിടെയായി കണ്ണാടിയിൽ നോക്കുമ്പോൾ, ഞാനെന്റെ പ്രതിബിംബത്തിൽ “കുറച്ചു” കൂടുതൽ എന്റെ അച്ഛനെ കാണുന്നപോലെ…
മാതാപിതാക്കൾ നമ്മളിലൂടെ ജീവിച്ചതുപോലെ നമ്മൾ നമ്മുടെ മക്കളിലൂടെ ജീവിക്കുന്നു…
Life flows in circles, where every ending is a new beginning and every new beginning carries the echoes of what came before…
ഞാനിത് എഴുതി പോസ്റ്റ് ചെയ്യുമ്പോഴേക്കും ഇവിടുത്തെ കോളിംഗ് ബെൽ അടിക്കുമായിരിക്കും…
“വിശക്കുന്നു അച്ഛാ!”, എന്നു പറഞ്ഞുകൊണ്ട് ഉടനെ ഒരു പതിനഞ്ചുകാരി വീട്ടിലേക്ക് കയറിവന്ന് നേരെ അടുക്കളയിൽ കയറി, അടച്ചുവച്ചിരിക്കുന്ന പാത്രവും ചട്ടിയും തുറന്നു നോക്കും…
ഇത് ഇങ്ങനെ തുടർന്നുപോകും.. ഇല്ലേ?
So be it.
FB: POST – Denis Arackal