May 12, 2025
Church Jesus Youth Kairos Media

കുരിശിൻ്റെ തണലിൽ – ലാസർ

  • April 2, 2025
  • 1 min read
കുരിശിൻ്റെ തണലിൽ – ലാസർ

കുരിശിന്റെ വഴിയിൽ ലാസറിന്റെ റോളെന്താണ്? വ്യക്തമായ റോളുണ്ട്, എന്താണെന്നോ? ലാസറിന്റെ ഉയിർപ്പാണ് യേശുവിന്റെ മരണത്തിലേക്ക് നയിച്ച immediate reason. അവനെ തീർത്തിട്ടേയുള്ളൂ എന്ന് ഫരിസേയരും പ്രമാണികളും ഉറപ്പിക്കുന്നത് ഈ സംഭവത്തോടെയാണ്.

പ്രസംഗിച്ച് നടന്നതോ, വെള്ളം വീഞ്ഞാക്കിയതോ, രോഗശാന്തി കൊടുത്തതോ, അപ്പം വർധിപ്പിച്ചതോ ഒക്കെ അവരങ്ങു ക്ഷമിച്ചു – ചെറിയ ചെറിയ ഇഷ്ടക്കേടുകൾ ഉണ്ടായിരുന്നെങ്കിലും.
പക്ഷേ, മരിച്ചവന്‌ ജീവൻ കൊടുത്തത് അങ്ങനെ വിടാനാവില്ല, കാരണം ഇനി ജനം മുഴുവൻ അവന്റെ പിറകെ പോകും..
അവനെ രാജാവാക്കണമെന്ന് അവർ മുറവിളി കൂട്ടും..
അത് വിപ്ലവത്തിലേയ്ക്ക്‌ നയിക്കും..
തങ്ങളുടെ അധികാരം, പ്രതാപം, സ്ഥാനമാനങ്ങൾ ഒക്കെ നഷ്ടപ്പെടും..
അതുകൊണ്ട് ഇതിവിടെ അവസാനിപ്പിക്കുന്നതാണ് ബുദ്ധി. അങ്ങനെ ഗൂഡാലോചന ശക്തമാകുകയാണ്..

സുഹൃത്തേ, എല്ലാ ഗൂഡാലോചനകളുടെയും പിന്നിൽ ഇതൊക്കെ തന്നെയാണെന്ന് തോന്നുന്നു.

  • എന്റെ / ഞങ്ങളുടെ നിലനില്പിന് ഭീഷണി യാകുന്നവനെ എങ്ങനെയും ഒതുക്കുക..
  • പറ്റുമെങ്കിൽ തീർക്കുക..!
  • അല്ലെങ്കിൽ, ഇനി എണീക്കില്ല എന്ന് ഉറപ്പാകുംവരെ ചവിട്ടുക..!
    അധികാരം ഒരു ഹരമാണ് സുഹൃത്തേ.
    വീണ്ടും വീണ്ടും കൊതിപ്പിക്കുന്ന ലഹരി.

ഈ ഭൂമിയിൽ ജീവന്റെ ഉത്സവം തീർത്തവരൊക്കെ കുരിശ് ചുമന്നിട്ടുണ്ട്.. കുരിശേറിയിട്ടുണ്ട്..
അവരുടെ കണ്ണീര് ഈ ഭൂമിയുടെ മാറ് പിളർത്തിയിട്ടുണ്ട്..!

പള്ളിയിലും കുരിശുമലയിലും മാത്രം പോരാ, ഒരു കുരിശിന്റെ വഴി വീടിന്റെ അകത്തളങ്ങളിൽ ഇരുന്ന് ചൊല്ലിത്തീർക്കണം. ക്രൂശിക്കപ്പെടുന്നവർക്കായി ഹൃദയപൂർവം പ്രാർത്ഥിക്കണം.
വീടിനുവേണ്ടിയോ,
നാടിനുവേണ്ടിയോ,
ഇടവകയ്ക്കുവേണ്ടിയോ,
പ്രിയപ്പെട്ടവർക്കുവേണ്ടിയോ ഒക്കെ
കുരിശേറിയവരുണ്ട്..
തകർക്കപ്പെട്ടവരുണ്ട്.

ആ നൻമമരങ്ങളുടെ തണലുപറ്റി നടന്ന, വീണ്ടും ജീവിതം Restart ചെയ്ത നമ്മൾ ലാസർമാരും. ശരിയല്ലേ?
ലാസറിനോട്, ഒന്നും മറക്കരുതെന്ന് ക്രിസ്തു.
അതെ, ഒന്നും മറക്കാനാവില്ലല്ലോ !
ചങ്ങാതീ, നോമ്പുകാലത്ത് ഓർമിച്ചെടുക്കാനുണ്ട്, പലതും !
കൃപ നിറഞ്ഞ നോമ്പുകാലം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്

About Author

കെയ്‌റോസ് ലേഖകൻ