April 20, 2025
Church Jesus Youth Kairos Media News

Adolescence: അപ്‌ഡേറ്റഡ് കൗമാരം! ഔട്ട്‌ഡേറ്റഡ് കാര്‍ന്നോന്മാര്‍

  • March 27, 2025
  • 1 min read
Adolescence: അപ്‌ഡേറ്റഡ് കൗമാരം! ഔട്ട്‌ഡേറ്റഡ് കാര്‍ന്നോന്മാര്‍

ഒരു പതിമൂന്നു വയസ്സുകാരന്‍ പയ്യന്‍, തന്റെ സഹപാഠിയും സമപ്രായക്കാരിയുമായ ഒരു പെണ്‍കുട്ടിയെ തെരുവിലിട്ട് കുത്തിക്കൊന്ന കേസിന്റെ ചുവടുപിടിച്ചാണ് adolescence എന്ന വെബ് സീരീസ് ആരംഭിക്കുന്നത്. കൊച്ചിയിലും കളമശ്ശേരിയിലും മലപ്പുറത്തും മലബാറും കേരളത്തിന്റെ മുക്കിലും മൂലയിലും കത്തിയേന്തിയും ചോരവാര്‍ന്നും നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണേണ്ടി വരുന്ന ഗതികെട്ട ഈ കാലഘട്ടത്തില്‍ കൗമാരക്കാരുടെ അക്രമ ങ്ങളുടെ വേര് തേടുന്ന ക്ലാസിക് ദൃശ്യാനുഭവമായതിനാലാണ്
ഈ സീരീസ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. കൊലപാതകം നടന്ന തിന്റെ തലേദിവസങ്ങളില്‍, കുറ്റവാളിയെന്നാരോപിക്കപ്പെടുന്ന പയ്യനും, കൊലചെയ്യപ്പെട്ടവളും, അവരുടെ കൂടെ പഠിക്കുന്നവരും പരസ്പരം നടത്തിയിട്ടുള്ള ഇന്‍സ്റ്റാഗ്രാം ചാറ്റ്‌ബോക്‌സിലെ സംഭാഷണങ്ങള്‍ കേന്ദ്രീകരിച്ചാണ് ലൂക്ക് എന്ന പൊലീസ് ഓഫീസര്‍ സ്‌കൂളിലെത്തി അധ്യാപകരെയും കുട്ടികളെയുമൊക്കെ ചോദ്യം ചെയ്യുന്നത്. അന്വേഷണം ഒരു തരത്തിലും മുന്നോട്ടു പോകാത്തതിന്റെ ടെന്‍ഷനില്‍ നില്‍ക്കുമ്പോഴാണ് അതേ സ്‌കൂളില്‍ പഠി ക്കുന്ന പൊലീസ് ഓഫീസറുടെ മകന്‍ കുറച്ചുകാര്യങ്ങള്‍ അപ്പനോട് തുറന്നു പറയുന്നത്.
പ്രായം കൊണ്ടും അനുഭവം കൊണ്ടും ഉദ്യോഗത്തിന്റെ ഭാഗമായി ലഭിച്ച ട്രെയിനിങ് കൊണ്ടും മകനെക്കാളും മകന്റെ പ്രായത്തിലുള്ളവരെക്കാളും കേമനാണെന്ന് സ്വയം കരുതുന്ന ആ ഓഫീസറും അയാള്‍ പ്രതിനിധാനം ചെയ്യുന്ന എല്ലാ കാരണവന്മാരെയും നോക്കിക്കൊണ്ട് ടീനേജറായ ആ കഥാപാത്രം പറയുന്നതിങ്ങനെയാണ്, ”നിങ്ങള്‍ക്കൊരു തേങ്ങയും മനസ്സിലാകില്ല… ഇന്‍സ്റ്റാഗ്രാമില്‍ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് നിങ്ങള്‍ക്കൊരു ക്ലൂവും ഇല്ല… You don’t read them properly… ഒന്നും മനസ്സിലാകാതെ ഒരു മണ്ടനെ പോലെ ഡാഡി ഇങ്ങനെ ഓടി നടക്കുന്നതു കണ്ടിട്ടു നാണക്കേടു തോന്നിയിട്ടാണ് ഞാന്‍ ഇതൊക്കെ പറയുന്നത്. ഡാഡി, ഇമോജീസ് ഹാവ് മീനിങ്… ദേ ആര്‍ സിഗ്‌നല്‍സ്…”

‘നിങ്ങള്‍ക്കൊരു തേങ്ങയും മനസ്സിലാകില്ല… ഇന്‍സ്റ്റാഗ്രാമില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ക്കൊരു ക്ലൂവും ഇല്ല… ഒന്നും മനസ്സിലാകാതെ ഒരു മണ്ടനെ പോലെ ഡാഡി ഇങ്ങനെ ഓടി നടക്കുന്നതു കണ്ടിട്ട് നാണക്കേട് തോന്നിയിട്ടാണ് ഞാന്‍ ഇതൊക്കെ പറയുന്നത്. ഡാഡി, ഇമോജിസ് ഹാവ് മീനിങ്… ദേ ആര്‍ സിഗ്‌നല്‍സ്…’

അന്വേഷണത്തിന്റെ ഭാഗമായി വായിച്ചെടുത്ത ഇന്‍സ്റ്റാഗ്രാം മെസ്സേജുകളെല്ലാം തെറ്റായിപോയ വ്യാഖ്യാനങ്ങളായിരുന്നുവെന്ന് ഒരു കൗമാരക്കാരന്‍ പയ്യന്‍ നലംതികഞ്ഞ ഒരു (പൊലീസുകാരനെ) കാരണവരെ തിരുത്തിക്കൊടുക്കുകയാണ്. വെറുമൊരു വെബ് സീരിസ് കഥാപാത്രം മറ്റൊരു കഥാപാത്രത്തിനോട് പറയുന്ന ഇമോഷണല്‍ ഡയലോഗല്ല അത്! അപ്‌ഡേറ്റഡ് ആയ കാലഘട്ടം ഔട്ട് ഡേറ്റഡ് ആയ മറ്റൊരു കാലഘട്ടത്തിനു നല്‍കുന്ന മുന്നറിയിപ്പും വെല്ലുവിളിയുമാണത്.
കടന്നുപോകുന്ന ഒരു തലമുറയ്ക്ക്, കടന്നുവരുന്ന ഒരു തലമുറയോട് യാത്ര പറയാനുള്ള ഒരു പദം പോലും ഇല്ലാത്ത രീതിയിലേക്ക് അക്ഷരങ്ങളുടെ ലോകത്തില്‍ കാലം അജ്ഞതയുടെ ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്. വ്യാവസായിക വിപ്ലവത്തിന്റെ കുത്തൊഴുക്കില്‍ കുടില്‍ വ്യവസായങ്ങള്‍ കടലെടുത്തു പോയതു പോലെയാണ് കഴിഞ്ഞ കാലഘട്ടത്തിലെ കാരണവന്മാരും സൈബര്‍ യുഗത്തിലെ കുഞ്ഞുങ്ങളും തമ്മില്‍ കമ്മ്യൂണിക്കേഷന്‍ അസാധ്യമാകും വിധം ഭാഷകള്‍ ചിതറിക്കപ്പെടുന്നത്.
Rizz, Sus, Fire, Shook, Lit, Bussing, Gucci, Simp, Thirsty, Tea, Bet, Fit Check, Gatekeeper, Ghost, Vibe Check, Sleep on ആംഗ ലേയ അക്ഷരമാലകള്‍ പരിചിതമാണെങ്കിലും, അപരിചിതമായ കോമ്പിനേഷന്‍സുകള്‍ കൊണ്ട് ചിട്ടപ്പെടുത്തിയ ഈ പുതിയ പദങ്ങള്‍ എത്ര മുതിര്‍ന്ന മനുഷ്യരുടെ തലച്ചോറില്‍ ഇടം കണ്ടെത്തിയിട്ടുണ്ട് എന്നത് കാലഘട്ടം ആവശ്യപ്പെടുന്ന ഒരു ചോദ്യമാണ്.
ആദ്യത്തെ കുറച്ചു വാക്കുകളൊഴിച്ചാല്‍ ബാക്കിയൊക്കെ എനിക്കറിയാവുന്നതാണ് എന്നാശ്വസിക്കുന്നവര്‍ക്കാണ് വലിയ അബദ്ധം പിണഞ്ഞിരിക്കുന്നത്. ‘സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല’ എന്ന പഞ്ച് ഡയലോഗ് പോലെ മേല്പ്പറഞ്ഞ വാക്കുകളൊന്നും നമ്മളുദ്ദേശിച്ച വാക്കുകളല്ല, നമ്മള്‍ കൊടുത്ത് ശീലിച്ച അര്‍ഥങ്ങളോ വ്യാഖ്യാനങ്ങളോ അല്ല ഈ വാക്കുകള്‍ക്കുള്ളത്. ഡഗ്ലസ് റുഷ്‌കോഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സ്‌ക്രീന്‍ ഏജെഴ്‌സ്‌ന് (screen agers) മാത്രം മനസിലാകുന്ന അടയാളങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയും അവര്‍ സ്‌നേഹവും വെറുപ്പും കൈമാറ്റം ചെയ്യുന്നു. അവരുപയോഗിക്കുന്ന നിറങ്ങള്‍ക്ക് മറ്റൊരാളെ പ്രണയിക്കാനും പ്രാപിക്കുവാനും കൊല്ലാനും കെല്‍പ്പുണ്ട്. അതുകൊണ്ടാണ് ഈ സീരീസില്‍, ഒരൊറ്റ വാക്കിന്റെ ബുള്ളീയിങ് പ്രയോഗത്തില്‍ ആണൊരുത്തന്റെ ആണത്തം അടിച്ചുപോകുകയും അതിനു പ്രതികാരമെന്ന വിധം ആ കൗമാരക്കാരന്‍ ആയുധമെടുക്കുകയും ചെയ്തത്. സത്യത്തില്‍, അക്ഷരങ്ങള്‍ കൊണ്ട് പോറലേറ്റതിനാലാണ് adolescence യിലെ ആണ്‍കഥാപാത്രം ആയുധമെടുത്തതും അടരാടിയതും.
വെര്‍ച്യുല്‍ ലോകത്തിരുന്ന് ആരൊക്കെയോ വിതച്ച് കൂട്ടുന്ന വെറുപ്പിന്റെ വിത്തുകള്‍ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് പടര്‍ന്നു പിടിക്കാതിരിക്കാന്‍ കള പറിക്കുന്ന കര്‍ഷകനെ കണക്ക് കാരണവന്മാര്‍ കാവലിരിക്കേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ ഒച്ചവയ്ക്കുന്നതും പോരെടുക്കുന്നതും പ്രതികാരം ചെയ്യു ന്നതു മാത്രമേ നമ്മള്‍ മുതിര്‍ന്നവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുള്ളൂ. ഉരുക്കിന്റെയും ഇരുമ്പിന്റെയും ആയുധമെടുക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പേ സൈബര്‍ യുദ്ധമുഖങ്ങളില്‍ അവര്‍ വാക്പയറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. വെട്ടിക്കൂട്ടലുകളുടെ പോര്‍മുഖങ്ങളിലേക്കെത്തും മുമ്പ് അവരുടെയുള്ളില്‍ അലയടിച്ചു കയറിയ ആഗ്രഹങ്ങള്‍ക്കും വേദനകള്‍ക്കും സംശയങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും പ്രലോഭനങ്ങള്‍ക്കും പാപങ്ങള്‍ക്കും കാരണവന്മാര്‍ കാത് കൊടുക്കുന്നില്ല. ഇനി അതുകേട്ടാല്‍ പോലും ഒന്നും പിടികിട്ടുന്നില്ല.
കൊലപാതകത്തിന്റെ കുറ്റപത്രം നെറ്റിയിലൊട്ടിക്കപ്പെട്ട് ഒരു സമൂഹത്തിന്റെ മുമ്പില്‍ കൈവിലങ്ങുമായി നില്‍ക്കുന്ന ആ കൗമാരക്കാരന്റെ കുഞ്ഞുമുറിയിയിലേക്ക് സംവിധായകന്‍ ക്യാമറ പ്രവേശിപ്പിക്കുമ്പോള്‍, കുറ്റബോധത്തിന്റെയും സങ്കടത്തിന്റെയും പൊള്ളലേറ്റു മുഖം ചുവന്നു നില്‍ക്കുന്ന അവന്റെ അപ്പനെയും അമ്മ യെയും പ്രേക്ഷകര്‍ കാണുന്നുണ്ട്. നാളുകള്‍ക്കുശേഷം സ്വന്തം മകന്റെ മുറിയിലേക്ക് കടന്നുചെല്ലുന്ന അപ്പന്‍ കഥാപാത്രം ഒരു കുഞ്ഞിനെ പോലെ വാവിട്ട് നിലവിളിച്ചു കൊണ്ട് പറയുന്നുണ്ട്… ‘ഐ ആം സോറി മൈ സണ്‍’. കുഞ്ഞുങ്ങളുടെ ഭാഷ പിടുത്തം കിട്ടാത്ത എല്ലാ മുതിര്‍ന്നവര്‍ക്കും വേണ്ടിയാണു അയാള്‍ മാപ്പിരക്കുന്നത്. കുഞ്ഞങ്ങളുടെ ഭാഷ പിടുത്തം കിട്ടാത്ത, അവര്‍ ഉപയോഗിക്കുന്ന അടയാളങ്ങളുടെയും ഇടങ്ങളുടെയും ചിഹ്നങ്ങളുടെയും നിറങ്ങളുടെയും പൊരുള്‍ പിടികിട്ടാത്ത കാരണവന്മാരുടെ കൈകളില്‍ നിന്നും നവ കൗമാരങ്ങളുടെ ജീവിതം ചോര്‍ന്നു പൊയ്‌ക്കൊണ്ടേയിരിക്കും.
അക്ഷരങ്ങള്‍ ചേര്‍ത്തുവായിക്കാന്‍ കുഞ്ഞുങ്ങളെ അംഗനവാടികളിലേക്ക് അയക്കുമ്പോള്‍ ആ കുഞ്ഞുങ്ങളോടു സംവദിക്കാനുള്ള പുതിയ ഭാഷയുടെ അക്ഷരമാലകള്‍ ഓരോ അപ്പനും അമ്മയും അധ്യാപകരും വീടിനകത്തിരുന്ന് പഠിക്കേണ്ട കാലമാണിത്.

എഡിറ്റോറിയല്‍
സത്യദീപം – പുസ്തകം 98 – ലക്കം 34

About Author

കെയ്‌റോസ് ലേഖകൻ