April 20, 2025
Jesus Youth Kairos Media News

കുരിശിന്റെ തണലിൽ – അന്നന്ന് വേണ്ട ആഹാരം..

  • March 25, 2025
  • 1 min read
കുരിശിന്റെ തണലിൽ – അന്നന്ന് വേണ്ട ആഹാരം..

“ഉറങ്ങാനേ പറ്റുന്നില്ല…”😓
മറുതലയ്ക്കൽ അങ്ങേയറ്റം ക്ഷീണിച്ച സ്വരം.
തിരിച്ച് ഒരു മറുപടി എളുപ്പമായിരുന്നില്ല. ഉറക്കഗുളികകൾക്കൊന്നും തൊടാനാവില്ലല്ലോ, അമ്പേ തകർന്ന ഒരു മനസ്സിന്റെ പൊള്ളലുകളെ.

സുഹൃത്തേ, എപ്പോഴാണ് നാളുകളോളം ഉറങ്ങാൻ പറ്റാതെ മനുഷ്യർ കഴിയേണ്ടിവരിക? ജീവിതത്തെ അപ്പാടെ എടുത്തെറിയുന്ന ഒരു സങ്കടത്തിന്റെ മുന്നിലാണത്…

  • ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ മരണം, അതും അപ്രതീക്ഷിതമെങ്കിൽ..
  • ഭാവിയെ തന്നെ മാറ്റിമറിക്കുന്ന രോഗങ്ങളോ, ദുരിതങ്ങളോ, അപകടങ്ങളോ..
  • mental shock ലേക്കെത്തിച്ചേക്കാവുന്ന ചില ദുരനുഭവങ്ങൾ, ഉദാ: ഏറ്റവും അടുത്ത ഒരാളുടെ വഞ്ചന, തീർത്തും മോശമായ അപഖ്യാതികളും അവയുടെ പരിണതഫലങ്ങളും etc.

എന്റെ ചങ്ങാതീ,
പിന്നെ നമുക്ക് നമ്മളായി തുടരാനാവില്ല..

  • വേറെ ആരോ ഒരാളായി എങ്ങനെയോ നമ്മൾ മാറിപ്പോവുകയാണ്..
  • നാളെയെപ്പറ്റിയുള്ള പ്രതീക്ഷകൾ പൂർണമായും നഷ്ടപ്പെടുകയാണ്..
  • ജീവിക്കാനുള്ള ആശ മനസ്സിൽനിന്നുതന്നെ തൂത്ത് മാറ്റപ്പെടുകയാണ്..
    പുതിയതും പഴയതുമായ അതിജീവനകഥളൊന്നും നമ്മെ തൊടുകപോലുമില്ല..
    എന്തിന്, അതിജീവനം എന്നത് തന്നെ ഒരു ആവശ്യമെന്നേ തോന്നില്ല.
    ഒരിക്കൽ നമ്മെ ഭ്രാന്തമായി ആകർഷിച്ചിരുന്ന എല്ലാ ആനന്ദങ്ങളോടും രുചികളോടും നമുക്ക് ഓക്കാനമേ തോന്നൂ..
    സ്നേഹവും, ബന്ധങ്ങളും, യാത്രകളും, നേട്ടങ്ങളും, കൂട്ടും, കാമവും, പണവും, പ്രാർത്ഥനയും, വിശ്വാസവും ഒക്കെ അടച്ചുകളഞ്ഞ ഏതോ പുസ്തകത്തിലെ ജീവനില്ലാത്ത വെറും അക്ഷരങ്ങളാകുന്ന ഒരു പുതിയ നടപ്പാത..
    പകലും രാവും ഒരുപോലെ..
    ഉറക്കമില്ലാതെ, ചിരിയും കരച്ചിലുമില്ലാതെ, ഒന്നും ആരോടും പറയാനില്ലാതെ,
    വേറൊരു ലോകം, വേറൊരു മനസ്സ്..

ഇങ്ങനെയൊരു പ്രതിസന്ധിയിൽ പെട്ടുപോയിട്ടുണ്ടോ? ആർക്കും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു..
പക്ഷെ, അങ്ങനെ വട്ടം കറങ്ങിപ്പോയ മനുഷ്യർ ഈ ഭൂമിയിൽ ഒരുപാടുണ്ട്, കാരണങ്ങൾ പലതാണെങ്കിലും.

അങ്ങനൊരാൾ അടുത്തുവന്ന് നിന്നാൽ എന്ത് പറയും നമ്മൾ? ഒരു ഫിലോസഫിക്കും ഒരു തിയോളജിക്കും ഒരു പോസിറ്റീവ് തിങ്കറിനും അത്രയെളുപ്പത്തിൽ കെടുത്താനാവാത്ത ഒരു അഗ്നികുണ്ഡത്തിനു മുന്നിലാണ് നമ്മൾ..

“സ്വർഗസ്ഥനായ പിതാവേ” പ്രാർത്ഥനയുടെ രണ്ടാം പകുതി ആരംഭിക്കുന്നത് ഇങ്ങനെയാണല്ലോ, “അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമേ.. “
ഈ അന്നന്നു വേണ്ടുന്ന ആഹാരം എന്ന് വച്ചാൽ കാപ്പി-ഊണ്-അത്താഴം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

  • അന്നന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഊർജമാണത്..!
  • ഇന്ന് കിടന്നുറങ്ങുവോളം പിടിച്ചുനിൽക്കാനുള്ള ദൈവകൃപയാണത്..!
  • ഇന്ന്, ഇപ്പോൾ ഞാൻ തകർന്നുവീഴാതിരിക്കാൻ എനിക്ക് ആവശ്യമുള്ള മിനിമം ബലമാണത്..!

മറുതലയ്ക്കലെ മൗനത്തോട് ഇതാണ് അന്നേരം എനിക്ക് മറുപടി പറയാൻ തോന്നിയത്. “അന്നന്ന് വേണ്ടുന്ന ആഹാരം (ഇന്ന് – ഇപ്പോൾ – ഈ രാത്രിവരെ ഞാൻ തകരാതിരിക്കാനുള്ള ഒരിറ്റ് കൃപ – അതുമാത്രം) തരണേ എന്ന് പ്രാർത്ഥിക്കാൻ..!
ഒരു വമ്പൻ അത്ഭുതമോ, പൂർണമായ പരിഹാരങ്ങളോ, എല്ലാം മറക്കാനുള്ള മറവിയോ ഒന്നുമല്ല! അന്നന്നേയ്ക്കുള്ള ആഹാരം..!! അതുമാത്രം..!

നാളത്തെ കാര്യം നാളെ.
നാളെ ഉണരുമോ എന്നറിയില്ല, ഉണർന്നാൽ വീണ്ടും “അന്നന്ന് വേണ്ടുന്ന കൃപ..”.

സത്യത്തിൽ അത്രേയുമല്ലേ നമ്മൾ പ്രാർത്ഥിക്കേണ്ടതുള്ളു? വേറെ ഒത്തിരി നമ്മൾ എന്ത് പ്രാർത്ഥിച്ചുകൂട്ടാനാണ്?
എന്തിന് വേണ്ടിയാണ്?
ഈ ചിന്ത എന്റെ ജീവിതത്തെയും ഒരുപാട് മാറ്റിക്കളഞ്ഞു. കാരണം, നാളെ എന്നെക്കുറിച്ച് കൂടുതൽ മെച്ചപ്പെട്ട ഒരു പദ്ധതി ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ
(ഉണ്ടെങ്കിൽ മാത്രം, ഇല്ലെങ്കിൽ വേണ്ട.) അന്നന്നത്തെ ആഹാരത്തിനുള്ളിൽ നാളത്തേയ്ക്കുള്ള ജീവൻ ഒളിപ്പിക്കാൻ കഴിവുള്ളവനാണ് ദൈവം.

സുഹൃത്തേ, ഇത് വായിക്കുന്ന നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്കോ ഇതുപകാരപ്പെടും എന്നെനിക്കുറപ്പാണ്. അന്നന്ന് വേണ്ടത് മാത്രം ചോദിക്കുക. “അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി.” (മത്താ. 6 : 34)
എന്ന് മലമുകളിൽ ഇരുന്ന് അങ്ങേരു വിളിച്ചുപറഞ്ഞത് ഇതൊക്കെ മുന്നേ കണ്ടിട്ടായിരുന്നിരിക്കണം അല്ലേ?

ചങ്ങാതീ, ഇത് നോമ്പുകാലം..
ജീവിതം തന്ന മുറിവുകളെ കൃപയിൽ സ്നാനം ചെയ്യിക്കാനൊരു കാലം..

ജീവിതത്തിൽ അമ്പേ തകർത്തെറിയപ്പെട്ട ആ പ്രിയപ്പെട്ട ഒരാളുടെ കരം കോർത്തുപിടിച്ച് ഒന്ന് പ്രാർത്ഥിച്ചേ, “അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമേ..”
തമ്പുരാന് അത്ഭുതങ്ങൾ കാട്ടാനാകും..

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം..
ഫാ. അജോ രാമച്ചനാട്ട്

About Author

കെയ്‌റോസ് ലേഖകൻ