April 20, 2025
Kairos Media News

സ്നേഹത്തിന്റെ പ്രതിരൂപം

  • March 20, 2025
  • 1 min read
സ്നേഹത്തിന്റെ പ്രതിരൂപം

രണ്ടു മൂന്ന് ദിവസമായി ഹൃദയത്തിൽ ആരോ മന്ത്രിക്കുന്നതുപോലെ മമ്മിയുടെ ഈ ജന്മദിനത്തിൽ മമ്മിയ്ക്കായ് എന്തെങ്കിലും കുറിക്കണമെന്ന്….. ഒരു മകൻ അമ്മയ്ക്കായി എഴുതുന്ന ലേഖനത്തെ എന്തു പേരിട്ട് വിളിക്കണം എന്ന് ചിന്തിച്ചപ്പോൾ ഒന്നുംതന്നെ മനസ്സിലോട്ടു വന്നില്ല…. എന്താ ഒന്നും വരാത്തത്…? വീണ്ടും ചിന്തിച്ചപ്പോൾ മനസ്സിലായി എത്ര ചിന്തിച്ചാലും ഒന്നും മനസ്സിലോട്ടു വരില്ല എന്ന്…. കാരണം ഒരു പറ്റം വാക്കുകൾ കൊണ്ട് വരച്ചുകാണിക്കാൻ പറ്റുന്നതല്ല ‘അമ്മ’ എന്ന പുണ്യത്തെ…..അതുകൊണ്ട് ഈ ലേഖനത്തിന് പ്രത്യേകിച്ച് പേരൊന്നും കൊടുക്കുന്നില്ല…..
അപ്പോൾ മമ്മി….ഒത്തിരി സ്നേഹത്തോടെ മമ്മിയുടെ ജിബിമോൻ എഴുതിതുടങ്ങുവാണ്…. മമ്മീ…എഴുതിതുടങ്ങുമ്പോൾ തന്നെ ജിബിമോന്റെ കണ്ണ് നിറയുന്നുണ്ട് … നമ്മുടെ ജീവിതത്തിന്റെ പിന്നാംപുറങ്ങളിലോട്ടു നോക്കുമ്പോൾ, കടന്നുവന്ന കനൽവഴികളെ ഓർക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നപോലെ.. കൈ വിറക്കുന്നുണ്ട്…കണ്ണുകളിൽ കണ്ണുനീരിന്റെ പ്രവാഹം….പക്ഷെ ‘ശാന്തമാകുക ഞാൻ ദൈവമാണെന്ന് അറിയുക ‘ ജീവിതത്തിന്റെ ആകുലതകൾ വർദ്ധിക്കുമ്പോൾ ഈ വചനഭാഗം നല്കുന്ന ആശ്വാസം എന്നെ ഇപ്പോൾ ശാന്തനാക്കുന്നുണ്ട്…കാരണം മമ്മീ… നമുക്ക് വളരെ വ്യക്തമായിട്ടു അറിയാം ദൈവപരിപാലന മാത്രമാണ്, നമ്മെ കൈപ്പേറിയ ജീവിതാനുഭവങ്ങളിലും കടന്നുവന്ന കനൽവഴികളിലും തകരാതെ, തളരാതെ മുന്നോട്ട് നയിച്ചത്…..
ജീവിതത്തിന്റെ ഏതു ഘട്ടം മുതൽ തുടങ്ങണം എന്നൊരു ആശയക്കുഴപ്പം….
മമ്മിയെ കുറിച്ച് എഴുതുമ്പോൾ മമ്മിയിൽനിന്നും സ്നേഹനിറവോടെയുള്ള കേട്ടറിവ് മാത്രമുള്ള എന്റെ ഡാഡിയിൽ നിന്നും തുടങ്ങാം…. മൂന്നുമക്കളിൽ മൂന്നാമനായുള്ള എന്റെ ജനനം….മമ്മിയും ഡാഡിയും അവർക്ക് ലഭിച്ച മൂന്നു ദൈവീകദാനങ്ങളുമൊത്തുള്ള സ്നേഹത്തിൽ ചാലിച്ചുള്ള സന്തുഷ്ട കുടുംബജീവിതം…ആ സന്തോഷജീവിതം അധികനാൾ നീണ്ടുനിൽക്കാൻ ഞങ്ങളുടെ കുടുംബത്തിലോട്ടു വിളിക്കാതെ കയറിവന്ന ഒരു അതിഥി സമ്മതിച്ചില്ല…. ക്യാൻസർ എന്ന അതിഥി ഡാഡിയെ വരിഞ്ഞുപിടിച്ചു…. പിന്നീടങ്ങോട്ടു തീരാ ചികിത്സയുടെ നാളുകൾ…മൂന്നുമക്കളെയും ചേർത്തു പിടിച്ച് ഡാഡിയുമായി സഹായത്തിനു ആരുംതന്നെ ഇല്ലാത്ത അവസ്ഥയിൽ, സാമ്പത്തിക ഞെരുക്കങ്ങളിൽ ആശുപത്രികൾ മാറി മാറി കയറി ഇറങ്ങുന്ന മമ്മിയുടെ മുഖം കൈകുഞ്ഞായ എനിക്ക് ഓർക്കാൻ പറ്റുന്നില്ലെങ്കിലും ഇപ്പോൾ ഊഹിക്കാവുന്നതേയുള്ളൂ….നീണ്ട ആശുപത്രി ദിനരാത്രങ്ങളിലും തീരാചികിത്സകളിലും മരുന്നുകളിലും തൃപ്തി വരാതെ ആ അതിഥി ഞങ്ങളുടെ ഡാഡിയെ ഞങ്ങളിൽ നിന്നും കൊണ്ടു പോകുന്നു…. എന്റെ പ്രായം നാലര വയസ്സ്… എനിക്ക് രണ്ട് ചേച്ചിമാർ… തീരാചികിത്സകൾ വരുത്തിവെച്ച ഭാരിച്ച കടബാധ്യതകൾ…അതുവരെ ഡാഡിയുടെ തണലിൽ മാത്രം ജീവിച്ചുമുന്നോട്ടുപോയ എന്റെ മമ്മി ജീവിതത്തിൽ പകച്ചുപോയ നിമിഷങ്ങൾ…. ആകെയുണ്ടായിരുന്ന വരുമാനമാർഗം നിലച്ചു… പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങൾ…അവരുടെ വിശപ്പിന്റെ നോവ്‌, പഠനം, ഭാവി… ഒപ്പം ഭാരിച്ച കടബാധ്യതകൾ….ഇനി ജീവിതം മുന്നോട്ട് എങ്ങനെ ? ഉത്തരമില്ലാത്ത ഒരുപാട് ഒരുപാട് ചോദ്യങ്ങൾ….ഈ ഭാരങ്ങളും, തനിച്ചായി പോയതിന്റെ വിഷമവും പേറി എത്ര എത്ര രാത്രികൾ ആരും കാണാതെ കരഞ്ഞു കരഞ്ഞു ഞങ്ങളുടെ മമ്മി നേരം വെളുപ്പിച്ചിട്ടുണ്ടാകും…
പക്ഷെ പിന്നീടങ്ങോട്ട് അങ്ങനെ തളർന്നിരിക്കുന്ന മമ്മിയെ ഞങ്ങൾ കണ്ടില്ല… ” അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം ” പൂർണമായും ദൈവത്തിൽ ആശ്രയിച്ച് അവിടുന്ന് നല്കിയ ആശ്വാസത്തിന്റെ നിറവിൽ ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ മമ്മിയെ പിന്നീടങ്ങോട്ട് ഞങ്ങൾക്ക് കാണാൻ സാധിക്കുകയായിരുന്നു..ആ സമയങ്ങളിൽ മമ്മി മറ്റുള്ളവരോട് പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു…” ജോസ് എന്നെ വിട്ടുപോയാലും എനിക്ക് മൂന്ന് പൊന്നോമനകളെ തന്നിട്ടാ പോയത്‌, ഇനി എനിക്ക് അവർക്കുവേണ്ടി ജീവിക്കണം”. ഒരു പുത്തൻ ഉണർവ്, ഒരു പുത്തൻ പ്രത്യാശ മമ്മിയിൽ സംജാതമാകുന്നു…. പിന്നീട് മമ്മി കരഞ്ഞിട്ടില്ല… തളർന്നിരുന്നിട്ടില്ല…
ഒരുവിധം നല്ല ചുറ്റുപാടിൽ ജീവിച്ചുപോന്നതിന്റെ ജീവിതാന്തസ്സ് സൃഷ്ടിക്കുന്ന അഭിമാനക്ഷതങ്ങളെല്ലാം മറികടന്ന് മമ്മി ഞങ്ങളുടെ പറമ്പിലോട്ടു ഇറങ്ങുകയും ആകെയുള്ള വരുമാനമാർഗമായ് ഉണ്ടായിരുന്ന കുറച്ച് റബ്ബർ മരങ്ങളുടെ പരിപാലന ഏറ്റെടുക്കുകയും ചെയ്യുന്നു… ഒറ്റയ്ക്ക് റബ്ബർ വെട്ടുകയും പാല് എടുത്ത് ഉറ കൂട്ടുകയും ദൂരെയുള്ള മെഷീൻ പുരയിൽ ചുമന്നുകൊണ്ടുപോയി ഷീറ്റ് അടിക്കുകയും തിരിച്ചുകൊണ്ടുവന്നു വെയിലത്തും പുകയത്തും ഇടുകയും ഒപ്പം വീട്ടിലെ ജോലികളും മക്കളായ ഞങ്ങളുടെ കാര്യങ്ങളും നോക്കി ദിവസം മുഴുവനും കഷ്ടപ്പെട്ട് അധ്വാനിക്കുന്ന മമ്മിയെ പിന്നീടങ്ങോട്ട് ഞങ്ങൾ കാണുകയായിരുന്നു… നിറകണ്ണുകളോടെ നോക്കി നിന്ന ഒരു കാഴ്ച്ച ഇപ്പോഴും എന്റെ മനസിലുണ്ട്… റബ്ബർ വെട്ട് തുടങ്ങിയ ആദ്യനാളുകളിൽ പറമ്പിനോട് ചേർന്നുള്ള റോഡിൽക്കൂടി ആളുകൾ നടന്നുപോകുമ്പോൾ റബ്ബർ മരത്തിന്റെ മറവിലേക്കു നീങ്ങിപോകുന്ന മമ്മിയെ ഞാൻ കണ്ടിട്ടുണ്ട്‌….മമ്മീ… ഈ നാണക്കേടും കഷ്ടപാടുകളുമെല്ലാം സഹിച്ചത് ഞങ്ങൾ മക്കൾക്ക്‌ സ്നേഹമാകാനായിരുന്നല്ലോ….അന്നൊക്കെയാണ് സ്നേഹം എന്നത് സ്വയം പകുത്തുനല്കലാണ് എന്ന് ഞാൻ പഠിച്ചത്…
മമ്മീ….മക്കൾ എന്ന നിലയിൽ എന്തു നൽകിയാലും ആ നിർവ്യാജ സ്നേഹത്തിന് പകരമാകില്ലല്ലോ…
അതുപോലെ ഞങ്ങൾക്ക് മമ്മി, മമ്മിയും ഡാഡിയും ബന്ധുക്കളും എല്ലാമായിരുന്നു… ഞങ്ങൾ കൂട്ടുകാരൊത്തു കളിക്കുമ്പോളും അവരുമൊത്ത് ഒത്തുചേരുമ്പോഴും അവരുടെയിടയിലേക്ക് കളിപ്പാട്ടങ്ങളും പലഹാരങ്ങളുമായി കടന്നുവരുന്ന ഓരോരുത്തരുടെയും അപ്പന്മാർ, അതെല്ലാം പങ്കുവെച്ച് നല്കിയതിനുശേഷം ഓരോരുത്തരും അവരവരുടെ അപ്പന്മാരുടെ കൈപിടിച്ച് സന്തോഷത്തോടെ നടന്നകലുന്ന കാഴ്ച്ച ഞങ്ങളെ സംബന്ധിച്ചിടത്തോളം നൊമ്പരമുണർത്തുന്നവയായിരുന്നു… ഞങ്ങൾക്കും ഇതുപോലെ ഞങ്ങളുടെ ഡാഡി ഞങ്ങളുടെ കൂടെയുണ്ടായിരുന്നെങ്കിലോ എന്ന് ആശിച്ചുപോയ നിമിഷങ്ങൾ…. പക്ഷെ അവിടെയെല്ലാം ഞങ്ങളുടെ മമ്മി ഞങ്ങളുടെ അടുത്ത് ഓടി എത്തുമായിരുന്നു…. എല്ലാവരുടെയും സ്നേഹം ആവോളം പകർന്നുതരുമായിരുന്നു…
പിന്നെ മമ്മീ… ഇന്നും ഞാൻ ഒത്തിരി ഇഷ്ടത്തോടെ ഓർക്കുന്ന ഇന്നും അതു ജീവിതത്തിന്റെ ഭാഗമായി നമ്മുടെ ഇടയിൽ തുടരുന്ന ഒരു കാര്യമുണ്ട്……എന്ത് കിട്ടിയാലും നാലായി പങ്കുവെയ്ക്കുന്ന ഒരു ശീലം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു… ഒരു കുഞ്ഞു മിഠായി കിട്ടിയാൽ പോലും അത് നാലായി പൊട്ടിച്ച് വീതം വെച്ച് നമ്മൾ കഴിക്കുമായിരുന്നു… ഞാൻ ഇപ്പോഴും ഓർക്കുന്നു….വല്ലപ്പോഴും ഒരിക്കൽ മാത്രമേ നമ്മൾ ബേക്കറിയിൽ നിന്നും എന്തെങ്കിലും വാങ്ങിക്കാറുള്ളൂ… നമുക്ക്‌ ഏറ്റവും ഇഷ്ടമുള്ള കടല മിഠായി നമ്മൾ 100 ഗ്രാം വാങ്ങിക്കുമായിരുന്നു…. എന്നിട്ട് അതു വീട്ടിൽ കൊണ്ടുവന്ന് മുഴുവനും എണ്ണി കൃത്യമായി നാലായി ഭാഗിച്ച് നമ്മൾ കഴിക്കുമായിരുന്നു…. പങ്കുവെപ്പിന്റെ ഒരു ആനന്ദം ഇതിലൂടെ ഒത്തിരിയേറെ നമ്മൾ അനുഭവിച്ചിട്ടുണ്ട്…. മമ്മി അന്ന് ഞങ്ങൾക്ക് പകർന്നു തന്ന പങ്കുവെപ്പിന്റെ അനുഭവം ഇന്നും ഒരു പ്രചോദനമായി നിലകൊള്ളുന്നു , ഉള്ളത്‌ പരസ്പരം പങ്കുവെക്കാനും അതിലൂടെ ലഭിക്കുന്ന സ്വർഗീയ ആനന്ദം നുകരാനും….
എഴുതുവാനാണെങ്കിൽ ഇനിയും ഒത്തിരിയേറെ ജീവിതാനുഭവങ്ങൾ ഉണ്ട്… പക്ഷെ ലേഖനം ഒത്തിരി നീണ്ടുപോകരുതല്ലോ….
ഒരു അപ്പനും അമ്മയും ഒന്നുചേർന്നു ചെയ്യേണ്ട മക്കളിന്മേലുള്ള ഉത്തരവാദിത്വം മുഴുവനും വളരെ ഭംഗിയായി മമ്മി ഒറ്റക്ക് ചെയ്തുതീർത്തു… ആരുടെയും മുന്നിൽ തല കുനിക്കാൻ ഇട വരുത്താതെയാണ് മമ്മി ഞങ്ങളെ വളർത്തിയത്….ഞങ്ങളുടെ പഠനം , ചേച്ചിമാരുടെ വിവാഹം, എല്ലാം മമ്മിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ പരിണിതഫലങ്ങളായിരുന്നു…” നിന്റെ അലച്ചിലുകൾ ഞാൻ എണ്ണിയിട്ടുണ്ട്, നിന്റെ കണ്ണീർക്കണങ്ങൾ ഞാൻ കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട് ” ഈ വചനഭാഗം നൽകുന്ന ഒരു ഉറപ്പ് , തീർച്ചയായും നമ്മുടെ ദൈവസന്നിധിയിൽ വില കല്പിക്കപ്പെടാൻ പോകുന്ന കണ്ണീരും അലച്ചിലും തന്നെയാണ് മമ്മീ.., മമ്മി കടന്നുവന്ന കനൽ വഴികളിലൂടെ മമ്മി നേടിയെടുത്തത്.
മമ്മീ….ഇന്ന് ഞങ്ങൾ, മമ്മിയുടെ മക്കൾ എന്തെങ്കിലുമൊക്കെ ആയിതീർന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ മമ്മിയുടെ വിയർപ്പും എരിഞ്ഞുതീരലും മാത്രമാണ്‌….വളരെ ചെറു പ്രായത്തിൽ തന്നെ വിധവയാകേണ്ടിവന്ന മമ്മി, പിന്നീടങ്ങോട്ട് മമ്മിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞങ്ങൾക്കായ് പരിത്യജിച്ച് ഞങ്ങളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി ഒരു ചന്തനത്തിരിപോലെ സ്വയം എരിഞ്ഞുതീർന്ന് ഞങ്ങളുടെ ജീവിതത്തിൽ സുഗന്ധമായി മാറിയ മമ്മിയുടെ നിർവ്യാജമായ സ്നേഹത്തിനുമുൻപിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്, ജന്മദിനത്തിന്റെ എല്ലാവിധ മംഗളങ്ങളും ഒത്തിരി ഒത്തിരി സ്നേഹത്തോടെ നേർന്നുകൊണ്ട് മമ്മിയുടെ സ്വന്തം ജിബിമോൻ….
ഈശോയുടെ സ്വന്തം ദാസൻ
FB POST – ജിബിമോൻ  ജോസ്

About Author

കെയ്‌റോസ് ലേഖകൻ