കുരിശിന്റെ തണലിൽ – ഒരു മാമ്പഴക്കഥ

ഹൈറേഞ്ചിലെ ഒരു ഉൾഗ്രാമത്തിൽ ജോലിക്ക് എത്തിയ ഒരാൾ. അന്നന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ മാർഗമില്ല. ദീർഘമായ അന്വേഷണത്തിനൊടുവിൽ കൂട്ടിന് എലിയും പാമ്പും ഒക്കെയുള്ള ഒരു പഴയ വീടാണ് വാടകയ്ക്ക് കിട്ടിയത്. തൊട്ടടുത്ത് വീടുകളില്ല. ആ പരിസരത്തുള്ള ആരെയും പരിചയപ്പെട്ടുതുടങ്ങിയിട്ടില്ല. ഒരു ദിവസം രാവിലെ അയാളുടെ വീടിന്റെ മുൻപിലൂടെ തന്റെ വീട്ടിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്ന ഹോസിന്റെ ചോർച്ച പരിഹരിക്കാൻ അൽപമകലെ താമസിക്കുന്ന ഒരു സ്ത്രീയെത്തുന്നു. ഏറ്റവും ഹ്രസ്വമായി രണ്ടുപേരും സ്വയം പരിചയപ്പെടുത്തുന്നു. അവർ വന്ന കാര്യത്തിലേക്കും, അയാൾ തന്റെ പ്രഭാതഭക്ഷണത്തിലേക്കും മടങ്ങുന്നു. അഞ്ചോ പത്തോ മിനിറ്റിന് ശേഷം, തന്റെ ജോലി പൂർത്തിയാക്കി പോകാൻ ഇറങ്ങുന്ന അവരോട് അടുക്കളവാതിലിന്റെ നടയിൽ നിന്ന് അയാൾ ചോദിക്കുന്നു, “ചേച്ചീ, നല്ല മാമ്പഴം ഇരിപ്പുണ്ട്. രണ്ടെണ്ണം എടുക്കട്ടെ?”.
“വേണ്ട, ഞങ്ങളുടെ വീട്ടിലും ഇഷ്ടം പോലെ ഇരിപ്പുണ്ട്.”
“ഇവിടെ ഇരിക്കുന്നത് നല്ല മധുരമുള്ള ഏതോ ഇനമാണ്. ദേ ഞാൻ ഒരെണ്ണം വേഗം മുറിക്കാം, വെറുതെ ഒരു കഷണം കഴിച്ചിട്ട് പോകൂ.”
മനസ്സില്ലാമനസ്സോടെ നിൽക്കുന്ന അവരുടെ അടുത്തേക്ക്, വളരെ വേഗത്തിൽ ഏതാനും മാമ്പഴ കഷണങ്ങളുമായി അയാൾ ഇറങ്ങി. ഉപയോഗിക്കാതെ കിടക്കുന്ന അരകല്ലിന്റെ തറയിൽ പാത്രം വെച്ച്, രണ്ടുപേരും മാമ്പഴം കഴിച്ച് വേഗം അവർ പിരിഞ്ഞു.
(അധികം താമസിയാതെതന്നെ ആ രണ്ടുപേരും, പിന്നെ അവരിലൂടെ അവരുടെ കുടുംബങ്ങളും വളരെ അടുത്ത സുഹൃത്തുക്കൾ ആയി മാറി.)
പിന്നീടൊരിക്കൽ അവർ അയാളോട് ചോദിച്ചു, “അന്ന് എന്തിനായിരുന്നു മാമ്പഴം നൽകാനായി എന്നെ പിറകിൽ നിന്ന് വിളിച്ചത്?”
“എന്തേ, ഇപ്പോ അങ്ങനെ ചോദിക്കാൻ?”
“ഒരു മാമ്പഴം കൊണ്ട് അന്ന് നിങ്ങൾ എറിഞ്ഞുതകർത്തത് ഒരു ആത്മഹത്യ ആയിരുന്നു എന്നറിയാമോ?”
ഓർമ്മവച്ച കാലം മുതൽ ജീവിതം നൽകിയ കയ്പനുഭവങ്ങൾ.. വിവാഹത്തിനുശേഷവും കഠിനമായ ജീവിതപരീക്ഷണങ്ങൾ.. ഒടുവിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുറപ്പിച്ച ദിവസങ്ങളിൽ ആണ് അയാളെ കണ്ടുമുട്ടിയതെന്നും, പുതിയ കുടുംബസുഹൃത്തും അയാളുടെ കുടുംബവും ജീവിതത്തെ മുന്നോട്ടു തുഴയാൻ വീണ്ടും ഊർജ്ജം നൽകിയത് കൊണ്ടാണ് താൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് എന്നുമായിരുന്നു അവൾ വിശദീകരിച്ചത്.
അയാളുടെ മറുപടി ഇങ്ങനെയായിരുന്നു..
“അത്രയ്ക്കൊന്നും മനസ്സിലായില്ലെങ്കിലും, പ്രകാശം ഇല്ലാത്ത കണ്ണുകളും, നിസ്സംഗമായ പെരുമാറ്റവും കണ്ടപ്പോൾ, ഒന്നുറക്കെ ചിരിക്കാൻ ജീവിതത്തിൽ കാരണങ്ങൾ ഇല്ലാത്ത ഒരാളാണ് എന്ന് മനസ്സിലായിരുന്നു. പെട്ടെന്നാണ് മാമ്പഴത്തിന്റെ കാര്യം ഓർമ്മ വന്നത്, മാമ്പഴത്തിന്റെ രുചി കൊണ്ട് അൽപ്പനേരത്തേക്ക് എങ്കിലും മുഖമൊന്നു തെളിയട്ടെ എന്ന് തോന്നി.”
എന്റെ സുഹൃത്തേ, അല്ലെങ്കിലും നമ്മളൊക്കെ അറിയാതെ പോകുന്ന ഇത്തരം മധുരമുള്ള – മരണത്തെ പോലും തോൽപ്പിക്കുന്ന – എത്രയോ മാമ്പഴക്കഥകൾ അനുദിനം നമ്മുടെ ചുറ്റുവട്ടങ്ങളിൽ സംഭവിക്കുന്നുണ്ടാവും.. ആരറിയാൻ..!!
ഒരു വിധേനയും ഒരു “സദാചാരലംഘനം” കണ്ടുപിടിക്കാൻ ആകുന്നില്ലെങ്കിൽ, എല്ലാ കഥകളും നമുക്ക് കെട്ടുകഥകൾ ആണല്ലോ..!!
ക്രിസ്തുവിന്റെ മരണത്തിൽ ആരായിരിക്കും ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് എന്നോർത്ത് പോവുകയാണ്. മരണത്തിൽ നിന്ന് അവൻ തിരികെ കൂട്ടിക്കൊണ്ടു വന്നവർ ആയിരിക്കും എന്നാണ് എന്റെ വിശ്വാസം. ലാസറും, പാപിനിയായ സ്ത്രീയും, ജായ്റോസിന്റെ മകളും, നായിനിലെ വിധവയുടെ മകനും, വെള്ളത്തിൽ മുങ്ങിപ്പോയ പത്രോസുമൊക്കെ ക്രിസ്തുവിന്റെ അളവില്ലാത്ത സ്നേഹത്തിന്റെ മാമ്പഴരുചി അറിഞ്ഞവർ ആയിരുന്നല്ലോ..!
“What is your ambition?” എന്നൊരു ചോദ്യം സ്കൂൾ കാലത്ത് നേരിടാത്ത ആരുമുണ്ടാവില്ല. ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ ആയിരുന്നു ആൺകുട്ടികളുടെ ക്ലീഷേ ഉത്തരങ്ങൾ. അപൂർവമായി ഒരു പോലീസോ പട്ടാളമോ. പെൺകുട്ടികൾ ആണെങ്കിൽ നേഴ്സ് അല്ലെങ്കിൽ ടീച്ചർ.
കാലം മാറിയില്ലേ? നാല് കാശ് ഉണ്ടാക്കാൻ ഏതു കോഴ്സ് പഠിക്കണമെന്ന് സാമാന്യ ബുദ്ധിയുള്ള ഏത് കുട്ടിക്കും ഇന്നറിയാം. നമ്മുടെ വേദപാഠക്ലാസുകളിൽ കുട്ടികളോട് ചോദിച്ചു തുടങ്ങേണ്ട ഒരു ചോദ്യമുണ്ട്.
- “What is your favorite virtue? – നിനക്ക് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പുണ്യം ഏതാണ്?
- “How can you show the face of Christ through your life?”. – എങ്ങനെയാവും നിന്റെ ജീവിതത്തിലൂടെ നീ ലോകത്തിന് ക്രിസ്തുവിന്റെ സ്നേഹം സമ്മാനിക്കുന്നത്?
ഒരിക്കലല്ല, പലതവണ ഈ ഒരു ചോദ്യത്തിന് ഉത്തരം നൽകേണ്ടി വന്നാൽ ഒഴുക്കിനെതിരെ നീന്തുന്ന ഒരു പുതുതലമുറയെ നമുക്ക് സൃഷ്ടിക്കാനാവും എന്നാണ് എന്റെ പ്രതീക്ഷ.
നോക്കൂ, ഇന്നത്തെ നമ്മുടെ പ്രധാന പ്രതിസന്ധി പണമല്ല. പിന്നെ എന്തൊക്കെ ആണെന്നോ? - മനസ്സിലാക്കാൻ ഒരാൾ..
- കേൾക്കാൻ ഒരാൾ..
- ധൈര്യമായി മുന്നോട്ടുപോകൂ എന്ന് പറഞ്ഞ് പുറത്ത് തട്ടാൻ ഒരാൾ..
- ശൂന്യത നിറയുന്ന വീടുകളിൽ ഇടയ്ക്കൊക്കെ കയറിച്ചെന്ന് അവിടെ താമസിക്കുന്ന വൃദ്ധമാതാപിതാക്കൾക്ക് കളിയും തമാശയും സ്നേഹവും സമയത്തിന് കണക്ക് പറയാതെ നൽകുന്ന ഒരാൾ..
- പ്രതീക്ഷിക്കാത്ത നേരങ്ങളിൽ സ്നേഹം കൊണ്ടും സാന്നിധ്യം കൊണ്ടും കണ്ണുനിറയ്ക്കുന്ന ഒരാൾ..
- തന്റെ ആരുമല്ലാത്ത മറ്റാർക്കോ വേണ്ടി പ്രാർത്ഥിക്കുകയും കരുതുകയും ചെയ്യുന്ന ഒരാൾ..
എന്റെ ചങ്ങാതീ, ഇനിയും അനേകം മാമ്പഴക്കഥകൾ ഈ ഭൂമിയെ മൂടാനുണ്ട്..
അവഗണിക്കപ്പെട്ടുപോയവന്റെ പൊട്ടിച്ചിരികൾ കൊണ്ട് ഈ മണ്ണിൽ ഇനിയും സംഗീതം വിരിയാൻ ഉണ്ട്..
കൃപ നിറഞ്ഞ നോമ്പുകാലം സ്നേഹപൂർവ്വം,
ഫാ. അജോ രാമച്ചനാട്ട്