കുരിശിൻ തണലിൽ – അപ്പൻ

അപ്പനോർമകൾ പരുക്കനാണ്, നമ്മിൽ പലർക്കും. ഇന്ന് മാർച്ച് 19, ഈ നോമ്പിന്റെ ഇടയിൽ യൗസേപ്പ് എന്ന അപ്പന്റെ ഓർമകൂടി..
കുരിശുമായി പോയ യേശുവിന്റെ ആദ്യവീഴ്ചയിൽ, വേദനകൊണ്ട് അവൻ “അമ്മേ” എന്നാവും ആദ്യം നിലവിളിച്ചിരിക്കുക – ഭൂമിയിലെ ഏതൊരു മനുഷ്യനെയും പോലെ. അവന്റെ രണ്ടാമത്തെ വീഴ്ചയിലോ? തന്റെ വളർത്തുപിതാവിനെ – ജോസഫിനെ – അവൻ ഓർത്തുകാണണം, അയാളുടെ നെഞ്ചിലുറങ്ങിയ ബാല്യത്തെപ്പറ്റിയുള്ള ഓർമ്മകൾ, അറിയാതെ “അപ്പാ” എന്ന് ഒരാവർത്തിയെങ്കിലും വിളിച്ചിട്ടുണ്ടാവണം.
രണ്ടാമത്തെ വീഴ്ചയെപ്പറ്റി ഒന്ന് ഓർത്തുനോക്കൂ. ആദ്യവീഴ്ച നൽകിയ പരിക്കുകളുടെ മേലാണ് അവൻ വീണ്ടും വീഴുന്നത്. കല്ലിൽ തട്ടി വീണ്ടും തകരുന്നത് മുന്നേതന്നെ മുറിവേറ്റ ശരീരമാണ്, പൊട്ടിക്കീറുന്നത് അവന്റെ മുറിവുകളാണ്.
ആദ്യവീഴ്ചയിൽ അവനെ ശക്തിപ്പെടുത്തിയത്, വീഴാൻ പോയ കുഞ്ഞുണ്ണിയെ വിരിപ്പുണർന്ന അമ്മയുടെ ഓർമയാണെങ്കിൽ, രണ്ടാം വീഴ്ചയിൽ എണീക്കാൻ അവന് ബലമായത് അപ്പന്റെയോർമകൾ തന്നെ.
അപ്പൻ മരപ്പണിയ്ക്കിടയിൽ മകനെ പഠിപ്പിച്ച പാഠങ്ങൾ എന്തൊക്കെയായിരുന്നിരിക്കണം?
യൗസേപ്പ് എന്ന മരപ്പണിക്കാരൻ.
- തീർത്തും ശാന്തനൊരാൾ !
- ദൈവത്തോട് മറുതലിക്കാത്തവൻ !
- ഒരു പുരുഷന്റെ, ഭർത്താവിന്റെ ഇച്ഛകളും, അവകാശങ്ങളും കൂടി നഷ്ടപ്പെട്ടിട്ടും ഒട്ടും ഉലയാത്തവൻ !
- ‘പേരുദോഷം’ കേട്ടവളെ ഹൃദയത്തോട് ചേർത്ത് സംരക്ഷിച്ചവൻ !
- ഒരു മുറിവും തളർത്താത്തവൻ..
- ജീവിതത്തെ ഒറ്റയ്ക്ക് നേരിടാൻ ആർജവത്വം കാണിച്ചവൻ..
- ഒന്നിനോടും കലഹിക്കാത്തവൻ..
ഇത് കണ്ട് വളർന്ന മകനാണ് കുരിശുമായി രണ്ടാമത് വീഴുന്നത്. ഉള്ളിലിരുന്ന്, അപ്പൻ മന്ത്രിച്ചു കാണണം, “മകനേ, തളരരുത്, തനിയെ എണീക്കണം, മുന്നോട്ട് പോകണം !”. ആരവങ്ങളും ആടകളും ഇല്ലാതെ ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതിയ ജോസഫെന്ന തച്ചന്റെ മകൻ,
ആ ഭീമാകാരൻ കുരിശുമായി വീണ്ടും എണീക്കുകയാണ്..!!
സുഹൃത്തേ, അമ്മമാരുടെ ആർദ്രത
മാത്രം മതിയോ നമുക്ക്?
ഓർത്തുനോക്കൂ,
അപ്പൻമാർ പരുക്കൻമാരായതുകൊണ്ടല്ലേ പല മരുഭൂമിയനുഭവങ്ങളിലും നമുക്ക് തകരാതെ നിൽക്കാനാവുന്നത്..?
കണ്ണീരിന്റെ അകമ്പടിയില്ലാതെ വീണ്ടും മുന്നോട്ടു പോകാനാവുന്നത്..
വീഴ്ചയും, മുറിവും, തോൽവിയും, ഒറ്റപ്പെടലുമൊന്നും നമ്മളെ ഉലയ്ക്കാത്തത് !
ദൈവമേ, ആ വലിയ തച്ചന്റെ മരണപ്പെരുന്നാളിൽ ഭൂമിയിലെ ഞങ്ങടെ സ്വന്തം അപ്പൻമാരെക്കൂടി ധ്യാനിക്കുന്നു..
ദേ, സീൻ ആകെ മാറി കെട്ടോ. വീണു കിടന്നവനെ നോക്കി, “എണീറ്റ് പോകിനെടാ, കിടന്നു മോങ്ങാതെ” എന്ന് !
നോ സെന്റി. കൂൾ ലൈഫ് !
ചങ്ങാതീ, നോമ്പുകാലം മനക്കരുത്തോടെ അതിവൈകാരികതകളെ തോൽപിക്കാനുള്ള കരുത്തു തരട്ടെ..!
വി. യൗസപ്പിന്റെ തിരുന്നാൾ മംഗളങ്ങൾ!!
കൃപനിറഞ്ഞ ദിവസം സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്