April 20, 2025
Church Jesus Youth Kairos Media News

കുരിശിന്റെ തണലിൽ – ചിറകുള്ള മനുഷ്യർ

  • March 18, 2025
  • 1 min read
കുരിശിന്റെ തണലിൽ –                      ചിറകുള്ള മനുഷ്യർ

മിനിഞ്ഞാണ് ഞായറാഴ്ച വൈകിട്ട് ഒരു അഞ്ചര മണി നേരത്താണ്, തെരുവിൽ നിന്നും നല്ല ഏതോ instrument സംഗീതം കേട്ടത്. ഇറങ്ങിച്ചെന്ന് നോക്കി. ഒരു മധ്യവയസ്കനാണ്. കയ്യിൽ ഒരു ഗിത്താർ ഉണ്ട്, കഴുത്തിൽ തൂക്കിയിട്ട ഒരു ചെറുസ്റ്റാൻഡിൽ കൃത്യമായി വായ്കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന വിധത്തിൽ ഒരു മൗത്ത് ഓർഗനും ഉണ്ട്. രണ്ടിൻ്റെയും ഒരുമിച്ചുള്ള സംഗീതം നല്ല ഭംഗിയായി അടുത്തിരിക്കുന്ന സ്പീക്കറിൽ നിന്നും പുറത്തേക്ക്.. നല്ല ഭംഗിയുണ്ടായിരുന്നു കേൾക്കാൻ എന്നതിനാൽ കുറച്ച് നേരം അത് ആസ്വദിച്ചുനിന്നു. ഒരു വീഡിയോ എടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസും ഇട്ടു. ആന മെലിഞ്ഞാലും ട്രെൻഡ് മറക്കാൻ പാടില്ലല്ലോ!

ഇത്തരം വഴിയോരസംഗീതജ്ഞർ യൂറോപ്പിൽ ഒരു സ്ഥിരകാഴ്ചയാണ്. വഴിപോക്കരും കേൾവിക്കാരും കൊടുക്കുന്ന ചെറുതുട്ടുകളാണ് അവരുടെ വരുമാനം. കീശയിൽ നിന്നും ചില ചില്ലറത്തുട്ടുകളുമായി, അടുത്തു ചെന്നപ്പോൾ അവിടെ പണം ഇടാനുള്ള പാത്രമോ വിരിച്ച് തുണിയോ ഒന്നും കാണുന്നില്ല. അയാൾക്ക് പണം വേണ്ട എന്നർത്ഥം. എനിക്ക് കൗതുകമേറി. അപ്പോൾ പിന്നെ എന്താണ് അദ്ദേഹത്തിന് ഉദ്ദേശം? രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹം സംഗീതം നിർത്തി അടുത്തു നിൽക്കുന്ന എന്നെ നോക്കി. ഞാൻ എന്നെ പരിചയപ്പെടുത്തി. അപ്പോൾ അദ്ദേഹം പാതി മുഖം മറച്ചിരുന്ന മൗത്ത് ഓർഗൻ മാറ്റി. എനിക്ക് പരിചയമുള്ള മുഖം പോലെ തോന്നി. അദ്ദേഹം എന്നോട് പറഞ്ഞു, “ഞാനും ഈ ഇടവകക്കാരനാണ്. പേര് ജോൺ. സാധിക്കുമ്പോഴൊക്കെ ഞായർ കുർബാനയിൽ പങ്കെടുക്കാറുണ്ട്.”

എൻറെ ആകാംക്ഷ മനസ്സിലായിട്ടാവണം, അദ്ദേഹം വിശദീകരിച്ചു : “റിട്ടയർ ആകുന്നത് വരെ ഒരു സംഗീത ഗ്രൂപ്പിൽ അംഗമായിരുന്നു. ഇപ്പോൾ വിശ്രമ ജീവിതം. അതുകൊണ്ട് എല്ലാ ഞായറാഴ്ചയും വൈകിട്ട് നേരം ഇവിടെ ഈ സ്ക്വയറിൽ വന്നിരുന്നു ഇതിലെ കടന്നു പോകുന്നവർക്ക് വേണ്ടി (ഞായറാഴ്ച വൈകിട്ട് ആയതിനാൽ കുഞ്ഞുങ്ങൾ തുടങ്ങി മുതിർന്നവർ വരെ അനേകർ കടന്നുപോകുന്നുണ്ട്) കുറെ നേരം ഉപകരണ സംഗീതം വായിക്കുകയാണ്.. പണമൊന്നും വേണ്ടിയിട്ടല്ല, പണത്തേക്കാൾ അതെനിക്ക് വലിയ സന്തോഷം തരുന്നുണ്ട്.”

ഈ സംഭവം ഈ ചൊവ്വാഴ്ച വെളുപ്പിന് എഴുതാൻ കാരണം, ആ സംഗീതം നൽകിയ ആനന്ദം ഞായർ വൈകിട്ടു തുടങ്ങി തിങ്കളും കഴിഞ്ഞ് ഇപ്പോഴും എന്റെ മനസ്സിൽ നിന്ന് മായുന്നില്ല എന്നതിനാലാണ്.
നോക്കൂ, തന്റെ ഉള്ളിലുള്ള സിദ്ധിയും കഴിവും തന്റെ ആരുമല്ലാത്ത ആരെയൊക്കെയോ സന്തോഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു മനുഷ്യൻ.

സത്യത്തിൽ, നമ്മുടെ സംസാരങ്ങളിൽ നമ്മളൊക്കെ എന്തോരം കണക്ക് പറച്ചിലുകൾ ആണ് നടത്തുന്നത്. കുടുംബത്തിലോ സുഹൃത്തുക്കളോടോ ആകട്ടെ.

  • അധ്വാനിച്ചതിന്റെ..
  • വളർത്തിയതിൻ്റെ..
  • സ്നേഹിച്ചതിൻ്റെ..
  • ത്യാഗം സഹിച്ചതിന്റെ..
  • പണം കൊടുത്തതിന്റെ..
  • ഉറക്കമിളച്ചതിന്റെ..
    ഒക്കെ കണക്കുകൾ…
    അവയൊക്കെയും ശരി ആയിരിക്കാം. പക്ഷേ, ചങ്ങാതീ, കണക്കുകൾ നിരത്തുന്നിടത്ത് അവയുടെ വില കളഞ്ഞുപോകുന്നു എന്നതാണ് എൻ്റെ ഒരു എളിയ നിരീക്ഷണം.

കണക്കും ലാഭവും പണവും ആഗ്രഹിക്കാതെ ഇന്നോളം ഞാൻ എന്ത് ചെയ്തു എന്നൊരു ആത്മശോധന നല്ലതാണെന്ന് തോന്നുന്നു. ജോൺ സായിപ്പിനെപ്പോലെ ഉള്ളിൽ അനുഭവിക്കുന്ന ആത്മസംതൃപ്തിയ്ക്ക് വേണ്ടി മാത്രം എന്തെങ്കിലുമൊക്കെ ചെയ്യുക എന്നത് ഒരു ധീരത തന്നെയാണ്, വലിയ ഒരു പുണ്യമാണ്.

കുരിശിൻ്റെ വഴിയെക്കുറിച്ചുള്ള ധ്യാനത്തിൽ വീണ്ടും വരുന്നത് കുരിശു ചുമക്കാൻ കൂട്ടു പോയ ശിമയോൻ്റെയും, കർത്താവിനെ കല്ലറയിൽ സംസ്കരിച്ച് ജോസഫിന്റെയും മുഖങ്ങൾ തന്നെയാണ്.

  • കണക്ക് പറച്ചിലുകൾ ഇല്ല..
  • അവകാശവാദങ്ങളും ഇല്ല..
  • വെറുതെ..!
  • ഉള്ളിലെ നന്മ തുളുമ്പിപ്പോയതുകൊണ്ട് മാത്രം..!!
    സുഹൃത്തേ, എല്ലായിടത്തും ഉണ്ടാവും, മാലാഖമാരെ പോലെ അങ്ങനെയും ചില മനുഷ്യർ.

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം..


ഫാ. അജോ രാമച്ചനാട്ട്

About Author

കെയ്‌റോസ് ലേഖകൻ