April 19, 2025
Church Jesus Youth Kairos Media News

ഓടിക്കോടാ/ടീ … വടീം കൊണ്ട് ടീച്ചർ/സാറ് വരുന്നുണ്ട്…

  • March 17, 2025
  • 1 min read
ഓടിക്കോടാ/ടീ … വടീം കൊണ്ട് ടീച്ചർ/സാറ് വരുന്നുണ്ട്…


ഇങ്ങനൊരു ശബ്ദം കേട്ടാൽ കേട്ടവരെല്ലാം നിൽക്കുന്നിടത്തു നിന്ന് ഓടി ക്ലാസിൽ കയറി നാക്ക് ലോക്ക് ചെയ്ത് ലോക്കറിൽ വയ്ക്കുന്ന കാലം..
എല്ലാ സ്കൂളുകളിലും ഏറ്റവും ചുരുങ്ങിയത് ഇങ്ങനെ ഒരു അധ്യാപകൻ/ അധ്യാപിക ഉണ്ടാവും.. ആ ഗുരുവിന് മുന്നിൽ അച്ചടക്കത്തിനൊപ്പം ധാർമ്മിക മൂല്യങ്ങളും ഓരോ കുട്ടിയിലും ടാഗ്(tag) ചെയ്യപ്പെട്ടിരുന്നു.
നല്ല പൗരൻമാരെ സമൂഹത്തിലേക്ക് അപ്‌ലോഡ് ചെയ്യാനും രാഷ്ട്രത്തിനും സമൂഹത്തിനും ആവശ്യാനുസരണം അവരെ ഡൗൺലോഡ് ചെയ്യാനും സാധിച്ചിരുന്നു.. ഗുരുക്കൻമാർ ആയിരുന്നു അന്നത്തെ വൈഫൈ കണക്റ്റിവിറ്റി.
70 കളിലും 80 കളിലും 90 കളിലും #മാതാപിതാഗുരുദൈവം എന്ന് പറഞ്ഞു നടന്ന അന്നത്തെ കുട്ടികളാണ് ഇന്നത്തെ ഞാൻ ഉൾപ്പെടുന്ന അധ്യാപക സമൂഹം.
ഞങ്ങൾ ഗുരുക്കൻമാർ ആയപ്പോൾ ദാ കിടക്കുന്നു… അവസ്ഥ …. തരികിടധോം..#മാതാപിതാശിക്ഷ്യർദൈവം .
ചുരുക്കി പറഞ്ഞാൽ അന്നും ഇന്നും … പഠന കാലഘട്ടത്തിലും പഠിപ്പീര് കാലഘട്ടത്തിലും … അടി ..വടി …ചൂരൽ ഇവയോടൊക്കെ ഒരു തൊട്ടു കൂട്ടായ്മ.. തീണ്ടി കൂടായ്മ.
പണ്ടു കാലത്ത് നിയമംമൂലം അൺടച്ചബിലിറ്റി നിരോധിച്ചപ്പോൾ ജീവനുള്ള , സ്നേഹമുള്ള , ഒരുമയുള്ള , കരുത്തുള്ള നല്ലയൊരു സമൂഹത്തെയാണ് നമ്മൾക്ക് തിരിച്ച് കിട്ടിയത്.
അച്ഛൻ മരിച്ചാൽ അമ്മയെ ചുട്ടു കൊന്ന് മക്കളെ അനാഥരാക്കി കൊണ്ടിരുന്ന ഒരു സാമൂഹിക വ്യവസ്ഥ (സതി) നമ്മുക്ക് ഉണ്ടായിരുന്നു. അവിടുന്ന് ഇവിടെ വരെ ട്രെയിൻ പിടിച്ച് എത്താൻ നമ്മെ സഹായിച്ചത് ശക്തമായ നിയമ സംവിധാനങ്ങളും വിദ്യാഭ്യാസവും ഗുരുക്കൻമാരുമൊക്കെയാണ്.
ഇപ്പോഴിതാ ഗുരുക്കൻമാരെ വരച്ച വരയിൽ നിർത്തി… വാ പൂട്ടിച്ച്… കൈ കാലുകൾ ബന്ധിച്ച് … തടവറയിലാക്കി…
പ്രകാശം പരത്തിയവരെ ഇരുട്ടറയിലേക്ക് തള്ളി വിട്ടു നിങ്ങൾ പൊട്ടിച്ചിരിച്ചു..
ബാലാവകാശവും നാട്ടുകാരും ചില മാതാപിതാക്കളും അതിന് ജയ് വിളിച്ച് അട്ടഹസിച്ചു. ഞങ്ങൾ അധ്യാപകരെ നോക്കി നിങ്ങൾ കൊഞ്ഞനം കുത്തി.
ഏതൊരു സാധാരണ ജോലിയും പോലെയുള്ള ജോലിയാണ് നിങ്ങളുടെയും ജോലിയെന്ന് പറഞ്ഞ് പരിഹസിച്ചു..
ഫലമോ….
ബാലാവകാശത്തിൻ്റെ വാക്ക് തെറ്റി…
മാതാപിതാക്കളുടെ നോട്ടം തെറ്റി…
കുട്ടികളുടെ ട്രാക്ക് തെറ്റി..
സമൂഹത്തിൻ്റെ പോക്ക് തെറ്റി…
തെറ്റ് ചെയ്യാനുള്ള വിലക്ക് മാറ്റി…
മൈ ഡിയർ ചിൽഡ്രൻ, മാതാപിതാക്കൾ, സൊസൈറ്റി …
കഴിഞ്ഞ കുറച്ച് കാലങ്ങളിലെ സാമൂഹിക സാഹചര്യം കണ്ടും കേട്ടും അനുഭവിച്ചും എഴുതി പോയതാ.. സാരില്യ…മ്മക്ക് എല്ലാം മറക്കാം… ക്ഷമിക്കാം… ഒത്തൊരുമിച്ച് നമ്മുക്ക് ആരോഗ്യമുള്ള, സ്നേഹമുള്ള, മനുഷ്യത്വമുള്ള, നന്മയും കരുണയും ഉള്ള നല്ലൊരു സമൂഹത്തെ വാർത്തെടുക്കാം..
നാളെ നല്ലൊരു പുലരിയാവട്ടെ..
പ്രകാശം പരക്കട്ടെ..
നന്മ വിളയട്ടെ…
മനുഷ്യത്വം പൂത്തുലയട്ടെ…
കാരുണ്യം പെയ്യട്ടെ…
സ്നേഹം കവിഞ്ഞൊഴുകട്ടെ…
സമാധാനം നമ്മോടുകൂടെ !

FB:POST ഷാർലറ്റ് ടോം

About Author

കെയ്‌റോസ് ലേഖകൻ