ആത്മഹത്യയിലേക്ക് തള്ളപ്പെടുന്ന നിരാലംബർ: സമൂഹത്തിന്റെ ഉത്തരവാദിത്തം എവിടെ?

സാമ്പത്തികമായും മറ്റു കാരണങ്ങളാലും പഠിക്കാൻ ബുദ്ധിമുട്ടുന്ന, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള ഒരു പ്രോജക്ടിന്റെ ചർച്ച വേളയിൽ ഞാൻ ഏറ്റവും അടുത്ത ചില വൈദീകരോടും ഒന്ന് രണ്ടു മെത്രാന്മാരോടും ചോദിച്ച ഒരു ചോദ്യം… ” നിരാലംബയായ ഒരു സ്ത്രീ തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് അച്ചന്റെ അല്ലങ്കിൽ മെത്രാന്റെ അടുക്കൽ വന്നിട്ട് ഞങ്ങൾക്ക് ഇനി ജീവിക്കാൻ പറ്റില്ല, ആത്മഹത്യാ ചെയ്യാൻ പോകുകയാണ് ” എന്ന് പറഞ്ഞാൽ അച്ചൻ / പിതാവ് എന്ത് ചെയ്യും ?” എനിക്ക് ഏറ്റവും അടുപ്പമുള്ള പിതാവിന്റെ മറുപടി പോലും നിസ്സഹായതയുടേതായിരുന്നു. ഇങ്ങനെ ഉള്ള ഒരാൾ വരുമ്പോൾ സാധാരണ ഗതിയിൽ അച്ചൻ / പിതാവ് എവിടുന്നെങ്കിലും കുറച്ച് പൈസ സംഘടിപ്പിച്ച് കൊടുക്കും. ഒക്കുമെങ്കിൽ കുടുംബക്കാരെ എല്ലാം വിളിച്ച് ഒരുമിച്ച് പോണം എന്ന് പറയും. കുറച്ചുകൂടി കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരായവർ കുഞ്ഞുങ്ങളെ എവിടെങ്കിലും വിട്ട് പഠിക്കാൻ സഹായിക്കും. അതിനപ്പുറത്തേക്ക് അവർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നതാണ് സത്യം. (അങ്ങനെ ചെയ്താലും ഈ സഹായിച്ച അച്ചൻ കുരിശിലേറും, അച്ചനും ആ സ്ത്രീയും കൂടി അവിഹിത ബന്ധം ഉണ്ടെന്നും അതുകൊണ്ടാണ് അവരെ അച്ചൻ സഹായിച്ചത് എന്നും പറയാൻ മുന്നിൽ നിൽക്കുന്നത് ഇതേ നാട്ടുകാരും വീട്ടുകാരും ആയിരിക്കും )
ഒരിക്കൽ ഞാൻ ഈ ചോദ്യം ചോദിച്ചപ്പോൾ ഒരു അച്ചൻ എന്നോട് തിരിച്ച് ചോദിച്ചു, “ഞങ്ങളുടെ കാര്യം അവിടെ നിക്കട്ടെ, ബാബുവിന്റെ അടുത്തേക്ക് വന്നാൽ ബാബു എന്ത് ചെയ്യും ?” ഈ ചോദ്യം നമ്മൾ പ്രതീക്ഷിച്ചിട്ടുള്ളതായതുകൊണ്ട് ഞാൻ അതുവരെ ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിച്ചുകൊടുത്തു. ഒപ്പം ഞാൻ അത്തരം കാര്യങ്ങളിൽ ഇടപെട്ടതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന കുരിശുകളും. (അത്തരം കുരിശുകൾക്കൊന്നും ഞാൻ പുല്ലുവില പോലും കൊടുക്കില്ല എന്നത് വേറെ കാര്യം )
അച്ചൻ ആയാലും മെത്രാൻ ആയാലും ഇനി സാധാരണ ഒരാൾ ആയാലും ഇപ്പോൾ ഇത്തരം കാര്യങ്ങളിൽ പലപ്പോഴും ഇടപെടാൻ അവർക്കെല്ലാം പേടിയാണ്. ഇതുപോലെ മുന്നിൽ വരുന്ന ഏതെങ്കിലും ഒരു കേസിൽ ഇടപെട്ടാൽ ചിലപ്പോൾ ധനനഷ്ടവും മാനഹാനിയും ആയിരിക്കും ഫലം. അങ്ങനെ അനുഭവിച്ച ഒരു ഡസനിലധികം വൈദികരെതന്നെ എനിക്ക് നേരിട്ട് അറിയാം. പലപ്പോഴും സ്ത്രീകളുടെ ബന്ധുക്കൾ തന്നെയായിരിക്കും സഹായിച്ച അച്ഛനെതിരെ ആരോപണവുമായി വരുന്നതും.
കുഞ്ഞുങ്ങളെയുംകൊണ്ട് ആത്മഹത്യ ചെയ്ത ഷൈനിയുടെ കാര്യത്തിലും ഇതൊക്കെ തന്നെ സംഭവിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരുടെ പ്രശ്നങ്ങളിൽ ഒത്ത് തീർപ്പിനും മറ്റും വൈദീകരും മറ്റും ശ്രമിച്ചിരുന്നു. എന്നിട്ടും ഭർതൃ വീട്ടുകാരുടെ ഉപദ്രപം കുറഞ്ഞില്ല. കാരിത്താസിലെ ജോലിക്ക് അപേക്ഷിച്ചപ്പോൾ 9 വർഷത്തെ ഗ്യാപ് ഉണ്ടായതുകൊണ്ട് നഴ്സിംഗ് അസിസ്റ്റൻറ് ആയിട്ടേ ജോലി തരാൻ സാധിക്കൂ എന്ന് പറഞ്ഞു, ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞിട്ടാണ് അവർ അവിടെ നിന്ന് പോയതും.
ഗ്യാപ് കണക്കിലെടുക്കാതെ ജോലി കൊടുക്കാൻ നിയമപരമായി പറ്റുമോ എന്ന് എനിക്കറിയില്ല. കേരള സർക്കാരിന്റെ രെജിസ്ട്രേഷൻ അടക്കം വേണമെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. എങ്കിലും ഇനി അവർക്ക് ആ ഗ്യാപ് കണക്കാക്കാതെ ജോലി കൊടുത്തു എന്ന് വിചാരിക്കുക. അപ്പോഴും അവിടെ ജോലി ചെയ്യുന്നവർ ഉൾപ്പടെ സഭയെയും അച്ചന്മാരെയും തെറി വിളിക്കും. ഒൻപതു വർഷത്തെ ഗ്യാപ് ഉണ്ടായിട്ടും അച്ചന്റെ അനിയന്റെ ഭാര്യ ആയതുകൊണ്ട് ജോലി കൊടുത്തു എന്നായിരിക്കും ആരോപണം. വേണമെങ്കിൽ ഹോസ്പിറ്റലിലെ ഡയറക്ടർ അച്ചനെയും ആ സ്ത്രീയെയും കൂടി ചേർത്ത് ഒരു കഥയും ഇറക്കും. (ഇനി അങ്ങനെ ഗ്യാപ് ഉണ്ടായാലും സാരമില്ല, ജോലി കൊടുക്കാൻ ഏതെങ്കിലും ഹോസ്പിറ്റൽ തയ്യാറാണെങ്കിൽ എന്നോട് ഒന്ന് പറയണം, ഇതേ സാഹചര്യത്തിൽ കടന്നു പോകുന്ന, 15 വർഷത്തെ ഗ്യാപ് ഉള്ള ഒരു Bsc Nurse നു ജോലി വേണം)
ഈ ദാരുണ സംഭവത്തിൽപെട്ട അവരുടെ കൗൺസിലർ, അയൽക്കാരി എല്ലാം ഇന്നലെ രോഷം കൊള്ളുന്നത് കണ്ടു. ഇവരൊക്കെ എവിടെ ആയിരുന്നു ഈ സംഭവം ഉണ്ടാകുന്നത് വരെ ? കൗൺസിലർ പൊതുപ്രവർത്തകയാണല്ലോ. പലരോടും നല്ല ബന്ധം ഉള്ളവർ. അവർ ഇടപെട്ടിരുന്നു എങ്കിൽ ആ സ്ത്രീയെയും കുഞ്ഞുങ്ങളെയും തൽക്കാലത്തേക്കെങ്കിലും ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സാധിക്കില്ലായിരുന്നോ ?
ഇപ്പോൾ സോഷ്യൽ മീഡിയയിൽ രോഷം കൊള്ളുന്ന ഓൺലൈൻ മഞ്ഞകളും അല്ലാത്തവരും അടക്കം , അയൽക്കാർ ഉൾപ്പടെ ദുരന്തം സംഭവിച്ചതിന് ശേഷം സഭയുടെയും വൈദികരുടെയും മണ്ടക്കോട്ടു കയറിയിട്ട് എന്ത് കാര്യം ? ഒരുപക്ഷെ തലേ ദിവസം ആ കുടുംബത്തിൽ ഉണ്ടായ പ്രശ്നങ്ങളിൽ എങ്കിലും ഇടപെടാൻ ആ കൗൺസിലറോ നാട്ടുകാരോ ഉണ്ടായോ ? പോട്ടെ , ആ സ്ത്രീ താൽക്കാലികമായി ജോലി ചെയ്തിരുന്ന പാലിയേറ്റിവ് കെയറിൽ അമ്മായി അപ്പൻ ചെന്ന് ബഹളമുണ്ടാക്കി ആ ജോലി കളയിക്കുമ്പോൾ എങ്കിലും ഇവർ ഇടപെട്ടോ ? ഷൈനിയുടെ തന്നെ വിദേശത്ത് ജോലി ചെയ്യുന്ന സഹോദരി ഉൾപ്പടെയുള്ളവർ ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളപ്പോൾ ഇടപെട്ട് ഷൈനിയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ എന്ത് ചെയ്തു ?
ഇതിനിടയിൽ ഏറ്റവും അടുത്ത ഒരു കൂട്ടുകാരന്റെ രോഷപ്രകടനം നിറഞ്ഞ ഫേസ് ബുക്ക് പോസ്റ്റ് കൂടി കണ്ടു. കഴിഞ്ഞ വർഷമാണ് തോന്നുന്നു, ഇതുപോലെ ബുദ്ധിമുട്ടിയ ഒരു പെൺകുട്ടിയെ പഠിക്കാനായി ഒന്ന് സഹായിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എന്റെ വീടുപണിക്ക് ഒന്നരക്കോടി രൂപ ആയിട്ടിരിക്കുവാ, ഇപ്പോൾ ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞ കക്ഷിയാണ് അത്. ആ കുട്ടി ആത്മഹത്യ ചെയ്തിരുന്നെങ്കിലും അവൻ സഭയെ തെറിപറഞ്ഞുകൊണ്ട് പോസ്റ്റ് ഇട്ടേനെ.
അപ്പോൾ പറഞ്ഞു വരുന്നത് മറ്റൊന്നും അല്ല, നമുക്ക് തെറി പറയാൻ ഒരു ഇര വേണം. അത് സഭയും അച്ചന്മാരും ആണെങ്കിൽ സേഫ് ആണ്, ആരും തിരിച്ച് പറയാൻ വരില്ല. അല്ലാതെ മരിച്ചവരോടോ ഇനി മരിക്കാൻ പോകുന്നവരോടോ ഉള്ള അനുകമ്പ കൊണ്ടൊന്നും അല്ല.
സഭയെ ഈ ചീത്ത വിളിക്കുന്നവരിൽ പലരും കഴിഞ്ഞ കാലങ്ങളിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരു വൈദികന്റെ എങ്കിലും സഹായം സ്വീകരിച്ച് വളർന്നവർ ആണെന്നതാണ് അതിലേറെ രസം ഇത്രയും എഴുതിയത് സഭയെയും അച്ചന്മാരെയും സപ്പോർട്ട് ചെയ്യാൻ ഒന്നും അല്ല. അവർ ആരെങ്കിലും ഈ കാര്യത്തിൽ കുറ്റക്കാർ ആണെങ്കിൽ രാജ്യത്തിന്റെയും അവർതന്നെ വിശ്വസിക്കുന്ന ദൈവത്തിന്റെയും ശിക്ഷ അവർക്ക് ലഭിക്കട്ടെ. പക്ഷെ നാട്ടുകാരും വീട്ടുകാരും ഇടപെടാത്ത , ഒരു ചെറുവിരൽ അനക്കാതെ ഇത്തരം കാര്യങ്ങളിൽ സഭ എന്ത് ചെയ്യാനാണ് ?.
ഒരു കാര്യം കൂടി, ഒരുവിധത്തിലും പൊരുത്തപ്പെട്ട് പോകില്ല എന്ന് കണ്ടാൽ പിന്നെ അവിടെ നിക്കാനോ നിർത്താനോ ഒരാളും ശ്രമിക്കരുത്. അങ്ങനെ ഏച്ചുകെട്ടുന്ന ബന്ധങ്ങളാണ് പലതും ഈ വിധത്തിൽ അവസാനിക്കുന്നതും.
വാൽകഷ്ണം: ഇങ്ങനെ നിയസഹായരായി വരുന്ന ആളുകളെ, അത് ആണോ പെണ്ണോ കുട്ടികളോ മുതിർന്നവരോ , ക്രിസ്ത്യാനിയെന്നോ ക്രിസ്ത്യാനി അല്ലാത്തവർ എന്നോ നോക്കാതെ സാധിക്കുന്ന വിധത്തിലെല്ലാം സംരക്ഷിക്കാൻ ശ്രമിച്ച എനിക്ക് ഏറ്റവും അടുത്ത് അറിയാവുന്നവരിൽ മുൻ നിരയിൽ ഉള്ളവരിൽ ഒരാൾ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ആയിരുന്ന ജോർജ്ജ് പനയ്ക്കൽ അച്ചൻ ആയിരുന്നു. ഒരാൾ സഹായം ചോദിച്ച് അവിടെ എത്തിയാൽ, അവരുടെ അനുവാദം ഇല്ലാതെ അവരെ കൊണ്ടുപോകാൻ ഒരാളെയും അച്ചൻ അനുവദിച്ചിരുന്നില്ല. അവർക്ക് പഠിക്കണമെങ്കിൽ പഠിക്കാൻ , അല്ലങ്കിൽ കൊച്ചു കൊച്ചു ജോലികൾ ഒക്കെ അച്ചൻ സഹായിച്ചിരുന്നു. അതിന്റെ പേരിൽ പനയ്ക്കൽ അച്ചനും ഡിവൈൻ ധ്യാനകേന്ദ്രവും സുപ്രീം കോടതിയിൽ വരെ കേസ് പറയേണ്ടി വന്നു. എന്നിട്ടും അച്ചൻ പിന്തിരിഞ്ഞില്ല. അന്ന് ആ സ്ഥാപനം പൂട്ടിക്കാൻ നടന്നവരിൽ ഇന്ന് സഭ എന്ത് ചെയ്യുന്നു എന്ന് ഇന്ന് ഓരിയിടുന്ന ആളുകളും ഉണ്ട്.
ഇനിയും ആർക്കെങ്കിലും രോഷം കൊണ്ട് തിളയ്ക്കുന്നുണ്ടെങ്കിൽ , ഇതുപോലെയോ ഇതിനേക്കാളോ മോശമായി പോകുന്ന ഒരു പത്തു കുടുംബങ്ങളെ ഞാൻ പരിചയപ്പെടുത്തിത്തരാം, അവരുടെ കാര്യങ്ങൾ തൽക്കാലത്തേക്ക് എങ്കിലും ഏറ്റെടുത്ത് സഹായിക്കാൻ സാധിക്കുമെങ്കിൽ. ആത്മഹത്യ ചെയ്യുന്നതിന് മുൻപുള്ള സഹായം ആണല്ലോ ആത്മഹത്യ ചെയ്തതിന് ശേഷമുള്ള രോഷപ്രകടനത്തെക്കാൾ നല്ലത്.
Fb POST : Babu K Thomas