April 19, 2025
Jesus Youth Kairos Media News

ദഹനബലിയുടെ ഓർമകളിൽ ആറ് വീടുകൾ

  • March 4, 2025
  • 1 min read
ദഹനബലിയുടെ ഓർമകളിൽ ആറ് വീടുകൾ

ദൈവരാജ്യശുശ്രൂഷയ്ക്കിടയിൽ അഞ്ചു ജീസസ് യൂത്ത് അംഗങ്ങൾ സ്വന്തം ജീവൻ ദഹനബലിയായി നൽകിയിട്ട് മാർച്ച് 11-ന് 25 വർഷം തികയുകയാണ്. അവരുടെ സ്‌മരണക്കായി ആറ് വീടുകൾ നിർമിച്ചു നൽകുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ജീസസ് യൂത്ത് അംഗങ്ങൾ.

കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പിൽ 2001 മാർച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങൾ മരിച്ചത്. അഞ്ചുപേരും ജീസസ് യൂത്തിന്റെ ഔട്ട്റീച്ച് ഫുൾടൈമേഴ്സ് ആയിരുന്നു ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ ഔട്ട്റീച്ച് ശുശ്രൂഷകൾ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് തീപിടിച്ചത്. രാത്രിയായതുകൊണ്ട് യാത്രക്കാർ എല്ലാവരും ഉറക്കത്തിലായിരുന്നു. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഇടവകാംഗമായ റോയി ചുവപ്പുങ്കൽ, സമീപ ഇടവകയായ ചെമ്പനോടയിലെ രജനി മാത്യു കാവിൽപുരയിടത്തിൽ, റീന സെബാസ്റ്റ്യൻ പാലറ, ഷിജി തോമസ് കറുത്തപാറക്കൽ, ബിന്ദു ദേവസ്യ വാഴേക്കടവത്ത് എന്നിവരായിരുന്നു ആ അഞ്ചുപേർ അപകടത്തിൽപെട്ട ബസിൽനിന്നും റോയിക്ക് സുരക്ഷിതനായി പുറത്തുവരാൻ കഴിഞ്ഞു. എന്നാൽ ബസിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ റോയി ബസിനകത്തേക്ക് വീണ്ടും കയറുകയായിരുന്നു. ബസിൽ കുടുങ്ങിക്കിടന്ന ബിന്ദുവിനെ റോയി വലിച്ചു പുറത്തിറക്കി. തുടർന്ന് മറ്റുള്ളവരെ രക്ഷിക്കാൻ ബസിലേക്ക് കയറിയ റോയിയെ അഗ്നി വിഴുങ്ങുകയായിരുന്നു. റോയിയും മറ്റ് മൂന്നുപേരും അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായ പൊള്ളലേറ്റ ബിന്ദു അഞ്ചാം ദിവസമാണ് മരിച്ചത്. ബിന്ദുവിലൂടെയാണ് അപകട വിവരങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞത്. 44 പേരായിരുന്നു ആ ബസ് അപകടത്തിൽ മരണമടഞ്ഞത്.

നല്ല അയൽക്കാരൻ

2025 മാർച്ച് 11-ന്, മരണം സംഭവിച്ചിട്ട് 25 വർഷങ്ങൾ പൂർത്തിയാകും അവരുടെ സ്മരണക്കായി ആറ് വീടുകൾ നിർമിച്ചു നൽകുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ജീസസ് യൂത്ത് അംഗങ്ങൾ, കോഴിക്കോട് ജില്ലയിലെ കൂടത്തായിൽ അഞ്ച് വീടുകളും കൂരാച്ചുണ്ടിൽ ഒരു വീടുമാണ് ഉയരുന്നത്. വിലങ്ങാട് ഉരുൾപൊട്ടലിൽ ഭവനങ്ങൾ നഷ്ടപ്പെട്ട നാല് കുടുംബങ്ങൾക്കും ഒരു അക്രൈസ്തവ കുടുംബത്തിനും മറ്റൊരു കുടുംബത്തിനുമാണ് വീടുകൾ നൽകുന്നത്. ഉരുൾപൊട്ടലിൽ വീട് അപകടാവസ്ഥയിൽ ആയെങ്കിലും ഗവൺമെന്റിന്റെ കണക്കിൽ വീട് കിട്ടാൻ സാധ്യത ഇല്ലാത്ത കുടുംബങ്ങൾക്കാണ് വീട് നൽകുന്നത്. സഹോദരങ്ങൾക്കുവേണ്ടി ജീവൻ നൽകിയവർക്ക് ഉചിതമായ സ്മാരകമാണ് പൂർത്തിയായിരിക്കുന്നത്. ജീസസ് യൂത്തിന്റെ ‘നല്ല അയൽക്കാരൻ’ പ്രൊജക്ടിന്റെ നേതൃത്വത്തിലാണ് ഭവനനിർമാണ പദ്ധതി. അംഗങ്ങളുടെ ദശാംശത്തിൽനിന്നാണ് വീടുകളുടെ നിർമാണച്ചെലവിനുള്ള പണം കണ്ടെത്തിയത്. മാർച്ച് 10ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അക്രൈസ്‌തവ കുടുംബത്തിനുള്ള വീടിൻ്റെ താക്കോൽ കൈമാറും. കൂടത്തായിൽ പൂർത്തീകരിച്ച 4 ഭവനങ്ങളുടെ വെഞ്ചിരിപ്പും താക്കോൽദാനവും 11ന് മാർ ഇഞ്ചനാനിയിൽ നിർവഹിക്കും. കൂരാച്ചുണ്ടിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും ഏപ്രിൽ 26-ന് മാർ ഇഞ്ചനാനിയിൽ നിർവഹിക്കും. അന്നു വൈകുന്നേരം നാലിന് കൂടത്തായി ലൂർദ് മാതാ ദൈവാലയത്തിൽ ജീസസ് യൂത്ത് എക്ലേസിയാസ്റ്റിക്കൽ അഡ്‌വൈസറും കണ്ണൂർ രൂപ താധ്യക്ഷനുമായ ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിക്കും. മരണമടഞ്ഞ അഞ്ചുപേരുടെയും കുടുംബാംഗങ്ങൾ, സാമ്പത്തികമായി സഹായിച്ചവർ തുടങ്ങി എല്ലാവരും ഒരുമിച്ചുകൂടും. അവരെ അനുസ്‌മരിക്കുകയും സാഹചര്യം പുതുതലമുറയ്ക്കായി വിശദീകരിക്കുകയും ചെയ്യും. നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കോൺട്രാക്‌ടർമാരെ ആദരിക്കും. വീടുകൾ നൽകുന്നത് പൊതുസമ്മേളനം നടത്തിയല്ലെന്നു മാത്രമല്ല, താക്കോൽ കൈമാറ്റവും പൊതുചടങ്ങല്ല. “വലതുകരം ചെയ്യുന്നത് ഇടതുകരം അറിയാതിരിക്കട്ടെ’ എന്ന തിരുവചനംപോലെ. വീടുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വിശുദ്ധ ഫ്രാൻസിസ് അസീ സിയുടെ സമാധാന പ്രാർത്ഥനയും മരണമടഞ്ഞ അഞ്ചുപേരുടെ ഫോട്ടോകളും അനാച്ഛാദനം ചെയ്തിട്ടുണ്ട്.

കൈയിൽ ആകെ 23,000

ജീസസ് യൂത്ത് ഇൻ്റർനാഷണൽ ആനിമേറ്ററായിരുന്ന ഫാ.എബ്രാഹം പള്ളിവാതുക്കൽ എസ്.ജെ ഇപ്പോൾ രോഗാവസ്ഥയെ തുടർന്ന് വിശ്രമത്തിലാ ണെങ്കിലും അച്ചൻ മുമ്പിൽനിന്ന് നയിച്ചപ്പോൾ അനേകം ജീസസ് യൂത്ത് അംഗങ്ങൾ ഈ പ്രൊജക്ടി നോട് കൈകോർത്തു. പ്രവർത്തനങ്ങൾ ഏകോപിച്ചത് ജീസസ് യൂത്ത് മുൻ നാഷണൽ ടീം മെമ്പറും ഇൻ്റർനാഷണൽ മിഷൻ ടീം മെമ്പറും കേരളത്തിലെ ജീസസ് യൂത്തിൻ്റെ ലേ ആനിമേറ്ററും കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപകനുമായ റെജി ജെ കരോട്ടാണ്. കല്ലാനോട് സ്‌കൂൾ അധ്യാപകനും ജീസസ് യൂത്ത് കോഴിക്കോട് സോണൽ ഫാമിലി ടീം കോ-ഓർഡിനേറ്ററുമായ പ്രഫുൽ വർഗീസും, ജീസസ് യൂത്ത് കോഴിക്കോട് സോൺ മുൻ ഫാമിലി മിനിസ്ട്രി കോ-ഓഡിനേറ്റർ ബിൻസ് പുൽത്തകിടിയേൽ പേരാമ്പ്രയും നേതൃനിരയിൽനിന്ന് സജീവമായി പദ്ധതിയോടു സഹകരിച്ചു.
വിശ്വാസത്തിലുള്ള എടുത്തുചാട്ടമായിരുന്നു വീടു നിർമാണം. നിർമാണം തുടങ്ങുമ്പോൾ കൈവശം ഉണ്ടായിരുന്നത് 23,000 രൂപ മാത്രമായിരുന്നു. ദൈവം നൽകുമെന്ന ഉറച്ച വിശ്വാസമായിരുന്നു മൂലധനം. 2024 ഒക്ടോബറിൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. 2025 ഫെബ്രുവരി 28-ന് നിർമാണം പൂർത്തീകരിച്ച് മാർച്ച് 11-ന് മുമ്പ് താക്കോൽ കൈമാറണമെന്നു തീരുമാനിച്ചായിരുന്നു കൂടത്തായിൽ പണികൾ ആരംഭിച്ചത്. പ്രതീക്ഷിച്ചതുപോലെതന്നെ പൂർത്തിയാക്കാനും കഴിഞ്ഞു. പണം ഒന്നിനും തടസമായില്ല. വിദേശത്തും സ്വദേശത്തുമുള്ള ജീസസ് യൂത്ത് അംഗ ങ്ങളോടുമാത്രമാണ് സാമ്പത്തിക സഹായം തേടിയത്. ആയിരം ചോദിച്ചവർ പതിനായിരവും പതിനായിരം ചോദിച്ചപ്പോൾ അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ നൽകിയവരും നിരവധി.

കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ

വീട് നിർമാണത്തിന് ഉപയോഗിച്ചത് ഏറ്റവും മികച്ച വസ്തുക്കൾ മാത്രമായിരുന്നു. മറ്റുള്ളവർക്ക് നൽകുമ്പോൾ ഏറ്റവും മികച്ചത് കൊടുക്കണമെന്നതിൽ ജീസസ് യൂത്ത് അംഗങ്ങൾക്ക് അല്പംപോലും സംശയം ഉണ്ടായിരുന്നില്ല. നിർമാണത്തിന്റെ അവസാനഘട്ടത്തിൽ പലരീതിയിലാണ് ജീസസ് യൂത്ത് അംഗങ്ങൾ ഇതിൽ പങ്കുചേർന്നത്. നാല് വീടിനുമായി പൊതുവായ ഒരു കിണറു കുത്തി. ഒരു കുടുംബത്തിന് മോട്ടോർ സ്വന്തമായി ഉണ്ടായിരുന്നു. മൂന്നു മോട്ടോർ ഒരാൾ സംഭാവന ചെയ്തുതു. 80 ബൾബുകൾ മറ്റൊരാൾ നൽകി. ഫാനുകൾ തുടങ്ങി പല അവശ്യവസ്തുക്കളും ജീസസ് യൂത്ത് അംഗങ്ങൾ സംഭാവനകളായി നൽകിയതാണ്.

2018-ലെ പ്രളയത്തോടും പ്രകൃതിദുരന്തങ്ങളോടും അനുബന്ധിച്ചാണ് നല്ല അയൽക്കാരൻ പദ്ധതിയുടെ തുടക്കം. പിന്നീട് ചികിത്സാ സഹായംപോലു ള്ള കാര്യങ്ങളിലേക്ക് എത്തി. കോവിഡ് കാലത്ത് നല്ല അയൽക്കാരൻ പ്രൊജക്ടിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ആഹാരത്തിനും മരുന്നിനുമൊക്കെ പണം നൽകി. പുറത്തുനിന്ന് പണിക്കുവന്ന് കുടുങ്ങിപ്പോയ വർക്ക് ഭക്ഷണം നൽകി. കോവിഡ് അവസാനിച്ച സമയത്ത് ആ പദ്ധതിയുടെ ഭാഗമായി 24 സെൻ്റ് സ്ഥലം കൂടത്തായിൽ വാങ്ങി. സ്വന്തമായി സ്ഥലമില്ലാത്ത ആർക്കെങ്കിലുമൊക്കെ സൗജന്യമായി നൽകാമെന്ന ചിന്തയിലായിരുന്നു വാങ്ങിയത്. 2024 ൽ വയനാട്ടിലും വിലങ്ങാടും പ്രകൃതിദുരന്തങ്ങൾ ഉണ്ടായപ്പോൾ ജീസസ് യൂത്തിൻ്റെ നേതൃത്വത്തിൽ സഹായവുമായി ഓടിയെത്തിയിരുന്നു.

വീട് അക്രൈസ്‌തവ കുടുംബത്തിനും

കഴിഞ്ഞ വർഷം റെജി ജെ. കരോട്ടാണ് അഞ്ചു പേരുടെ ഓർമക്കായി വീടു നൽകാമെന്ന ആശയം ആദ്യം മുന്നോട്ടു വച്ചത്. ആ നിർദ്ദേശത്തെ സന്തോഷപൂർവമാണ് മറ്റുള്ളവർ എതിരേറ്റത്. അങ്ങനെയാണ് പഴയ സഹപ്രവർത്തകരുടെ മരണത്തിന്റെ 25-ാം വാർഷികത്തിൽ അവരുടെ സ്‌മരണയ്ക്കായി ആറ് വീടുകൾ ഉയർന്നത്. ആദ്യം അഞ്ച് എന്നാണ് തീരുമാനിച്ചതെങ്കിലും പിന്നീടത് ആറു വീടുകൾ നൽകാമെന്ന തീരുമാനത്തിലേക്ക് എത്തി. രണ്ടുമുറി, അടുക്കള, ടോയ്‌ലറ്റ്, സ്വീകരണമുറി, സിറ്റൗട്ട് എന്നിങ്ങനെയാണ് ഓരോ വിടും. പാതി നിർമാണം കഴിഞ്ഞിരുന്ന വീട് കുറച്ചുകൂടി വലുപ്പം ഉള്ളതാണ്. ആകെ 87 ലക്ഷത്തോളം രൂപ ചെലവുവന്നു.
ഒരു വീട് അക്രൈസ്‌തവ കുടുംബത്തിന് നൽകണമെന്ന് ഫാ. പള്ളിവാതുക്കലിൻ്റെ നിർദ്ദേശമായിരുന്നു. നമ്മൾ എല്ലാവരെയും പരിഗണിക്കണമെന്നാണ് കർത്താവ് പറയുന്നത് ഈശോ ചിന്തിച്ചതുപോലെ വിശാലമായി നമ്മൾ ചിന്തിക്കണം. പുതിയ ആകാശവും പുതിയ ഭൂമിയുമെന്ന് കർത്താവ് പഠിപ്പിക്കുന്നത് എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാൻ കഴിയണമെന്ന് പള്ളിവാതുക്കലച്ചൻ പറയുന്നു. 2001-ൽ അച്ഛൻ ജർമനിയിൽ ധ്യാനം നടത്തുന്നതിനിടയിലായിരുന്നു അപകട വാർത്ത അറിഞ്ഞത്. കേരളത്തിൽ എത്തിക്കഴിഞ്ഞ് അഞ്ചുപേരുടെ ഭവനങ്ങളിലെത്തി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തിരുന്നു.

സ്ഥലം സൗജന്യം; ഒപ്പം നിർമാണച്ചെലവും

അക്രൈസ്‌തവ കുടുംബത്തെ തിരഞ്ഞെടുത്തതിൻ്റെ പിന്നിൽ മറ്റൊരു കഥയുണ്ട്. സ്‌കൂളിൽനിന്ന് ടൂർ പോകാൻ തീരുമാനിച്ചപ്പോൾ പണം ഇല്ലാത്തതിനാൽ ഒരു പെൺകുട്ടി പങ്കെടുക്കുന്നില്ലെന്നറിയിച്ചു. 500 രൂപയായിരുന്നു ഫീസ്. അതറിഞ്ഞ് അധ്യാപകനായ റെജി അവരുടെ വീട്ടിൽ പോയി. അപ്പോഴാണ് ആ കുടുംബത്തിൻ്റെ ദയനീയ സ്ഥിതി മനസിലായത്. പത്തുവർഷംമുമ്പ് വീടുപണി ആരംഭിച്ചെങ്കിലും സ്ട്രക്‌ചർ കഴിഞ്ഞ് മുമ്പോട്ട് പോകാനായില്ല. അതിനിടയിൽ കുടുംബനാഥൻ രോഗിയായി. ജനലുകളോ വാതിലോ ഇല്ലാത്ത സിമന്റിടാത്ത തറയിൽ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിലാണ് അവർ ജീവിച്ചിരുന്നത് പണം നൽകി പെൺകുട്ടിയെ ടൂറിന് കൊണ്ടുപോയതിനൊപ്പം വീടു നൽകുന്നതിനെപ്പറ്റി ആലോചനകൾ വന്നപ്പോൾ ആ കുടുംബത്തിന്റെ വീടിന്റെ നിർമാണം പൂർത്തിയാക്കി നൽകാമെന്ന ചിന്തയിലേക്ക് എത്തുകയായിരുന്നു.
അഞ്ച് വീടുകൾ ഒരു ഫ്ളോട്ടിൽ നിർമിക്കാനാണ് ആദ്യം ആലോചിച്ചത്. സ്ഥലത്തിൻ്റെ കിടപ്പനുസരിച്ച് അഞ്ച് വീടുകൾ നിർമിക്കാൻ കഴിയാതെ വന്നു. ഇതറിഞ്ഞപ്പോൾ, അപകടത്തിൽ മരിച്ച റോയിയുടെ കുടുംബം ഒരു വീടിനുള്ള സ്ഥലം കൂരാച്ചുണ്ടിൽ നൽകുകയായിരുന്നു. നിർമാണച്ചെലവിൽ വലിയൊരു ഭാഗം അവർ തന്നെയാണ് വഹിച്ചതും. കൂരാച്ചുണ്ടിൽ നിർമിക്കുന്ന വീടും വിലങ്ങാടു സ്വദേശിക്കാണ് നൽകുന്നത്. അതിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. വിലങ്ങാടുനിന്ന് നാലു കുടുംബങ്ങൾ വരുമ്പോൾ അവർക്ക് വരുമാനമാർഗങ്ങൾ ഒന്നുമില്ല. എല്ലാവരും കാർഷികമേഖലയിൽനിന്ന് വരുന്നവരായതുകൊണ്ട് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള ഒരു പദ്ധതിയെക്കുറിച്ച് ആലോചിക്കുകയാണെന്ന് റെജി പറഞ്ഞു.

‘രക്തസാക്ഷികൾ’

രജനി മാത്യു, റീന സെബാസ്റ്റ്യൻ, ഷിജി തോമസ് എന്നിവരെ ചെമ്പനോടയിൽ ഒരു കല്ലറയിലാണ് സംസ്കരിച്ചത്. ബിന്ദു ദേവസ്യയെ തൊട്ടടുത്തായും സംസ്ക്‌കരിച്ചിരിക്കുന്നു (ബിന്ദുവിന്റെ മരണം അഞ്ച് ദിവസങ്ങൾക്കു ശേഷമായിരുന്നു). റോയിയെ സംസ്കരിച്ചിരിക്കുന്നത് കൂരാച്ചുണ്ട് ദൈവാലയ സെമിത്തേരിയിലാണ്. അപകടത്തിനുശേഷം എല്ലാ വർഷവും മാർ ച്ച് 11-ന് മുമ്പുവരുന്ന ഞായറാഴ്‌ച ജീസസ് യൂത്ത് അംഗങ്ങൾ അഞ്ചു പേരുടെ ഭവനങ്ങൾ സന്ദർശിക്കും. ഇതുവരെയും അതിനു മുടക്കം വന്നിട്ടില്ല. “അവസാന ശ്വാസംവരെയും യേശു വിനെപ്രതി ജ്വലിച്ച ഹൃദയങ്ങളാണ് ഈ അഞ്ചുപേരുടെയും. ഇവർ സഭയുടെ ധീരരക്തസാക്ഷികളാണ്.” എന്നായിരുന്നു അന്നത്തെ താമരശേരി രൂപതാധ്യക്ഷനായിരുന്ന ഭാഗ്യസ്മരണാർഹനായ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് മൃതസംസ്ക‌ര ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. വീടുകളുടെ നിർമാണം തുടങ്ങിയ സമയത്ത് ഒരു പ്രാർത്ഥനയും ആരംഭിച്ചിരുന്നു. നൂറിലധികം ജീസസ് യൂത്ത് അംഗങ്ങൾ ചേർന്നതായിരുന്നു കൂട്ടായ്‌മ. എല്ലാ ദിവസവും രാവിലെ അഞ്ചിനായിരുന്നു വ്യത്യസ്‌ത സ്ഥലങ്ങളിലും ദേശങ്ങളിലുമൊക്കെ ഇരുന്നുകൊണ്ടുള്ള പ്രാർത്ഥന. ഓരോരുത്തരും കുറച്ചുപേർക്ക് അറിയിപ്പായി മിസ്കോൾ ചെയ്യും. ഒരു പ്രാർത്ഥനാ കാർഡ് അടിച്ചിരുന്നു.
അതോടൊപ്പം ഒരു വിശ്വാസപ്രമാണം, പത്ത് സ്വർഗസ്ഥനായ പിതാവേ, ഒരു നന്മനിറഞ്ഞ മറിയം എന്ന രീതിയിലായിരുന്നു പ്രാർത്ഥന. ഒപ്പം സ്വർഗത്തിലിരുന്നുള്ള ആ അഞ്ചുപേരുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരം കൂടിയാവാം 23,000 മാത്രം കൈകളിലുള്ളപ്പോൾ നാല് മാസങ്ങൾകൊണ്ട് 87 ലക്ഷം രൂപയുടെ വീടു നിർമാണം പ്രതീക്ഷിച്ച സമയത്തുതന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതും.

ജോസഫ് മൈക്കിൾ
കടപ്പാട് :സൺ‌ഡേ ശാലോം

About Author

കെയ്‌റോസ് ലേഖകൻ