April 20, 2025
Jesus Youth Kairos Media News

“ദൂരത്തിരുന്ന് ആലിംഗനം”: COVID കാലത്തെ പിതൃത്വത്തിന്റെ ഹൃദയസ്പർശിയായ കഥ

  • February 25, 2025
  • 1 min read
“ദൂരത്തിരുന്ന് ആലിംഗനം”: COVID കാലത്തെ പിതൃത്വത്തിന്റെ ഹൃദയസ്പർശിയായ കഥ


വിവാഹശേഷം ഞാനും സിനുവും ഒന്നിച്ചു ബാംഗ്ളൂർ ജോലി ചെയ്യുന്നതിനിടെയാണ് ഞങ്ങൾക്കൊരു കുഞ്ഞുണ്ടാകാൻ പോകുന്ന സന്തോഷം അറിയുന്നത്. കോവിഡ് ഭീതി നില നിന്നിരുന്ന കാലമായിരുന്നത് കൊണ്ട് അവളെ നാട്ടിലേക്ക് കൊണ്ട് ചെന്നാക്കാതെ ഒരു സമാധാനമുണ്ടായിരുന്നില്ല. അവൾ നാട്ടിലും ഞാൻ ബാംഗ്ലൂരും എന്ന അവസ്ഥയിലേക്ക് ഞങ്ങൾ മാറി.
ഞങ്ങൾ കഴിഞ്ഞിരുന്ന വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കൂടെ വന്നു കയറിയ ഏകാന്തത, ശക്തമായ ലോക്ക് ഡൗൺ നടപടികൾ കൂടി ആയപ്പോൾ സഹിക്കാൻ വയ്യാത്ത അവസ്ഥയിലായി. അവിടെ നിന്ന് ഞാൻ പതിയെ ഒരൊറ്റ മുറിയിലേക്ക് താമസം മാറി. ജോലിയും ജീവിതവുമൊക്കെ ആ ഒറ്റ മുറിക്കകത്തും ആത്മാവ് നാട്ടിൽ അവളുടെയും ഞങ്ങളിലേക്ക് വരാൻ പോകുന്ന ഞങ്ങളുടെ കുഞ്ഞിന്റെയും കൂടെയും. തീർത്തും അപരിചിതമായ ഒരു രോഗം അവരുടെയും എന്റെയും ചുറ്റുമുണ്ട്, ഇനി അവർക്ക് കോവിഡ് കാരണം വല്ല ബുദ്ധിമുട്ടും വരുമോ എന്ന ആധി പുറമേ… കുറച്ചൊന്നുമല്ല അന്ന് ഭയപ്പെട്ടത്…
ഗർഭകാലത്തെ സകല ആവലാതികളും തളർച്ചയും സങ്കടവും അരിശവുമൊക്കെ അവളെന്നെ ഫോണിൽ വിളിച്ചു തീർത്തു കൊണ്ടിരുന്നു. കേട്ടിരിക്കാം എന്നല്ലാതെ ഞാനെന്ത് ചെയ്യാനാണ്…എനിക്ക് അവളുടെ അടുത്തേക്ക് ചെല്ലണമെന്നുണ്ട്, ഞങ്ങളുടെ ഗർഭകാലം അവൾക്കൊപ്പം അറിയണമെന്നുണ്ട്. മറ്റൊരു സംസ്ഥാനത്ത് അകപ്പെട്ട് പോയ ഞാൻ തീർത്തും നിസ്സഹായനായ അവസ്ഥയിലായിരുന്നു. അന്നേരം ഒരൽമെങ്കിലും എനിക്ക് ആശ്വാസം തന്നത് എന്റെ വരകളാണ്‌. എനിക്ക് നേരിൽ അറിയാനും അനുഭവിക്കാനും പറ്റാതെ പോയ ഞങ്ങളുടെ ആ കാലം എന്റെ ഭാവനയിൽ വരഞ്ഞിട്ട ഇല്ലുസ്ട്രേഷൻ സീരിസ് ആണ് ‘The pregnant and the furious’.
സിനുവിന്റെ ഗർഭാവസ്ഥയുടെ ഓരോ ചുവടും കേട്ടിരുന്നു വരച്ചെടുത്ത ആ ചിത്രങ്ങൾ എനിക്ക് നേരിൽ കാണാനോ അനുഭവിക്കാനോ പറ്റാതെ പോയ എന്റെ ജീവിതത്തിലെ അമൂല്യനിമിഷങ്ങൾ ആയിരുന്നു. ഞങ്ങളുടെ ഉള്ളിൽ വളർന്നു കൊണ്ടിരുന്ന ഞങ്ങളുടെ കുഞ്ഞിനെ അറുനൂറ് കിലോമീറ്റർ അപ്പുറവും ഇപ്പുറവും ഇരുന്ന് ഞങ്ങൾ സ്വപ്നം കണ്ടു. എനിക്കറിയാവുന്ന നിറങ്ങൾ വെച്ചു ഞാനതെല്ലാം വരച്ചപ്പോൾ ഞങ്ങൾ ഒന്നിച്ചാണെന്ന് കരുതി ഒരുപാട് പേര് അവളുടെ വിശേഷങ്ങൾ ചോദിച്ചു ഞങ്ങളോട് കൂട്ട് കൂടാൻ വന്നു. ഒറ്റപ്പെടലിന്റെ അങ്ങേയറ്റത്ത് ജീവിച്ചിരുന്ന എനിക്ക് ആ സപ്പോർട് തന്ന പോസിറ്റീവ് എനർജി വാക്കുകൾക്ക് അതീതമാണ്.
അവളെ ലേബർ റൂമിലേക്ക് കയറ്റുകയാണ് എന്ന മെസേജ് മെയ് ഇരുപതാം തിയതി രാത്രി എന്റെ ഫോണിലേക്ക് വന്ന നേരം തൊട്ട് അതേ ഒറ്റ മുറിയിൽ നേരം പുലരും വരെ അടുത്ത മെസേജിന് വേണ്ടി ഫോണിലേക്ക് കണ്ണും നട്ടിരുന്നത് ഓർക്കുന്നത് ഇന്നുമെന്നെ പേടിപ്പിക്കുന്ന കാര്യമാണ്. നാട്ടിലേക്ക് യാത്ര ചെയ്യാൻ ഒരു വഴിയുമില്ല. നിൽക്കാനും ഇരിക്കാനും കിടക്കാനും വയ്യാത്ത മാനസികാവസ്ഥയും. പിറ്റേന്ന് ഉച്ച ആയപ്പോഴേക്കും നോർമൽ ഡെലിവറി ആകുമെന്ന് പറഞ്ഞത് സിസേറിയനിലേക്ക് മാറി… എന്റെ ഭീതി പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥയിലെത്തി. ജാനി വന്നെന്ന് അറിയുന്നത് വരെ ഞാനിരുന്ന് വെമ്പൽ കൊണ്ടതിൽ നിന്നുമാണ് ഈ സിരീസിലെ ലേബർ റൂമിനു പുറത്ത് ഞാനിരിക്കുന്ന ചിത്രം ഉണ്ടാകുന്നത്. അത്രയേറെ ആത്മാവുള്ളൊരു വേദന ആ ദൃശ്യത്തിന് പിറകിൽ ഉള്ളത് കൊണ്ട്
തന്നെയാകണം, ആ സീരിസിൽ ഏറ്റവും കൂടുതൽ പേര് നെഞ്ചിലേറ്റിയ ചിത്രവും ആ ലേബർ റൂം ദൃശ്യമായിരുന്നു. കോവിഡ് കാലം ഞങ്ങളുടെ ജീവിതത്തിൽ ഒരു തരത്തിലും മറക്കാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് ഞങ്ങളെ നടത്തിച്ചത് എന്ന് പറയാതെ വയ്യ.
ഇതെല്ലാം അനുഭവിച്ച ശേഷവും കുഞ്ഞിനെ നേരിൽ കാണാൻ പോകാൻ എനിക്ക് അഞ്ച് മാസം പിന്നെയും കാത്തിരിക്കേണ്ടി വന്നു. സിനുവിന് എന്നെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്ത് എന്റെ തെറ്റോ കുറ്റമോ അല്ലെങ്കിൽ കൂടിയും എനിക്കവളുടെ കൂടെ നിൽക്കാനോ അവളെ സപ്പോർട് ചെയ്യാനോ സാധിച്ചിട്ടില്ല. The pregnant and the furious സിരീസിലെ ഒരു നിമിഷം പോലും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുമില്ല. നിങ്ങളിൽ പലരുടെയും ജീവിതത്തിൽ എന്ന പോലെ എന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും ആ കുഞ്ഞൻ വൈറസ് കുറച്ചൊന്നുമല്ല കാർന്നു തിന്നത്.
ആ ചിത്രങ്ങളെല്ലാം എന്റെ ഭാവന മാത്രമായിരുന്നുവെന്ന് ഒരുപാട് വേദികളിൽ ഞാൻ പറഞ്ഞ് കഴിഞ്ഞതാണ്…എന്റെ സ്വപ്നങ്ങളിലെ ഞങ്ങളുടെ ഗർഭകാലത്തെ നിറഞ്ഞ് സ്നേഹിച്ച ഞങ്ങളുടെ സോഷ്യൽ മീഡിയ കുടുംബത്തോട് കൂടി ആ രഹസ്യം പറയാതെ തുറന്നു പറച്ചിൽ പൂർത്തിയാകില്ലല്ലോ…
ആ സത്യം വെളിപ്പെടുത്തുന്നതോടൊപ്പം, ആ നല്ലോർമ്മകളെ ഒരുപാട് സന്തോഷത്തോടെ ഒരിക്കൽ കൂടി ഇവിടെ പകർത്തി വെക്കുകയാണ്… ഇനിയുമിനിയും ചിത്രങ്ങളുമായി വരാം..
ഒരുപാട് ഇഷ്ടത്തോടെ,
ജാനിക്കുട്ടിയുടെ അമ്മയും അച്ഛനും.
Sinu Rajendran & Arosh Thevadathil

FB,POST-Doodle Muni

About Author

കെയ്‌റോസ് ലേഖകൻ