April 19, 2025
Church Jesus Youth Kairos Media News

വിശക്കുന്നവർക്കായി 40 വർഷം: പി.യു. തോമസ് എന്ന അത്ഭുതമനുഷ്യൻ

  • February 25, 2025
  • 1 min read
വിശക്കുന്നവർക്കായി 40 വർഷം: പി.യു. തോമസ് എന്ന അത്ഭുതമനുഷ്യൻ


ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാൾ കേരളത്തിലെ മൊത്തം ജനങ്ങളെക്കാൾ കൂടുതൽ ആളുകൾക്ക്, അതായത് ഏകദേശം നാലരക്കോടി ജനങ്ങൾക്ക്, ഭക്ഷണം കൊടുത്തു എന്ന് കേട്ടാൽ പെട്ടന്ന് വിശ്വസിക്കുമോ നിങ്ങൾ? ആർക്കും അതു വിശ്വസിക്കാൻ എളുപ്പമല്ല. അത് അംബാനിയോ അദാനിയോ യൂസഫ് അലിയോ ഒന്നുമല്ല. അവർക്ക് സമ്പത്തുണ്ടെങ്കിലും ഇത് സാധിക്കില്ല. കേരളത്തിലെ ഒരു വെറും ഗ്രാമീണന് അത് നിസാര കാര്യമാണ്. ദൈവമല്ലേ എല്ലാം നടത്തുന്നത് എന്ന് നിസാരമായി കാണുന്ന പച്ച മനുഷ്യൻ. ഇപ്പോൾ നിങ്ങൾക്ക് ആളെ പിടി കിട്ടി അല്ലേ? പി യു തോമസ് എന്ന, നവജീവൻ തോമസ് ചേട്ടൻ എന്ന അത്ഭുതമനുഷ്യനാണത്. സമാനതയില്ലാത്ത ഒരു മഹാനന്മമരം. അദ്ദേഹത്തിന്റെ ജീവിതകഥ ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമാണ്. വിശദീകരിക്കുന്നില്ല . വിശക്കുന്നവനെ സംബന്ധിച്ച് വിശപ്പകറ്റുന്നവൻ ദൈവമാണ് . കോടിക്കണക്കിനു വയറുകൾക്ക് തോമസ്ചേട്ടൻ എപ്പോഴെങ്കിലുമൊക്കെ ദൈവമായിട്ടുണ്ട് . ദിവസവും ശരാശരി 3000 പേർക്ക് ഭക്ഷണം. 40 കൊല്ലമായി അത് തുടരുന്നു (.3000 ×30× 12 =10800000 × 40 വർഷം = 43200000). മൂന്നു നേരം കൂട്ടിയാലോ ? 13 കോടി വരും.
ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ തോമസ് ഒളിച്ചു പോയി വീട്ടു വേലക്കാരനായി. രണ്ടു വർഷം അലഞ്ഞു നടന്നു. പിന്നെ ചെറുകിട ജോലികൾ . കോട്ടയം മെഡിക്കൽ കോളേജിൽ അറ്റെൻഡർ.ഭാര്യയും അഞ്ചു മക്കളും. ഇളയ കുട്ടിക്ക് ഒട്ടേറെ വൈകല്യങ്ങൾ . പക്ഷേ അദ്ദേഹം തളർന്നില്ല.
ഭക്ഷണം കൊടുക്കുക മാത്രമല്ല തെരുവിൽ അലഞ്ഞു നടന്ന, മനോനില തെറ്റിയ, രോഗികളും അശരണരുമായ അനേകായിരങ്ങൾക്ക് ആശ്രയമായ തോമസ് ചേട്ടനെ പക്ഷേ നമ്മുടെ സർക്കാർ ഇതു വരെ കണ്ടിട്ടേയില്ല. എന്തിനു രാഷ്ട്രീയക്കാരെ പറയണം? അദ്ദേഹം ഉൾപ്പെടുന്ന കത്തോലിക്കാ സഭാ നേതൃത്വം പോലും അങ്ങേരെ വേണ്ടത്ര ആദരിച്ചിട്ടില്ല . ഞങ്ങളെക്കാൾ കേമനാകാൻ ആര് എന്നാവും വിചാരം!! സമൂഹ ക്ഷേമത്തിനും പൊതു നന്മയ്ക്കും കാര്യമായി ഒരു സംഭാവനയും നൽകിയിട്ടില്ലാത്ത എത്രയോ പേർക്ക് ‘പത്മ ‘ പുരസ്‌കാരങ്ങൾ നൽകിയിരിക്കുന്നു! എന്നാൽ അതിന് അർഹതപ്പെട്ടവർക്ക് മാത്രം ലഭിക്കാതെ പോകുന്നു.
സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഗാന്ധിജിയെക്കാൾ യോഗ്യനായി ആരാണുള്ളത് ? കിട്ടിയില്ല . സാഹിത്യനൊബെലിനു ടോൾസ്റ്റോയിക്ക്‌ എന്തെങ്കിലും യോഗ്യതക്കുറവുണ്ടോ? പക്ഷേ കിട്ടിയില്ല .അപ്പോൾ തോമസ്ചേട്ടനെ കണ്ടില്ലെന്നു നടിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. എങ്കിലും തോമസ്ചേട്ടനെ നമ്മുടെ സർക്കാർ എത്രയും വേഗം അംഗീകരിക്കണം എന്ന് തോന്നുന്നുവെങ്കിൽ നിങ്ങൾ ഇത് ഷെയർ ചെയ്യാൻ അപേക്ഷ.
ഇന്ന് തോമസ് ചേട്ടൻ ഹൃദയ ശാസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്. പതിനായിരക്കണക്കിന് പാവങ്ങളുടെ പ്രാർത്ഥന അദ്ദേഹത്തിന് കൂട്ടുണ്ടാകും. നിങ്ങളും ആ കൂട്ടത്തിലുണ്ട്. ഉറപ്പ്…

ആന്റണി എം. ജോൺ
മെമ്പർ പാസ്റററൽ കൗൺസിൽ ചങ്ങനാശ്ശേരി അതിരൂപതാ

About Author

കെയ്‌റോസ് ലേഖകൻ