ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്ക

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയ്ക്ക് കടുത്ത ന്യൂമോണിയ ബാധിച്ചതായി ഇന്നലെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ സി.ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകളിൽ സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചു. ലബോറട്ടറി പരിശോധനകളും എക്സ്റേ, സ്കാൻ റിപ്പോർട്ടുകളും പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതി അല്പം സങ്കീർണമാണെന്ന് സൂചിപ്പിക്കുന്നു.
റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി ചികിത്സയിൽ തുടരുന്ന പാപ്പയ്ക്ക് നേരത്തെ പോളി മൈക്രോബിയൽ അണുബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യസ്ഥിതി സങ്കീർണമാണെങ്കിലും, പാപ്പ സന്തോഷവാനാണ്. ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിക്കുകയും പകൽ മുഴുവൻ വിശ്രമം, പ്രാർത്ഥന, വായന എന്നിവയിൽ സമയം ചെലവഴിക്കുകയും ചെയ്തു.
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയെ തുടർന്ന് ഞായറാഴ്ചവരെ ക്രമീകരിച്ചിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും വത്തിക്കാൻ റദ്ദാക്കി. ഇതിൽ ഇന്ന് സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിവാര സദസും ഉൾപ്പെടുന്നു.
റോമിലെ ഏറ്റവും വലിയ ആശുപത്രിയായ പോളിക്ലിനിക്കോ അഗസ്‌തീനോ ജെമെല്ലിയിൽ മാർപാപ്പമാർക്കായി പ്രത്യേകമായി തയ്യാറാക്കിയ സ്യൂട്ടിലാണ് പാപ്പയ്ക്ക് ചികിത്സ നൽകുന്നത്.
ഇതിനിടെ, പാപ്പായുടെ സൗഖ്യത്തിനായി കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രാർത്ഥനാശംസകൾ നേർന്നും, കത്തുകളും ചിത്രങ്ങളും വത്തിക്കാനിലേക്ക് അയയ്ക്കുന്നതും തുടരുകയാണ്. തനിക്ക് സാമീപ്യമറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച പാപ്പ, പ്രാർത്ഥനകൾ തുടർന്നുകൊണ്ടിരിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.