പ്രശസ്ത കലാസാഹിത്യകാരനും, ആത്മീയപ്രവർത്തകനുമായ ബിജു ജോസഫ് കുന്നുംപുറം അന്തരിച്ചു

യുഎഇയിലെ പ്രവാസ ജീവിതത്തിൽ നമുക്കേവർക്കും പ്രിയങ്കരനും, കലാസാംസ്കാരിക ആത്മീയ രംഗങ്ങളിലെ നിറസാന്നിധ്യവും സാഹിത്യകാരനുമായിരുന്ന ശ്രീ ബിജു ജോസഫ് കുന്നുംപുറം ഇക്കഴിഞ്ഞ ഫെബ്രുവരി 6 വ്യാഴാഴ്ച ഒരു സ്ട്രോക്ക് വന്നതിനെ തുടർന്ന് അജ്മാനിലെ ഷെയ്ക്ക് ഖലീഫ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വെന്റിലേറ്ററിൽ തുടരുന്ന ശ്രീ ബിജു ജോസഫിന്റെ മസ്തിഷ്ക മരണം കഴിഞ്ഞദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മുൻ ആഗ്രഹപ്രകാരം തന്റെ അവയവദാനം നൽകുവാൻ കുടുംബം ഔദ്യോഗികമായ സമ്മതം നൽകി. അതിന്റെ തുടർനടപടികൾ ഈ ദിവസങ്ങളിൽ പൂർത്തീകരിക്കുന്നു.
ഭാര്യയും മകനും മകളുമടങ്ങുന്ന സന്തുഷ്ട കുടുംബം വർഷങ്ങളായി അജ്മാനിലായിരുന്നു താമസിച്ചിരുന്നത്.
ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ വിവിധങ്ങളായ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എംബിഎ ബിരുദധാരിയും, ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ബിജു ജോസഫ് ജീസസ് യൂത്ത് (മുൻ UAE National Family Core Team), പാലാ പ്രവാസി അപ്പസ്തൊലേറ്റ്, പാലാ സെന്റ് തോമസ് – അൽഫോൻസാ കോളേജ് അലുമിന (സ്റ്റാക്ക്), എന്നിവയിലെ സജീവ പ്രവർത്തകനും കൂടാതെ പ്രവാസ ലോകത്തിലെ കലാ സാഹിത്യ രംഗങ്ങളിലെ നേതൃത്വ നിരയിൽ സജീവമായി പ്രവർത്തിക്കുകയും മികച്ച എഴുത്തുകാരനും, സംവിധായകനും, സംഘടനാ പ്രവർത്തകനും ഏവർക്കും ആദരണീയനുമായ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. അദ്ദേഹത്തിന്റെ രചനയിൽ നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം വാദ്യമേളത്തിൽ അതിപ്രഗൽഭനുമായിരുന്നു. അക്കൗണ്ട്സ് മാനേജരായി ഷാർജ ഹംരിയ്യ ഫ്രീ സോണിലുള്ള പ്രമുഖ സ്വകാര്യസ്ഥാപനത്തിലായിരുന്നു ജോലി.
തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ അശുപത്രി കവലയിലുള്ള മാമൂട്ടിൽ പാടിയിൽ താമസിച്ചിരുന്ന പരേതനായ കുന്നുംപുറം പാപ്പൻ്റെ മൂന്നു മക്കളിൽ മൂത്തയാളായിരുന്നു ബിജു ജോസഫ്. മാതാവ് അന്നക്കുട്ടി, സഹോദരങ്ങൾ ജേക്കബ്, ജോയി എന്നിവർ.
നമ്മുടെ പ്രിയങ്കരനായ ബിജു ജോസഫിനും, അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടി നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
എന്ന്, ബിജു ജോസഫിൻ്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും.