സ്വർഗ്ഗത്തിലേക്ക് സന്തോഷത്തോടെ ജീസസ് യൂത്തിന്റെ മറ്റൊരു ധീര വിശുദ്ധ വനിതകൂടി

ജീസസ് യൂത്തിന്റെ മറ്റൊരു ധീര വിശുദ്ധ വനിത, അഞ്ചു കുഞ്ഞുങ്ങളുടെ ‘അമ്മ, സഹനങ്ങളെ അതിജീവിച്ച് സ്വർഗ്ഗത്തിന്റെ പടികൾ നടന്നു കയറിയിരിക്കുന്നു. നിരവധി തവണ ക്യാൻസർ പിടിമുറുക്കിയപ്പോഴും രോഗത്തിന്റെ അതി കഠിന വേദന പിടിച്ചുലച്ചപ്പോഴും ദൈവത്തിന്റെ കരം പിടിച്ചു നമ്മുടെ ഇടയിൽ ജീവിച്ചു മാതൃകയായ ജോയ്‌സി ജെയ്സൺ ഇന്ന് അബുദാബിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട്. ജീസസ് യൂത്ത് നഴ്സസ് മിനിസ്ട്രി കോർഡിനേറ്ററും പിന്നീട് മരണം വരെയും സജീവ പ്രവർത്തകയുമായിരുന്നു. അനേകം യുവജനങ്ങളെയും കുടുംബങ്ങളെയും ആത്മീയതയുടെ കൈപിടിച്ച് നടത്താൻ എന്നും പരിശ്രമിച്ചിരുന്നു.
She was a courageous and saintly woman who faced years of pain and suffering with a smile, thanks to her faith and dependence on the Lord. Now, she will rejoice in her rest with her Savior! ജീസസ് യൂത്ത് ഇന്റർനാഷണൽ ഫോർമേഷൻ ഡിറക്റ്റർ മനോജ് സണ്ണി സാമൂഹിക മാധ്യമങ്ങളിൽ ജോയ്‌സിയുടെ നിര്യാണത്തിൽ വേദന പങ്കുവച്ചു.
പത്തിലധികം പ്രാവശ്യം പല അവയവങ്ങളെ ബാധിച്ച് ബ്രെയിൻ ട്യൂമറിൽ എത്തിനിൽക്കുന്ന നാലുവർഷത്തെ ക്യാൻസർ യാത്രയെ വിസ്മയകരമായ ഒരു ക്രിസ്തു യാത്രയാക്കി ദൈവം രൂപാന്തരപ്പെടുത്തിയ ഹൃദയസ്പർശിയായ ജീവിത സാക്ഷ്യമാണ് ജോയ്സി ജെയ്‌സൺ എന്ന അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് പറയാനുള്ളത്. കുരിശിൽ കിടന്ന് ജീവൻ പിടയുമ്പോഴും എനിക്ക് ദാഹിക്കുന്നു എന്ന് പറഞ്ഞ ക്രൂശിതനെ അനുഗമിച്ച് സഹനങ്ങളിലും വേദനകളിലും ആത്മാക്കൾക്കായുള്ള ദാഹം വെളിപ്പെടുത്തുന്ന കർത്താവിൻറെ ധീര മിഷനറിയായി ജീവിത ക്ലേശങ്ങളെ അഭിമുഖീകരിക്കുന്ന ജോയ്സി ജെയ്‌സൺ അനേകർക്ക് വിശ്വാസ യാത്രയിൽ പ്രചോദനമാകുകയാണ്. സാഹചര്യം അനുകൂലമാണെങ്കിലും അല്ലെങ്കിലും സുവിശേഷം പ്രഘോഷിക്കുക എന്ന കർത്താവിൻറെ കല്പന നെഞ്ചിലേറ്റി ക്യാൻസർ രോഗം ഉയർത്തുന്ന വെല്ലുവിളികൾക്ക് മുന്നിൽ പതറാതെ സകുടുംബം കർത്താവിനെ പ്രഘോഷിക്കുന്നതിൽ ജോയ്സി പ്രകടിപ്പിക്കുന്ന സ്ഥിരോത്സാഹം ആരെയും അതിശയിപ്പിക്കുന്നതാണ്.

13 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച മാതാപിതാക്കളുടെ ഏക മകളാണ് ജോയ്‌സി. പരിശുദ്ധ ബൈബിളിലൂടെ യേശുവുമായുള്ള വ്യക്തിബന്ധത്തിലേക്ക് കടന്നുവന്ന ജോയ്സയുടെ നേഴ്സായുള്ള ആതുര സേവനം അനേകർക്ക് കർത്താവിന്റെ സൗഖ്യത്തിന്റെയും കരുണയുടെയും ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിച്ചു. ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങൾക്ക് ബൈബിൾ മുഴുവൻ ശ്രവിക്കാൻ അവസരമൊരുക്കിയ ജോയ്സി എതിർപ്പുകളെ മറികടന്ന് സിസേറിയൻ സെക്ഷനിലൂടെ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ഭർത്താവ് ജെയ്‌സണിനൊപ്പം കുഞ്ഞുങ്ങളെ അടിയുറച്ച വിശ്വാസത്തിലും കൂദാശ ജീവിതത്തിലും വളർത്തുകയും പരിശുദ്ധ കുർബാനയുടെയും ജപമാലയുടെയും പരിശുദ്ധ ബൈബിളിന്റെയും പ്രാധാന്യം കുഞ്ഞു പ്രായത്തിലെ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. ജീവിതത്തിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ ക്യാൻസറിന്റെ കോശങ്ങൾ ശരീരത്തിൻറെ വിവിധ ഇടങ്ങളിൽ മാറി മാറി സാന്നിധ്യം അറിയിച്ചപ്പോഴും ഇടവിടാത്ത പ്രാർത്ഥനയും പതറാത്ത വിശ്വാസവും തളരാത്ത പ്രേക്ഷിത ചൈതന്യവും പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ സഹനശക്തിയും ജോയ്സിയെ വ്യത്യസ്തയാക്കുകയാണ്. യു.എ.ഇ യിൽ ആയിരിക്കെ കീമോതെറാപ്പികൾക്കിടയിൽ പോലും ഒരിക്കലും മുടങ്ങാത്ത ബലിയും സമൂഹമാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രഘോഷണവും ജീവിത സാക്ഷ്യവും അതിശയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന ജോയ്സി നാലോളം പ്രാവശ്യം രോഗിലേപനം സ്വീകരിച്ചതിലൂടെ തനിക്ക് ലഭിച്ച കൃപയും പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥശക്തി ജീവിതത്തിൽ വെളിപ്പെട്ട അനുഭവങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും സഹനങ്ങളെ എപ്രകാരം രക്ഷാകരമാക്കാം എന്നതിന് അനേകർക്ക് മാതൃകയാകുകയുമാണ്.
“നിനക്ക് എൻറെ കൃപ മതി എന്തെന്നാൽ ബലഹീനതയിലാണ് എൻറെ ശക്തി പൂർണമായും പ്രകടമാകുന്നത് എന്നും സഭയാകുന്ന തൻറെ ശരീരത്തെ പ്രതി ക്രിസ്തുവിന് സഹിക്കേണ്ടി വന്ന പീഡകൾ തൻറെ ശരീരത്തിൽ നികത്തുന്നു എന്നും വെറും തൊട്ടാവാടി ആയിരുന്ന തന്നെ കുഞ്ഞു കുഞ്ഞു സഹനങ്ങളെ സ്വീകരിക്കാൻ ഈശോ പഠിപ്പിച്ചതാണ് ഈ ക്യാൻസർ യാത്രയിലെ ഏറ്റവും വലിയ അത്ഭുതം” എന്നും ജോയ്സി ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
തൃശ്ശൂർ സ്വദേശിയായ ജോയ്‌സി ജെയ്‌സൺ ദമ്പതികൾളുടെ അഞ്ചു മക്കളിൽ മൂത്തയാൾ ജൂലിയ, ജുവാൻ മരിയ, ജോഷ്വ, ജിയന്ന, ജെസി.

“പ്രത്യാശ പ്രിയമുള്ളവരെ ഇതാണ് പ്രത്യാശ എന്ന് പറയുന്നത് ഇത് കണ്ടുകൊണ്ടിരിക്കുന്ന ഓരോ മക്കൾക്കും ജീവിതത്തിലെ ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ഒരു ഊർജ്ജം ഒരു ദൈവാനുഭവം ഈ അനുഭവം പങ്കുവെക്കലതിലൂടെ നിങ്ങൾക്ക് ലഭിച്ചു എന്ന് ഞാൻ വിശ്വസിക്കുകയാണ് ഈശോ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ ഈ ഒരു കൃപയ്ക്കായി ലോകമെമ്പാടുമുള്ള എല്ലാ നേഴ്സുമാരെയും അവരുടെ കുടുംബത്തെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം ഓരോ നേഴ്സും ഒരു വിശുദ്ധനാകട്ടെ ഒരു വിശുദ്ധയാകട്ടെ ആമേൻ”
ജോയ്‌സിയുടെ വാക്കുകൾ ഇനി ലോകം മുഴുവൻ പ്രാർത്ഥിക്കും.