അഭിമാനം. മക്കളെയോർത്ത്.

ഇന്ന് 10-ാം ക്ലാസ്സുകാരുടെ ഫെയർവെൽ പാർട്ടിയായിരുന്നു.
കുട്ടികളെല്ലാം പുത്തൻ , ഫാഷൻ ഉടുപ്പുകളണിഞ്ഞ് സ്കൂളിലെത്തുന്ന ദിനം.
പക്ഷേ, ഈ ആറ് മിടുക്കികൾ സ്കൂൾ യൂണീഫോം തന്നെ ധരിച്ച് ഫെയർവെൽ പാർട്ടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചു.
എൻ്റെ മകളും ഇതിൽ പങ്കാളിയായതിൽ അഭിമാനമുണ്ട്.
ഒരു പിന്നാമ്പുറക്കഥ
2009 ലാണ് ഞാൻ മലയാറ്റൂർ സെൻ്റ് തോമസ് സ്കൂളിൽ ജോയിൻ ചെയ്യുന്നത്.
അന്ന് 10-ാം ക്ലാസ്സിലെ ഫെയർവെൽ പാർട്ടിയിൽ 3 കുട്ടികൾ പങ്കെടുത്തില്ല. കാരണമന്വേഷിച്ചപ്പോൾ അറിഞ്ഞത്, പുത്തൻ ഉടുപ്പ് വാങ്ങാൻ പണമില്ലാത്തതാണെന്നാണ്.
അന്നു മുതൽ ഞാൻ ആവശ്യപ്പെടുന്നുണ്ട് സ്കൂളിലെ ഫെയർവെൽ പാർട്ടികളിൽ യൂണീഫോം നിർബന്ധമാക്കണമെന്ന്. പക്ഷേ, എല്ലാർക്കും ഇഷ്ടം കുട്ടികൾ കളർ ഡ്രസ്സിൽ അടിച്ചു പൊളിച്ച് വരാനാണ്. (കുട്ടികൾക്കും ).
പിന്നീടത് പല ഗോഷ്ടികളിലേയ്ക്കും വഴിമാറിയെന്നത് ചരിത്രം.
പുതിയത് തന്നെ വാങ്ങണമെന്നില്ലല്ലോ, പഴയത് നല്ലത് ഇട്ടുകൊണ്ട് വന്നാലും മതിയല്ലോ എന്ന് മറുചോദ്യം ചോദിക്കുന്നവരുമുണ്ട്.
എന്നാൽ, പളപള മിന്നുന്ന വസ്ത്രങ്ങൾക്കൊപ്പം പിടിച്ചു നിൽക്കാൻ മനസ്സനുവദിക്കാതെ പല കുട്ടികളും പുത്തൻ തന്നെ വാങ്ങണമെന്ന് ശാഠ്യം പിടിക്കും.
ഈ വർഷം ഒരു കുട്ടിയുടെ അമ്മ കമ്മൽ പണയം വച്ചാണ് വസ്ത്രത്തിനുള്ള പണം കൊടുത്തതെന്ന് കേൾക്കുന്നു. വാസ്തവമാണോന്ന് അറിയില്ല.
ഞാനിതിനെപ്പറ്റി വീട്ടിൽ പറയാറുണ്ടായിരുന്നു.
അപ്പോൾ അബിഗേൽ ചോദിച്ചു.
“പപ്പേ ഞാൻ യൂണീഫോം ഇട്ടോട്ടെ.”
ഞാൻ പറഞ്ഞു.
“ഞാൻ നിർബന്ധിക്കില്ല, അത് നിൻ്റെ ഇഷ്ടം. ഒരിക്കലും എൻ്റെ അഭിപ്രായത്തിന് നിൻ്റെ ഇഷ്ടങ്ങളെ ബലി കൊടുക്കരുത് “
അവൾ പറഞ്ഞ മറുപടി,
“യൂണീഫോം ധരിച്ചാലും കുഴപ്പമൊന്നും വരില്ലെന്ന് മറ്റു കുട്ടികളെ ബോധ്യപ്പെടുത്താമല്ലോ. “
അവളുടെ തീരുമാനത്തിനൊപ്പം 5 കൂട്ടുകാരികൾ കൂടി പങ്കുചേർന്നു.
അങ്ങനെ സെൻ്റ് തോമസിൻ്റെ ചരിത്രത്തിലാദ്യമായി, പുത്തനുടുപ്പുകാർക്കിടയിൽ 6 യൂണീഫോം ധാരികൾ ഇടം പിടിച്ചു.
ശ്രദ്ധേയമായ ഒരു കാര്യം, ഇതിൽ അനീറ്റ ഷിബു എന്ന കുട്ടിയുടെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. ജന്മദിനത്തിൽ എല്ലാ കുട്ടികളും കളർ ഡ്രസ്സിലാണ് സ്കൂളിൽ വരാറ്. എന്നാൽ അവളും ഈ നിശ്ചയദാർഢ്യത്തിൽ നിന്ന് പിന്മാറിയില്ല.
ആറ് മക്കൾക്കും അഭിനന്ദനങ്ങൾ
Fb Post
Sabu Thomas