Positive Vibes
'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...ട്രെയിൻ നമ്പർ 16512 കണ്ണൂർ - യശ്വന്ത്പൂർ ബെംഗളൂരു എക്സ്പ്രസ് അല്പസമയത്തിനുള്ളിൽ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എത്തിച്ചേരുന്നതാണ് '. സ്റ്റേഷൻ അനൗൺസ്മെൻറ് കേട്ടു കൊണ്ടാണ് ഞാൻ പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറിയത്. ട്രെയിൻ അല്പം ലേറ്റ് ആയത് ഭാഗ്യമായി. അല്ലെങ്കിൽ വണ്ടി കിട്ടില്ലായിരുന്നു. അടുത്ത പരശു (പരശുറാം എക്സ്പ്രസ് ) പിടിച്ച് പോകാൻ നിന്നാൽ നൈറ്റ് ഡ്യൂട്ടിക്ക് കയറാൻ ചിലപ്പോൾ ലേറ്റ് ആയേനെ.
രണ്ടു മിനിറ്റിനുള്ളിൽ ട്രെയിൻ നീലേശ്വരം സ്റ്റേഷൻന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു നിന്നു. ഞാൻ മുൻവശത്ത് തന്നെയുള്ള രണ്ട് ജനറൽ കമ്പാർട്ട്മെൻറ്കളിൽ ഒന്നിൽ കയറിയിരുന്നു. ഇടദിവസമായതിനാൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. എന്നെ കൂടാതെ മറ്റു രണ്ടു ചെറുപ്പക്കാർ കൂടി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവൾക്ക് (Wife) ഇവിടെയാണ് ജോലി എന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായിട്ടുള്ള എൻറെ സ്ഥിരം യാത്രയാണ് നീലേശ്വരം -മാംഗ്ലൂർ.
പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടുപഴകിയതിനാൽ ഞാൻ മൊബൈലിൽ സമയം കളയാൻ തുടങ്ങി. അപ്പുറത്ത് ഏതോ കോളേജ് സ്റ്റുഡന്റ്സ് കയറിയിട്ടുണ്ട്. അവരുടെ സംസാരങ്ങളും ബഹളങ്ങളും കേൾക്കാം. അവർ ഇടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും ഒറ്റയ്ക്കും ഒരുമിച്ചുമൊക്കെ കളി പറഞ്ഞും ചിരിച്ചും നടക്കുന്നുണ്ട്. വണ്ടിയും പുറത്തെ കാഴ്ചകളും മാത്രമേ മാറാതെ ഉള്ളൂ. വന്നുപോകുന്ന ആളുകളൊക്കെ എനിക്ക് പുതിയതാണ്. ചിലപ്പോൾ എന്നെപ്പോലെ സ്ഥിരം യാത്രക്കാർ ഉണ്ടായിരിക്കാം...പക്ഷേ ആർക്കും മുഖം കൊടുക്കാറില്ല.. അങ്ങനെ സംസാരിക്കാറുമില്ല.അതിനാൽ എല്ലാ യാത്രയിലും ഞാൻ കാണുന്നത് പുതിയ ആളുകളെയാണ്.
വണ്ടി കാഞ്ഞങ്ങാട് കഴിഞ്ഞതേയുള്ളൂ... അവളുടെ(wife) കാൾ.. " ട്രെയിൻ കേറിയോ...
ഏട്ടൻ എവിടെ എത്തി?” ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു അവളുടെ സംസാരത്തിൽ. ” കാഞ്ഞങ്ങാട് കഴിഞ്ഞു…എന്താ കാര്യം?” ഞാൻ തിരക്കി. “മോൾ ബാത്ത്റൂമിൽ ചെറുതായൊന്ന് വീണു. കാൽ അൽപ്പം മുറിഞ്ഞിട്ടുണ്ട്. ഹോസ്പിറ്റലിൽ ഒന്ന് കാണിക്കാം എന്ന് കരുതിയാ…സാരല്ല ഞാൻ കൊണ്ടോക്കോളാം…” സംസാരത്തിൽ മുറിവ് അത്ര ഗൗരവമുള്ളതല്ല എന്ന് മനസ്സിലായെങ്കിലും എന്തോ മനസ്സിൽ വല്ലാത്തൊരു ടെൻഷൻ കയറിക്കൂടി…
' ഈ പിള്ളേർക്ക് എവിടെയെങ്കിലും ഒരിടത്ത് ഇരിക്കാൻ പാടില്ലേ...എന്തിനാ ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നത്.' കോളേജ് പിള്ളേർ ഇപ്പോഴും നടത്തം തന്നെയാണ്. വണ്ടി കാസർഗോഡ് എത്തിയിട്ടില്ല.. കൂട്ടത്തിൽ ഒരു പെൺകുട്ടി എൻറെ അടുത്ത് വന്നിരുന്നു. ഞാനൊന്ന് നോക്കിയതല്ലാതെ അത്ര മൈൻഡ് ചെയ്യാൻ പോയില്ല. "ചേട്ടൻ എങ്ങോട്ടാ?" കുറച്ചുനേരം അവിടെ ഇരുന്നതിനുശേഷം അവളുടെ ചോദ്യം... ഞാൻ മറുപടി പറഞ്ഞു " മാംഗ്ലൂർ". " അവിടെ എന്ത് ചെയ്യുവാ?"
” ഒരു കമ്പനിയിൽ വർക്ക് ചെയ്യാണ് “
“ചേട്ടനെ കണ്ടപ്പോൾ ഞാൻ ആദ്യം കരുതിയത് ഒരു ഹിന്ദിക്കാരൻ ആണെന്നാ പിന്നെ ഫോൺ വിളിക്കുന്ന കേട്ടപ്പഴാ മലയാളിയാണെന്ന് മനസ്സിലായത് “.
” മം…”
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. “ചേട്ടൻറെ വീട്ടിൽ ആരൊക്കെയുണ്ട്? ” ആൾക്ക് എന്നെ ഒറ്റയ്ക്ക് വിടാൻ ഉദ്ദേശമില്ല എന്ന് തോന്നുന്നു…ഏതെങ്കിലും ഇൻഷുറൻസോ അല്ലെങ്കിൽ മറ്റേതെങ്കിലും ബിസിനസ് /സെയിൽസ് സ്കീമോ മറ്റോ ആണോ എന്നായി എന്റെ സംശയം. ചിന്തിച്ചിരിക്കുന്നതിനിടയിൽ ഒന്നിനുപുറകെ ഒന്നായി കുറെ ചോദ്യങ്ങൾ…അപ്പോഴേക്കും മറ്റു രണ്ട് ആൺകുട്ടികൾ കൂടി അവിടേക്ക് വന്നു . അവർ എൻറെ അടുത്തിരിക്കുന്ന മറ്റു രണ്ടുപേരോടും സംസാരിക്കാൻ തുടങ്ങി.
ഒന്നും എനിക്കങ്ങോട്ട് പിടികിട്ടുന്നില്ലല്ലോ…എന്താണാവോ സംഭവം … ആലോചിക്കുമ്പോഴേക്കും അവൾ അടുത്ത സംസാരം തുടങ്ങിയിരുന്നു. “ചേട്ടന് ഞാൻ സംസാരിക്കുന്നതിൽ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ല്ലെ? ഞാൻ പതിയെ ചിരിച്ചു. ” ഇല്ല “
” ഞങ്ങൾ കണ്ണൂർ ഇരിട്ടിയിൽ നിന്നും വരുവാ.. എല്ലാരും – പള്ളിയിലെ ( പള്ളിയുടെ പേര് ഞാൻ മറന്നു) യൂത്ത് വിങ് മെമ്പേഴ്സ് ആണ്. ഞങ്ങൾ ബാംഗ്ലൂർക്ക് ഒരു ട്രിപ്പ് പോകുന്നതാ… അവിടെ ചില സന്നദ്ധ പ്രവർത്തനങ്ങൾ ഒക്കെ ചെയ്യുന്നുണ്ട്. പോകുന്ന യാത്രയിൽ കാണുന്ന ആളുകളെ പരിചയപ്പെടാനും സംസാരിക്കാനും ഞങ്ങൾക്ക് നിർദേശമുണ്ട് . എല്ലാവരും ഇപ്പോൾ മൊബൈലിലും സോഷ്യൽ മീഡിയയിലുമൊക്കയല്ലേ…ഒരു ചെയ്ഞ്ച്…അത്രേയുള്ളൂ. അങ്ങനെ സംസാരിച്ചതാ… “
പുഞ്ചിരിച്ചുള്ള അവളുടെ സംഭാഷണത്തിൽ ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു . “മോൾടെ പേരെന്താ? ” ഞാൻ ചോദിച്ചു. ” പേര് കുറച്ചു വെറൈറ്റി ആണ്.ഗേൾസിന് ചേട്ടൻ ഈ പേര് കേട്ടുകാണില്ല… എന്റെ പേര് ഫ്രെഡി ” അവൾ പറഞ്ഞു. “കൊള്ളാലോ ” ഞാൻ ചിരിച്ചു . അപ്പോഴേക്കും അവളോടൊപ്പമുള്ള മറ്റ് രണ്ട് ആൺകുട്ടികൾ കൂടി എൻറെ അടുത്തേക്ക് വന്നു . “ഫ്രെഡി ഞങ്ങളുടെ Choir ലെ മെയിൻ സിംഗറാ…എൻറെ പേര് അശ്വിൻ അവൻ പരിചയപ്പെടുത്തി “
“അശ്വിൻ നല്ല ഗിറ്റാറിസ്റ്റാ ഞാൻ ബിബിൻ ” മൂന്നാമനും പരിചയപ്പെട്ടു. “അടിപൊളി…എങ്കിൽ ഒരു പാട്ടുപാട് കേൾക്കട്ടെ ” ഞാൻ ചുമ്മാ പ്രോത്സാഹിപ്പിച്ചു . ” ചേട്ടാ ഒരു മിനിറ്റ് ഞാൻ ഗിറ്റാർ എടുത്തിട്ട് വരാം…” അശ്വിൻ അപ്പുറത്തേക്ക് ഓടി. തിരിച്ചു വന്നത് കയ്യിൽ ചെറിയൊരു ഗിറ്റാറുമായിട്ടായിരുന്നു.
“അപ്പോൾ തുടങ്ങല്ലേ ” ഫ്രെഡി പാടിത്തുടങ്ങി…
” മാണിക്യച്ചിറകുള്ള മാറത്തു കുറിയുള്ള വായാടി പക്ഷിക്കൂട്ടം വന്നുപോയി …” ബാക്ക്ഗ്രൗണ്ടിൽ അശ്വിന്റെ ഗിറ്റാറും . എത്ര മനോഹരമായിട്ടാണ് ആ കുട്ടി പാടുന്നത്. അശ്വിന്റെ ഗിറ്റാറും സൂപ്പർ . പാട്ട് കഴിഞ്ഞപ്പോൾ എല്ലാവരും കൈ അടിച്ചു. “ഒന്നൂടെ പാട് ” ബിബിൻ ഏറ്റുപിടിച്ചു. “ചേട്ടൻ പാടുമോ ? ഞങ്ങളുടെ കൂടെ കൂട് ചുമ്മാ …”
“തന്നന്നം താനന്നം താളത്തിലാടി മന്ദാരക്കൊമ്പത്തൊരൂ ഞ്ഞാലിലാടി ….” അടുത്ത പാട്ട് തുടങ്ങി. പതിയെ ഞാനും ഏറ്റുപിടിച്ചു . പാട്ടുപാടി തീരും മുൻപേ അവരുടെ സംഘാംഗങ്ങൾ മുഴുവൻ അവിടേക്കെത്തി . സിസ്റ്റർമാരും അച്ഛന്മാരും ഒക്കെയായി അവർ പത്തിരുപത് പേരുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഒരു ഗാനമേള തന്നെയായിരുന്നു. ഒന്നിനുപുറകെ ഒന്നായി ഒരുപാട് പാട്ടുകൾ. താളത്തിലുള്ള കൈ കൊട്ടുകൾ കൈയ്യടികൾ…ടെൻഷൻ ഒക്കെ ഞാൻ മറന്നു …ചിന്തകൾ തന്നെ മാറിപ്പോയി .
ട്രെയിൻ നേത്രാവതി പാലം കടന്നപ്പോഴേക്കും എല്ലാവരും പാട്ടുകൾ നിർത്തി . മാംഗ്ലൂർ എത്താറായി. ഇതിനിടയിൽ കുറച്ചു മാറി ഗൗരവത്തിൽ ഇരുന്നിരുന്ന സലാമും ഞങ്ങളുടെ കൂടെ പാടാൻ കൂടിയിരുന്നു. ഞങ്ങൾ പരസ്പരം ആശംസകളും നന്ദിയും പറഞ്ഞു. നല്ലൊരു യാത്ര സമ്മാനിച്ചതിന്…അവസാനം നന്ദി പറഞ്ഞത് സലാമായിരുന്നു.
“ഞാൻ മാംഗ്ലൂർ കെഎംസി ഹോസ്പിറ്റലിൽ പോവാണ്… എൻറെ മോൾ അവിടെ NICU ൽ ആണ്.ജനിച്ചിട്ട് രണ്ടുദിവസമേ ആയുള്ളൂ …ചില കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു. രണ്ടുദിവസത്തിനുള്ളിൽ വാർഡിലേക്ക് മാറ്റും എന്നാ ഡോക്ടർമാർ പറഞ്ഞത്. ഞാൻ അതിന്റെ ടെൻഷനിൽ ആയിരുന്നു. എല്ലാവരും എൻറെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം… പിന്നെ കുറച്ചു നേരത്തേക്കെങ്കിലും എന്റെ ടെൻഷൻ മാറ്റാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി…പറയുമ്പോൾ സലാമിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കുട്ടികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഫാദർ അതിന് മറുപടി പറഞ്ഞു. സലാമിന്റെ മോൾക്ക് എത്രയും പെട്ടെന്ന് സുഖം ആവുമെന്നും ഞങ്ങളുടെ എല്ലാം പ്രത്യേക പ്രാർത്ഥന മോൾക്ക് വേണ്ടി ഉണ്ടാവുമെന്നും….
“മോൾക്ക് വേണ്ടി നമുക്ക് ഒരു പാട്ടു കൂടി പാടിയാലോ? “
ഫാദർ ചോദിച്ചു… എല്ലാവരും റെഡി…
“കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെനുള്ളിൽ പൂക്കാലം …”
പാടി തീരുമ്പോഴേക്കും വണ്ടി മാംഗ്ലൂർ സ്റ്റേഷനിലെത്തിയിരുന്നു .എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഫ്രെഡി,നാലായി മടക്കിയ ഒരു കടലാസ് കഷണം എൻറെ കയ്യിൽ കൊണ്ട് തന്നു . ഞാൻ ഉടനെ അത് തുറന്നു നോക്കാൻ നേരം അവൾ എന്നെ വിലക്കി. ചേട്ടൻ അത് വീട്ടിൽ ചെന്നിട്ടേ തുറന്നു നോക്കാവൂ എന്ന്. ഞാൻ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു ഇറങ്ങി. പ്ലാറ്റ്ഫോമിൽ ഇറങ്ങി നടക്കുമ്പോൾ എനിക്കു മുന്നേ സലാം നടക്കുന്നുണ്ടായിരുന്നു . അവസാനം പാടിയ പാട്ടിൻറെ വരികൾ അവൻ മൂളുന്നത് എനിക്ക് അപ്പോൾ കേൾക്കാമായിരുന്നു …
” വെള്ളാം കല്ലിൻ ചില്ലിൻ കൂടൊന്നുണ്ടാക്കാം ഉള്ളിന്നുള്ളിൽ താലോലിക്കാമെന്നെന്നും എന്തേ തുള്ളാത്തു വാവേ വാവാച്ചി …..”
അതിന്റെ ബാക്കി എന്റെ ചുണ്ടിലും ഈണമിട്ടു…ഒരു ചെറു പുഞ്ചിരിയോടെ…
കവിരാജ്