January 22, 2025
Church Kairos Media News

സസ്നേഹം ഒരു കുറിപ്പ് – 47″പോട്ടെ.. സാരമില്ല!”

  • January 7, 2025
  • 1 min read
സസ്നേഹം ഒരു കുറിപ്പ് – 47″പോട്ടെ.. സാരമില്ല!”

സസ്നേഹം ഒരു കുറിപ്പ് – 47
“പോട്ടെ.. സാരമില്ല!”

ജനുവരി രണ്ടാം തീയതി രാവിലെ വീട്ടിൽ ഷർട്ട് ഇസ്തിരിയിട്ടുകൊണ്ടിരിക്കുമ്പോൾ കൈ തട്ടി ചായ നിറഞ്ഞ ഗ്ലാസ്‌ മേശ വിരിയിലും ഷർട്ടിലും വീണു. പെട്ടെന്ന് നുരഞ്ഞു പൊന്തിയ ദേഷ്യത്തെ പുഞ്ചിരിയോടെ നിയന്ത്രിച്ചുകൊണ്ട് എന്നെ തിരുത്തി,” പോട്ടെ, സാരമില്ല.” ഉടനടി സ്വയം മേശവിരി മാറ്റി, തറ വൃത്തിയാക്കിയപ്പോൾ സാധാരണ സംഭവിക്കേണ്ടിയിരുന്ന കോപത്തിന് പകരം ഇഷ്ടപ്പെട്ട ഒരു പാട്ട് മൂളികൊണ്ട് അബദ്ധത്തെ ഒരു ഉൾക്കാഴ്ചയാക്കി മാറ്റി. പല കാര്യങ്ങൾ ഒരുമിച്ച് ചെയ്യുമ്പോൾ നിതാന്ത ജാഗ്രത വിജയത്തിന് അവശ്യ ഘടകമാണ്. അപ്രതീക്ഷിതമായി സംഭവിക്കുന്ന ചെറിയ കാര്യങ്ങൾ വലിയ കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ എന്നെ പഠിപ്പിച്ചു.

2024 ഞൊടിയിടയിൽ കടന്നുപോയപ്പോൾ നഷ്ടങ്ങളുടെ നനവേറിയ ഓർമ്മകൾ പങ്കുവയ്ക്കുന്നതിനേക്കാൾ നേട്ടങ്ങളുടെ പകിട്ടാർന്ന ചെറിയ അനുഭവങ്ങൾ ഓർത്തെടുക്കുന്നതാണ് കൂടുതൽ അഭികാമ്യം. അമ്മയെന്ന അനശ്വര സത്യം നിത്യതയിലേക്ക് വിളിക്കപ്പെട്ടപ്പോൾ, മനസ്സിൽ ഘനീഭവിച്ച ദുഃഖത്തെ മറക്കുവാനുള്ള ശ്രമം ഏറെക്കുറെ വിജയിച്ചു. പക്ഷേ, അമ്മയുടെ മരണമുണ്ടാക്കിയ മനസ്സിലെ നീറ്റൽ നികത്താനാവാത്ത ഒരു ശൂന്യത സൃഷ്ടിച്ചു. എനിക്കിനി തമാശകൾ പറയാനും, വിശേഷങ്ങൾ പങ്കുവയ്ക്കുവാനും 2025-ൽ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാമ്മ ഇല്ലല്ലോ എന്ന സത്യം ഏതൊരു വേദനയ്ക്കും മുകളിലാണ്. “വേർപാടിന്റെ വേദന” എന്ന ക്ലീഷേ പദപ്രയോഗത്തിൽ ഈ സത്യത്തെ തളക്കാനാവില്ല. മാതൃ വാത്സല്യവും, കരുതലും സ്നേഹത്തിൽ ചാലിച്ചുനൽകുവാൻ 2025-ൽ ആരെങ്കിലുമുണ്ടോ? ഈ യാഥാർത്ഥ്യത്തെ മനസ്സ് ഉൾക്കൊണ്ട് പറഞ്ഞു “സാരമില്ല ഇതും ഞാൻ കടന്നു പോകേണ്ടതായിരുന്നു.” വേദനകളെ മറക്കാനും, നന്മകളെ ആശ്ലേഷിക്കാനും, കുറവുകളെ സ്നേഹിക്കാനും നമ്മെ പഠിപ്പിക്കുന്നത് വേദനിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങളിലൂടെയാണ്.

2024-ന്റെ അവസാന ആഴ്ചയിൽ ഓഫീസിൽ നടന്ന ഒരു ചെറിയ സംഭവം പങ്കുവെക്കട്ടെ. എന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ഒരാൾ അതിശക്തമായ ഭാഷയിൽ ജൂനിയർ സഹപ്രവർത്തകരെ ശകാരിക്കുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ശകാരഭാഷ. ഘനഗംഭീരമാർന്ന ശബ്ദത്താൽ സഹപ്രവർത്തകരുടെമേൽ അദ്ദേഹത്തിന്റെ രോഷം ആഞ്ഞു പതിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഓഫീസ് നിശ്ചലമായി. പിന്നീട് ശാന്തതയോടെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സഹോദരാ ഇന്ന് പോകേണ്ടിയിരുന്ന ഷിപ്പ്മെന്റ് ഓർഗനൈസ് ചെയ്യാൻ കഴിയാതിരുന്നത് ഒരു വീഴ്ചയാണ്. പക്ഷേ അതിന് ഇത്രയും കടുത്ത ഭാഷയിൽ നമ്മുടെ സഹപ്രവർത്തകരെ ശകാരിക്കണമോ? അവരുടെ ജീവതാന്തസിനും ഒരു വിലയില്ലേ? ചില വീഴ്ചകൾ ഉണ്ടായാൽ ഇങ്ങനെ ശകാരിച്ചാൽ അതിൽ എന്തെങ്കിലും നേട്ടങ്ങളുണ്ടാവുമോ? മറ്റുള്ളവരുടെ മുൻപിൽ വച്ച് ഒരാളെ അകാരണമായി അടിച്ചിരുത്തുമ്പോൾ അവന്റെ മനസ്സിലുണ്ടാകുന്ന വേദനയുടെ തീവ്രത നമ്മുടെ ചിന്തകൾക്കും അതീതമാണ്. അദ്ദേഹം അല്പസമയം എന്റെ കണ്ണുകളിലേക്ക് നോക്കി. ഒന്നും ഉരിയാടാതെ പോയി. അർത്ഥഗർഭമായ മൗനത്തെ എങ്ങനെയും വ്യാഖ്യാനിക്കാമല്ലോ. എന്നാൽ ഇന്നലെ അദ്ദേഹമെന്നോട് പറഞ്ഞു” “സഹോദരാ നീ എന്റെ കണ്ണുകൾ തുറന്നു. ഇനി ഞാൻ മറ്റുള്ളവരുടെ അധ്വാനത്തെ മാനിക്കാതെ സംസാരിക്കില്ല. പെട്ടെന്നുണ്ടായ കോപം എന്നെ അന്ധനാക്കി. അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഞാൻ പറഞ്ഞു ഇതാണ് മനോഹരമായ വ്യക്തിത്വം! വിവേകശൂന്യമായ പ്രവർത്തികൾ പലപ്പോഴും വികലമായ കാഴ്ചപ്പാടുകളുടെ ഫലമാണ്. വീഴ്ചകൾ സംഭവിച്ചാൽ അത് മനസ്സിലാക്കുകയും സ്വയം തിരുത്തുകയും ചെയുമ്പോൾ നാം എക്സ്ട്രാ ഓർഡിനറി ആകുന്നു.

അഭിനവ നിരൂപണങ്ങൾ വിമർശന വിധേയമാകേണ്ടതുണ്ടോ? കലാസൃഷ്ടികളെ നിരൂപിക്കുമ്പോൾ, അതിന്റെ പിന്നിലെ അധ്വാനത്തെ ഇകഴ്ത്തുന്ന ആധുനിക വ്ലോഗർമാരുടെ ശൈലി തിരുത്തപ്പെടേണ്ടതാണ്. ഈ അടുത്തകാലത്തിറങ്ങിയ മലയാളം ത്രീഡി സിനിമ കുടുംബസമേതം കണ്ടു. മനോഹരമായ ഒരു ചലച്ചിത്രത്തിന്റെ പിന്നാമ്പുറങ്ങളിലെ കഠിനാധ്വാനം കാണാതെ അഭിനവ നിരൂപകന്മാർ വിലകുറഞ്ഞ വാക്കുകളിലൂടെ പരിഹാസരൂപേണ വിമർശിക്കുന്നത് കണ്ടപ്പോൾ, ഇത്തരം തരംതാണ വിമർശനങ്ങൾക്കെതിരെ മാന്യമായി പ്രതികരിക്കണമെന്ന് തോന്നി. കലയോടുള്ള അഭിനിവേശമല്ലേ ഒരു കലാസൃഷ്ടിയെ വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള പ്രചോദനം? കലയെ സ്നേഹിക്കുന്നവർ വിമർശിക്കുമ്പോൾ കുറവുകൾ ചൂണ്ടിക്കാണിക്കാനുള്ള ആഗ്രഹത്തിൽ വിനയത്തിന്റെ ശൈലി പുലർത്തും. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായപ്രകടനങ്ങൾക്ക് മൂക്കുകയർ ഇടുവാനല്ല എന്റെ ആഗ്രഹം, മറിച്ച് മാന്യതയും, മര്യാദയും, അപരന്റെ അധ്വാനത്തെ മാനിക്കുന്നതുമാകട്ടെ 2025 ലെ നിരൂപണങ്ങളുടെ ആത്മധാര. കഴിഞ്ഞവർഷം പരാജയങ്ങൾ സംഭവിച്ചല്ലോ എന്ന് ചിന്തിക്കുന്നതിനു പകരം വിജയത്തിലേക്കുള്ള പല വഴികളും മനസ്സിലാക്കുവാൻ സർവ്വശക്തൻ എന്നെ പഠിപ്പിച്ചല്ലോ എന്ന് ചിന്തിക്കുമ്പോൾ മനസ്സിൽ പറയാം സാരമില്ല, ഇതും കടന്നുപോകും.

പ്രത്യാശയോടെ വാതിലിലൂടെ, 2025ലേക്ക് നമുക്ക് പ്രവേശിക്കാം. സ്നേഹം സഹിഷ്ണുതയിൽ അലിഞ്ഞ് സമാധാനപ്രിയരായ നന്മയുടെ വക്താക്കളാകുവാൻ നമുക്ക് പരിശ്രമിക്കാം. ആത്മാർത്ഥതയുള്ള ബന്ധങ്ങളും, നിലപാടുകളിലെ സംശുദ്ധതയും, അന്തസ്സുള്ള അഭിപ്രായങ്ങളും, നല്ല എഴുത്തുകളും സ്നേഹനിർഭരമായ കൂട്ടായ്മകളും നിറഞ്ഞതാകട്ടെ 2025ലെ ജീവിതം.

ഏവർക്കും സ്നേഹം!

✍🏻..ജിബി ജോർജ് | ഷാർജ

About Author

കെയ്‌റോസ് ലേഖകൻ