January 23, 2025
Church Jesus Youth Kairos Media News

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.

  • January 3, 2025
  • 1 min read
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.

കാല്‍പന്തുകളിയുടെ എക്കാലത്തെയും രാജാക്കന്മാരില്‍ ഒരാളും ഫുട്ബോള്‍ പ്രതിഭാസം എന്നറിയപ്പെടുകയും ചെയ്യുന്ന ബ്രസീലിന്‍റെ ഐതിഹാസിക താരം റൊണാള്‍ഡോ നസാരിയോ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു എന്ന വാര്‍ത്ത സന്തോഷപ്രദമാണ്. സാവോ പോളോയിലെ സാവോ ജോസ് ഡോസ് കാംപോസ് ദേവാലയത്തില്‍വെച്ചായിരുന്നു നാല്‍പ്പത്തിയാറുകാരനായ റൊണാള്‍ഡോയുടെ മാമ്മോദീസ. ഇക്കാര്യം ദശലക്ഷങ്ങള്‍ പിന്തുടരുന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് താരം ഈ അടുത്തിടെ പങ്കുവെച്ചത്.
“ഞാന്‍ മാമ്മോദീസ മുങ്ങിയിട്ടില്ലായിരുന്നുവെങ്കിലും ചെറുപ്പം മുതലേ ക്രിസ്തീയ വിശ്വാസം ജീവിതത്തിന്‍റെ അടിസ്ഥാനമായി നിലകൊണ്ടിട്ടുണ്ടെന്നും ഇന്ന് ഈ കൂദാശയോടെ വീണ്ടും ദൈവത്തിന്‍റെ കുഞ്ഞായി മാറിയ ഒരു അനുഭവമാണ് തനിക്കുള്ളതെന്നും” ബ്രസീല്‍ ടീമിനൊപ്പം രണ്ടു തവണ ലോക ചാമ്പ്യനായ റൊണാള്‍ഡോ, മാമ്മോദീസ സ്വീകരിച്ച ശേഷം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. യേശുക്രിസ്തുവിന്‍റെ സ്നേഹത്തില്‍ വിശ്വസിച്ച് നന്മയുടെ പാതയില്‍ ചരിക്കുവാനുള്ള തന്‍റെ പ്രതിബദ്ധതയും റൊണാള്‍ഡോ തന്‍റെ പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. തന്‍റെ മാമ്മോദീസയുടെ നിരവധി ഫോട്ടോകളും റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമില്‍കാറും, മാലുവുമാണ് റൊണാള്‍ഡോയുടെ ജ്ഞാനസ്നാന മാതാപിതാക്കള്‍. മാമ്മോദീസ എന്ന തന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ സഹായിച്ച ഫാ. ഫാബിയോ ഡെ മെലോക്കും, ഫാ. ഡോം ഓസ ്വാള്‍ഡോക്കും, സാവോ ജോസ് ദേവാലയത്തിനും റൊണാള്‍ഡോ നന്ദി അര്‍പ്പിച്ചു.
സ്പെയിനില്‍ അപ്പസ്തോലനായ വിശുദ്ധ യാക്കോബിന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന സാന്‍റിയാഗോ ഡെ കോംപോസ്റ്റെലാ കത്തീഡ്രലിലേക്ക് തീര്‍ത്ഥാടനം നടത്തിക്കൊണ്ട് താന്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കൂടുതല്‍ അടുക്കുകയാണെന്നതിന്‍റെ സൂചനകള്‍ ഈ അടുത്ത കാലത്ത് റൊണാള്‍ഡോ നല്‍കിയിരുന്നു. “തീര്‍ത്ഥാടനത്തിനിടക്ക് ഞാന്‍ ഒരായിരം കാര്യങ്ങളേക്കുറിച്ച് ചിന്തിച്ചു. വല്ലാഡോളിഡ് വഴി ലഭിച്ച എല്ലാ നേട്ടങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്” – എന്നാണ് വല്ലാഡോളിഡ് ക്ലബ്ബിന്‍റെ പ്രസിഡന്‍റ് കൂടിയായ റൊണാള്‍ഡോ തീര്‍ത്ഥാടനത്തിന് ശേഷം പറഞ്ഞത്. ബാഴ്സിലോണ, റിയല്‍ മാഡ്രിഡ്, ഇന്‍റര്‍മിലാന്‍ തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള താരമാണ് റൊണാള്‍ഡോ നസാരിയോ.

About Author

കെയ്‌റോസ് ലേഖകൻ