January 23, 2025
Church Jesus Youth Kairos Media News

Christmas Sparks Day 24 വിശ്വാസദിനം

  • December 24, 2024
  • 1 min read
Christmas Sparks Day 24                            വിശ്വാസദിനം


ദൂതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.” (ലൂക്കാ 2 : 10)

ഈശോയുടെ പിറവി തിരുനാൾ സകല ജനപദങ്ങളുടെയും സമഗ്ര വിമോചനത്തിന്റെയും, രക്ഷയുടെയും സദ്വാർത്തയാണ്. ക്രിസ്മസ് കേവലമൊരു സീസണല്ല. മറിച്ച്, വചനം മാംസമായി മന്നിലവതരിച്ച ദിവ്യദിനം വിശ്വാസവീര്യത്താൽ ഹൃദയങ്ങളിൽ പെരുമ്പറ മുഴക്കേണ്ട ഒരിക്കലും അസ്തമിക്കാത്ത ദിനമാണ്. സ്നേഹമെന്ന രണ്ടു പദത്തിൽ ഈശോയെ സാംശീകരിക്കാൻ ശ്രമിക്കുമ്പോൾ അത് ലക്ഷ്യം വെക്കുന്ന വെല്ലുവിളികൾ ഏറ്റെടുക്കുവാൻ ധൈര്യം സംഭരിക്കേണ്ട ദിനം!

സകല ജനപദങ്ങൾക്കുമുള്ള സന്ദേശം പ്രഖ്യാപിക്കുവാനും, വിശ്വാസം സംരക്ഷിക്കുവാനും ഓരോ ക്രൈസ്തവനും അരക്കിട്ടുറപ്പിക്കേണ്ട രക്ഷാകരമായ ദിനമാണ് പിറവി തിരുനാൾ. സ്നേഹം സഹിഷ്ണതയിൽ സ്ഫുടം ചെയ്യപ്പെടുന്നുവെന്ന് കാലിത്തൊഴുത്ത് മുതൽ കാൽവരി വരെയുള്ള തന്റെ ജീവിതത്തിൽ ക്രിസ്തു നമുക്ക് കാണിച്ചു തന്നു. ക്രിസ്തുവിന്റെ സഹിഷ്ണതയുടെ സന്ദേശം വിശ്വാസ ജീവിതത്താൽ ഓരോ ക്രൈസ്തവനും പ്രഘോഷിക്കുവാൻ പിറവി തിരുനാൾ ഹൃദയങ്ങളെ പ്രകാശിപ്പിക്കട്ടെ.

ഉണ്ണി ഈശോയുടെ ജീവന്റെ പവിത്രതക്ക്‌ സംരക്ഷണമേകുവാൻ ഉറക്കത്തിൽ പോലും നിതാന്ത ജാഗ്രത പുലർത്തിയ യൗസേപ്പ് പിതാവിനെ ഈ ദിനത്തിൽ ഓരോ ക്രൈസ്തവനും മാതൃകയാക്കണം. ക്രിസ്മസിനെ കേവലമൊരു ഗിഫ്റ്റ്മസായി ചിത്രീകരിക്കുവാൻ ബോധപൂർവ്വമായ ശ്രമം നടക്കുമ്പോൾ വിശ്വാസ ജീവിതത്തിന് സാക്ഷ്യമേകുവാൻ നമുക്കും വേണം യൗസേപ്പ് പിതാവിന്റെ നിതാന്ത ജാഗ്രത. ക്രിസ്തു ഹൃദയങ്ങളിൽ ജനിക്കുവാൻ കാലിത്തൊഴുത്തിലേക്ക് യാത്രചെയ്യുന്ന ആട്ടിടയന്മാരുടെ ശൈലി നമുക്ക് മാതൃകയാക്കാം.

എളിമയുടെ ജീവിതശൈലിയിൽ രക്ഷയുടെ പ്രകാശം ചൊരിയുന്ന നക്ഷത്രത്തെ തിരിച്ചറിയുവാനും, മഹത്ദിനത്തിന്റെ സന്ദേശം സധൈര്യം പകർന്നു നൽകുവാനും നമ്മെ ഓർമിപ്പിക്കുന്ന പവിത്ര ദിനമാണ് ഓരോ ക്രിസ്മസും. സാന്തായുടെ മാജിക്കുകൾക്കപ്പുറം ക്രിസ്തു ഭൂജാതനായി എന്ന് ആശംസിക്കുന്നതാണ് ക്രിസ്തുമസ് സന്ദേശമെന്ന് അർത്ഥശങ്കക്കിടയില്ലാതെ നാം പകർന്നു നൽകണം.

പുതുതലമുറയിലേക്ക് ക്രിസ്തു ചൈതന്യം കൈമാറ്റം ചെയ്യുവാൻ പ്രതിജ്ഞ ചെയ്യുന്ന വിശ്വാസ ദിനമാകട്ടെ ക്രിസ്മസ്. ആഘോഷങ്ങളുടെ പകിട്ടുകൾക്കപ്പുറം, ക്രിസ്തുവിന്റെ സ്നേഹം ജീവിക്കേണ്ടത്തിന്റെ പരമ സത്യം തിരിച്ചറിയുന്ന ഹൃദയ പരിവർത്തനത്തിന്റെ വിശുദ്ധദിനമാകട്ടെ ക്രിസ്മസ്.

ക്രിസ്മസ് എന്റെയും എന്റെ കുടുംബത്തിന്റെയും വിശ്വാസജീവിതത്തിലെ മഹനീയമായ രക്ഷാകര ദിനമാകട്ടെ.

ജിബി ജോർജ്

About Author

കെയ്‌റോസ് ലേഖകൻ