Christmas Sparks Day 22 സുഖമുള്ള ഓർമ്മകൾ
ഒരു ടീനേജറോട് ക്രിസ്മസിന്റെ ഓർമ്മകളിൽ എന്തെങ്കിലുമൊന്ന് പങ്കുവെക്കാമോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ഇതാണ്: ക്രിസ്മസിന് തലേന്ന് അമ്മ നല്ല വെളുത്ത അപ്പം ചുടും. പിന്നെ ഇറച്ചിക്കറിയും. അത് തയ്യാറാക്കുന്നതിനിടയിൽ അതിൻറെ മണം മൂക്കിലേക്ക് എത്തുമ്പോൾ… ഹാവൂ.. കൊതിയടക്കാൻ പറ്റില്ല. വായിൽ വെള്ളമൂറും.
ഒരു 40 വയസ്സുകാരി ചേച്ചിയോട് ചോദിച്ചു: ഏറെ നാളുകളായി, ചെറിയൊരു കാര്യത്തിന്റെ പേരിൽ പിണങ്ങിയിരുന്ന ഒരു ചേച്ചിയെ ക്രിസ്മസിന്‍റെ ഒരുക്കനാളുകളിൽ ഓർമ്മ വന്നു. ആ ചേച്ചിയോട് സംസാരിക്കാനും പഴയതെല്ലാം മറന്ന് വീണ്ടും സൗഹൃദത്തിൽ ആകുവാനും കഴിഞ്ഞു എന്നത് വലിയൊരു അനുഗ്രഹമാണ്. അതുപോലെതന്നെ വീട്ടിലും, പെട്ടെന്ന് ദേഷ്യപ്പെടുന്ന എൻറെ സ്വഭാവത്തെ നിയന്ത്രിക്കുവാനും സൗമ്യമായി പെരുമാറാനുമൊക്കെ സാധിച്ചത് ഒരുക്കത്തിന്റെ നാളുകളിൽ എന്നെ സഹായിച്ച കാര്യങ്ങളാണ്.
60 വയസുകാരൻ അങ്കിളിനോട് ചോദിച്ചപ്പോൾ പറഞ്ഞത്: ക്രിസ്മസിന്‍റെ ഓർമ്മകൾ എന്ന് പറയുന്നത് എല്ലാവരോടുമൊപ്പം ആയിരിക്കാനും ചിലരെയൊക്കെ ചേർത്തു പിടിക്കാനുമുള്ള നാളുകളാണെന്നാണ്. ഇതൊക്കെ വല്ലപ്പോഴും നടക്കേണ്ട കാര്യമല്ലായെങ്കിലും ഈ ക്രിസ്മസ് നാളുകളിലും തിരുനാൾ ദിനങ്ങളിലുമൊക്കെ നമ്മൾ ഒരുങ്ങുകയുമാണല്ലോ. ചേർത്തു പിടിക്കാനും ഒരുമിച്ച് ആയിരിക്കാനും കഴിയുന്നതിൽപ്പരം സന്തോഷം വേറെ എന്താണുള്ളത്. അതല്ലേ യഥാർത്ഥ ക്രിസ്മസ് അനുഭവവും.
ക്രിസ്റ്റി വർഗ്ഗീസ്