Christmas Sparks Day 20 എല്ലാ വഴികളും വീട്ടിലേക്ക്
ക്രിസ്മസിൻ്റെ സുവിശേഷം
“Christmas all road Leads Home ” എവിടെയോ വായിച്ച വരികളാണ്.
കുറച്ചു മാസങ്ങളായി ഇന്ത്യയിൽ വേരുകളുള്ള ഒരു ഇംഗ്ലീഷ്കാരൻ സുഹൃത്ത് ഇപ്പോൾ കൂടെ ജോലി ചെയ്യുന്നുണ്ട്. കക്ഷി നാട്ടിലേക്ക് പോവുകയാണ് ഈ ദിവസങ്ങളിൽ. ചോദിച്ചപ്പോൾ പറഞ്ഞു ക്രിസ്തുമസിന് സഹോദരങ്ങൾ
എല്ലാവരും മാതാപിതാക്കളുടെ കൂടെ ഒത്തുചേരുകയാണത്രെ.
U. K യുടെ വിവിധ ഇടങ്ങളിൽ നിന്ന് ചേട്ടൻമാരും, ഇപ്പോൾ ഇന്ത്യയിലുള്ള ഇളയ അനുജനും ഓടിയെത്തുകയാണ് മാതാപിതാക്കൾക്കരികിലേക്ക് ഈ ക്രിസ്മസിന്.
‘ക്രിസ്മസ്,എല്ലാ വഴികളും വീട്ടിലേക്ക് ‘എന്ന ആ വാക്യത്തിന്റെ പൊരുൾ നമുക്ക് അത്ര പരിചിതമല്ലെങ്കിലും വിദേശ സംസ്കാരത്തിൽ അകന്നുപോയവരെല്ലാം അടുത്തെത്തുന്ന സുദിനം കൂടെയാണ് ക്രിസ്തുമസ്. ഈ ക്രിസ്തുമസിന് ഞാനും നിങ്ങളും മടങ്ങി ചെല്ലേണ്ട ചില വീടുകളുണ്ട്.
കരുണയുടെ ദൈവദൂതന്മാർ
നമ്മെ ഏതൊക്കെയോ വീടുകളിലേക്ക് ക്ഷണിക്കുന്നുണ്ട്. ഒരിക്കൽ ഇറങ്ങി പോന്നതാണ് പിന്നെ ഒരിക്കലും ചെല്ലില്ലെന്ന് തീരുമാനിച്ചതാണ് പക്ഷേ നമുക്ക് തിരിച്ചു നടക്കാനുള്ള ക്ഷണക്കത്തുമായാണ്, നമ്മോടുള്ള അടുപ്പം മൂലം എല്ലാം വിട്ട് ഇറങ്ങി വന്നവൻ വന്നിരിക്കുന്നത്. ആരൊക്കെയോ എവിടെയൊക്കെയോ നമ്മളെ കാത്തിരിക്കുന്നുണ്ട് ആ തിരിച്ചറിവാണ് ക്രിസ്തുമസ്സിന്റെ സുവിശേഷം.
ശശി ഇമ്മാനുവൽ