January 23, 2025
Church Jesus Youth Kairos Media News

Christmas Sparks Day 19 സങ്കടക്കൂട്ടിലെ സന്തോഷം

  • December 19, 2024
  • 1 min read
Christmas Sparks Day 19                                  സങ്കടക്കൂട്ടിലെ സന്തോഷം

ആർഭാടപൂർണമായ പുൽക്കൂടുകൾ, കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതവിളക്കുകൾ, കാതടപ്പിക്കുന്ന വെടിക്കെട്ടുകൾ, മാധുര്യം നിറയുന്ന സമ്മാനപ്പൊതികൾ, മൊബൈലിൽ വന്നു നിറയുന്ന ക്രിസ്തുമസ് ഒരുക്ക വിഡിയോകൾ, ഇങ്ങനെ ഉല്ലാസവും ആനന്ദവും നിറയുന്ന നാളുകളാക്കി ക്രിസ്തുമസ് ദിനങ്ങളെ മാറ്റിയെടുക്കാനാണ് എല്ലാവരുടെയും ശ്രമങ്ങൾ. അതിനിടയിൽ നാം ഓർമിക്കേണ്ടൊരു യാഥാർത്ഥ്യം ഉണ്ട്, സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയുമായിട്ടാണ് ഉണ്ണി പിറന്നതെങ്കിലും വലിയ വേദനയുടെ അംശവും അവൻ പേറിയിരുന്നു. ഗത്സമനിലും കാൽവരിയിലും മാത്രമല്ല, പുൽത്തൊഴുത്തിലെ പാൽപ്പുഞ്ചിരിക്കു പുറകിലും ആരും കാണാത്ത വേദനകൾ മറഞ്ഞിരുപ്പുണ്ട്. അവയെ നമുക്കിങ്ങനെ ഓർത്തെടുക്കാം.

തൻ്റെ ഏകജാതനെ ലോകത്തിനു വിട്ടുകൊടുക്കാൻ തീരുമാനിച്ച പിതാവിന്റെ വേദന, സ്വർഗസിംഹാസനത്തിൽ നിന്നിറങ്ങി കുരിശിലേക്ക് കയറാൻ ആദ്യ ചുവടുവയ്ക്കുന്ന പുത്രന്റെ വേദന, സംശയത്തിന്റെ വാൾമുനയിൽ നിറുത്തപ്പെട്ട മാതൃത്വത്തിന്റെ വേദന, മാനസിക സംഘർഷങ്ങളുടേയും അലച്ചിലുകളുടേയും പാതയിലൂടെ കടന്നു പോകേണ്ടിവന്ന ഒരു തച്ചന്റെ വേദന, എന്നിട്ടും ആ കൊടിയ വേദനയും അപമാനങ്ങളും, കീറത്തുണികളിൽ പൊതിയപ്പെട്ട ഉണ്ണിയുടെ ദാരിദ്ര്യവുമെല്ലാം പുൽക്കൂടുകൾക്കു മുമ്പിൽ നിൽക്കുമ്പോൾ നാം മറന്നുപോകുന്നു.

“ഓരോ ക്രിസ്തുമസും എന്നെ ദുഃഖിപ്പിക്കുന്നു. ഭൂമിയിലെ മണിമന്ദിരങ്ങളെല്ലാം അവയുടെ വാതിലുകൾ ദരിദ്രനായൊരു തച്ചനും അയാളുടെ ഗർഭിണിയായ ഭാര്യയ്ക്കുമെതിരെ കൊട്ടിയടച്ചതിന്റെ ഓർമയാണെനിക്കിത്. ഭൂമിയിലെ മനുഷ്യർ അവരിലെതന്നെ നക്ഷത്രങ്ങളെ ഊതിക്കെടുത്തിയ രാത്രിയാണിത്. ഈ രാത്രിയിൽ ആ സങ്കടമോർത്താൽ ഞാനെങ്ങനെ ഈ കുർബാന ചൊല്ലിത്തീർക്കും മക്കളേ’ എന്നു വിലപിക്കുന്ന ഒരു ദാനിയേലച്ചനുണ്ട്, സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ “തോരാതെ പെയ്യുന്ന മഴയിൽ’.

എത്രയധികമായി മനുഷ്യരേയും അവരുടെ സങ്കടങ്ങളേയും സ്വീകരിക്കാനും മനസ്സിലാക്കാനും നിങ്ങൾക്കു സാധിക്കുമോ അത്രയധികമായി മനുഷ്യരക്ഷകൻ നൽകുന്ന ആനന്ദം നിങ്ങൾക്ക് അനുഭവിക്കാനാകും. മറ്റെല്ലാ ആനന്ദങ്ങളും ക്രിസ്തുമസ് രാത്രി പുലരുമ്പോൾ മഞ്ഞു പോലെ മാഞ്ഞുപോകും.

ഡിസംബർ: 25 ന് പൊതിച്ചോറുകളുമായി നട്ടുച്ചയ്ക്ക് തെരുവിലേക്കിറങ്ങാൻ ചില യുവജനങ്ങൾ തയ്യാറാകുന്നുവെന്നു കേൾക്കുമ്പോൾ ഉള്ളിലൊരു ആനന്ദം നിറയുന്നുണ്ട്. അതിനു നൈരന്തര്യങ്ങൾ ഉണ്ടാകണെ എന്നതാണ് ഉണ്ണിക്കു മുമ്പിലെ പ്രാർത്ഥന.

വിജയ് പി ജോയ്

About Author

കെയ്‌റോസ് ലേഖകൻ