Christmas Sparks Day 17 എൻറെ ക്രിസ്മസ്
ക്രിസ്മസിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ എന്തൊരു സന്തോഷമാണ്. കുടുംബം എന്ന വാക്കാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തുക. കുടുംബം ഒരുമിച്ച് ചേർന്ന് സന്തോഷിക്കുന്ന ഒരു സുന്ദരമായ സമയം
കൂടിയാണല്ലോ ക്രിസ്മസ്. പപ്പയുമമ്മയും ഞങ്ങളെല്ലാവരും കൂടെ പുൽക്കൂട് ഒരുക്കുന്ന രംഗങ്ങളൊക്കെ ഞാനോർക്കുകയാണ്. പൊടിമഴയും നല്ല തണുപ്പുമൊക്കെ ഉണ്ടെങ്കിലും ആ ദിവസങ്ങളിലെ പരിശുദ്ധ കുർബാനയിൽ ഞങ്ങൾ പങ്കെടുത്തിരുന്നത് എന്തെന്നില്ലാത്ത ആഹ്ലാദത്തിലായിരുന്നു. ആഗമനകാലത്തിലെ നിറമുള്ള തിരികൾ ഒരോ ഞായറാഴ്ചകളിലും തെളിക്കുന്നത് എത്ര അർത്ഥവത്തായ കാര്യമാണ്. കരോൾ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ, നമ്മുടെ ഹൃദയവും വീടും ഉണ്ണീശോയെ വരവേൽക്കുവാൻ ഒരുങ്ങുന്ന ഒരു ഫീലാണ് തോന്നുന്നത്. ക്രിസ്മസ് ട്രീയിലും പുൽക്കൂട്ടിലും ഞങ്ങൾക്കായി സമ്മാനങ്ങളൊരുക്കി, ഞങ്ങളെ കാറിൽ ഇരുത്തി, പാതിരാ കുർബാനയ്ക്ക് പോകുന്നതും എനിക്കു മറക്കാനാവില്ല. അവസാനം സമ്മാനങ്ങളൊക്കെ തുറന്ന് നോക്കിയും ഗ്രിൽ ചെയ്ത ചിക്കനും മറ്റു വിഭവങ്ങളുമൊക്കെ കഴിച്ചുമാണ് ഞങ്ങൾ ഉറങ്ങാൻ പോകുന്നത്. എന്തായാലും ത്രില്ലടിച്ചും ഏറെ സന്തോഷിച്ചു മൊക്കെയാണ് ഞങ്ങളുടെ ക്രിസ്മസ് നാളുകൾ.
ബെനീറ്റ