Christmas Sparks Day 16 മമ്മിയുടെ ക്രിസ്മസ് കേക്ക്
ഒരു കഷ്ണം ഫ്രൂട്ട് കേക്കുമായി പുൽക്കൂടിന് മുന്നിൽ നിൽക്കുന്നതാണ് എന്നെ സംബന്ധിച്ച് ക്രിസ്മസിൻ്റെ ആദ്യകാല ഓർമ്മ. മമ്മി ഉണ്ടാക്കുന്നഫ്രൂട്ട് കേക്ക് ഇല്ലാത്ത ഒരു ക്രിസ്മസ് കുട്ടിക്കാലം മുതൽ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിട്ടില്ല. മമ്മിയുടെ കേക്ക് ഏറെപ്രശസ്തമായിരുന്നു. ഇന്നും എൻ്റെ സുഹൃത്തുക്കൾ എന്നെകാണുമ്പോൾ മമ്മിയുടെ ഫ്രൂട്ട് കേക്കിനെക്കുറിച്ചു സംസാരിക്കും. അത്രയും ഹിറ്റായിരുന്നു മമ്മിയുടെ ക്രിസ്മസ് കേക്ക്.
ക്രിസ്മസ് ഫ്രൂട്ട് കേക്ക് ബേക്ക് ചെയ്യുന്നതും ആദ്യം മുതൽ എല്ലാ ചേരുവകളും തയ്യാറാക്കുന്നതും എളുപ്പമുള്ള കാര്യമായിരുന്നില്ല. മമ്മി ഡ്രൈ ഫ്രൂട്ട്‌സ് ബ്രാണ്ടി/വൈനിൽ കുതിർത്ത് ഗ്ലാസ് പാത്രങ്ങളിൽ മാസങ്ങൾക്ക് മുമ്പ് സൂക്ഷിക്കാൻ തുടങ്ങും. ഡിസംബർകാലം വന്നാൽ മമ്മി കേക്കുകൾ തയ്യാറാക്കാൻ തുടങ്ങും, ദീർഘവും അധ്വാനം നിറഞ്ഞതുമായ ഒരു പ്രക്രിയതന്നെയായിരുന്നു അത്. ആ കേക്ക് നിർമാണം വീട്ടിൽ സുഖകരവും സ്വാദിഷ്ടവുമായ സുഗന്ധം നിറക്കുമായിരുന്നു. അതായിരുന്നു ഞങ്ങളുടെ ക്രിസ്മസിൻ്റെ ‘മണം’. മമ്മിയുടെ കേക്കുകൾ കഴിക്കുന്നവർക്കെല്ലാം നൽകിയ സന്തോഷം വളരെ വലുതാണ്.. ഒപ്പം മറക്കാനാവാത്തതും.
ക്രിസ്തുവിൻ്റെ സഭയിലെ അംഗങ്ങളായ നമ്മളെ സംബന്ധിച്ചിടത്തോളം, ഒരു പുൽത്തൊട്ടിയിൽ, അതും ‘അപ്പത്തിൻ്റെ ഭവന’മായ ബെത്‌ലഹേമിൽ ജനിച്ച ക്രിസ്തുവിനെ സ്വന്തമായി ലഭിച്ച ഭാഗ്യപ്പെട്ട ജനതയല്ലേ നമ്മൾ.
നമ്മുടെ ശാരീരികവും ആത്മീയവുമായ വിശപ്പകറ്റുന്നവൻ, സ്വന്തം ശരീരവും രക്തവും നമ്മുടെ രക്ഷയ്ക്കായി നൽകിയവൻ, ഇന്നും ഓരോ ദിവ്യബലിയിലും ഒരു കുഞ്ഞു ഗോതമ്പ് അപ്പമായി l നമ്മുടെ ആത്മാവിനെയും ശരീരത്തെയും പോഷിപ്പിക്കാൻ എഴുന്നള്ളിവരുന്നുണ്ട്.
സ്വന്തം കയ്യൊപ്പ് പതിഞ്ഞ കേക്കുകൾ ഉപയോഗിച്ച് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ട്രീറ്റ് ചെയ്യുന്നത് അമ്മയുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.
അതുപോലെ അവിസ്മരണീയമായ സ്നേഹവും സന്തോഷവും സമാധാനവും നൽകി നമ്മെ തന്നിലേക്ക് ആകർഷിക്കുന്നത് യേശുവിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയും.
ടാനിയ റോസ് ജോസൺ