Christmas Sparks Day 15 ക്രിസ്മസ്സ് കരോൾ
ക്രിസ്മസിന് മുൻപുള്ള ദിവസങ്ങൾ. അൾത്താര സംഘം കരോൾ നടത്തി പത്ത് കാശുണ്ടാക്കുന്ന സീസൺ. മൂന്നു നാലു ദിവസം ഉറക്കമിളച്ച് മെനക്കെട്ടു നടന്ന് എല്ലാ വീട്ടിലും കയറിയിറങ്ങി വേണം ടൂറിന് പോകാനുള്ള പൈസ ഉണ്ടാക്കാൻ. ആ വർഷം ഒരു ടീമിന്റെ ലീഡർ ഞാനായിരുന്നു. ക്രിസ്മസ് രാത്രിയായി. പാതിരാ കുർബാനയ്ക്ക് ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് പരമാവധി വീടുകളിൽ കയറി കരോൾ നടത്തണം.
അന്ന് ഞങ്ങൾക്ക് പോകേണ്ട വഴിയിലാണ് ചാക്കോ ചേട്ടന്റെ വീട്. ചളി നിറഞ്ഞ പാടം കയറിയിറങ്ങി വേണം ആ പഴഞ്ചൻ വീട്ടിലെത്താൻ. കൂലിപ്പണിക്കാരായ സഹോദരങ്ങൾ ഒരുമിച്ചാണ് താമസം. നാലഞ്ചു പൊടിപിള്ളേരാണ് അവിടെ ഉള്ളത്. അവിടെ പോയതുകൊണ്ട് കാര്യമായൊന്നും തടയില്ല. മാത്രവുമല്ല ആ സമയം കൊണ്ട് വേറെഗുണമുള്ള നാലഞ്ചു വീടുകൾ കയറുകയും ചെയ്യാം. ചുരുക്കിപ്പറഞ്ഞാൽ ചാക്കോ ചേട്ടന്റെ വീട് ഞങ്ങൾ നൈസായി ഒഴിവാക്കി.
നിസ്സാരമായി ഞങ്ങൾ കരുതിയ ആ ഒഴിവാക്കൽ ഗൗരവമായി. ഞങ്ങളെ അന്വേഷിച്ച് ചാക്കോ ചേട്ടന്റെ വീട്ടിലെ താഴെയുള്ള മകൻ അന്തോണി ചേട്ടൻ പള്ളിയിലെത്തി. വീട് ഒഴിവാക്കിയതിന് പിന്നിൽ ഞാനാണെന്ന് നേരത്തെ പള്ളിയിൽ എത്തിയ സ്നേഹനിധികളായ എന്റെ ചില നല്ല കൂട്ടുകാർ പറഞ്ഞുപരത്തി. പോരെ പൂരം! ആ സമയത്തു അന്തോണി ചേട്ടന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്നെ രണ്ടായി കീറിയേനെ. അച്ചനും വേറെ ആളുകളും കഷ്ടപെട്ടാണ് അന്തോണിച്ചേട്ടനെ സമാധാനിപ്പിച്ച് തിരിച്ചയച്ചത്. കരോൾ കഴിഞ്ഞ് ഞങ്ങൾ ആടിപ്പാടി പള്ളിയിൽ തിരിച്ച് എത്തിയപ്പോഴേക്കും സംഭവം ശാന്തമായിരുന്നു. പക്ഷെ അന്തോണിച്ചേട്ടൻ പള്ളിപ്പറമ്പിൽ ഉണ്ടാക്കിയ ഭീകരാന്തരീക്ഷം അവിടം വിട്ടുപോയിരുന്നില്ല. ഉണ്ടായ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് വല്ലാതെ പേടി തോന്നി. ഒരാക്രമണം ഞാൻ പ്രതീക്ഷിച്ചു. പക്ഷെ പിന്നെ അന്തോണിച്ചേട്ടനും അത് വിട്ടെന്ന് തോന്നുന്നു. വലിയ പുകിലൊന്നും പിന്നീട് ഉണ്ടായില്ല.
നോക്കൂ, ആ വീട്ടിലെ കുട്ടികളുടെ അവസ്ഥ? അകലെ ക്രിസ്മസ് പാട്ടുകേട്ട് അവർ എത്ര സന്തോഷിച്ചിട്ടുണ്ടാകും? വീടൊരുക്കി അവർ കാത്തിരുന്നിട്ടുണ്ടാകും. പാട്ട് അടുത്തുവരും തോറും തുള്ളിച്ചാടിയിട്ടുണ്ടാകും. ‘അടുത്തത് നമ്മുടെ വീട്ടിൽ അല്ലേ, ‘അമ്മാ?’
പക്ഷെ ആ പാട്ടുകളും ശബ്ദവും അതുപോലെത്തന്നെ അകന്നുപോകുന്നു.
‘അമ്മാ, അവരെന്താ നമ്മുടെ വീട്ടിൽ വരാഞ്ഞത്?’
എന്താണ് മറുപടി? അവിടുത്തെ അമ്മാമ, മാതാപിതാക്കൾ എന്ത് പറഞ്ഞു അവരെ ആശ്വസിപ്പിച്ചിട്ടുണ്ടാകും?
ഒരിക്കലും പൊറുക്കാനാകാത്ത പിഴവായി അന്നത്തെ ആ നശിച്ച വിവേകമില്ലാത്ത തീരുമാനത്തെ ഞാൻ ഇന്നും കണക്കാക്കുന്നു.
മാപ്പ്!
ആന്റോ ലാസർ പുത്തൂർ