Christmas Sparks Day 14 അനുഭവമെന്ന തിരക്കഥ
ജീവിതം വഴിമുട്ടിനിന്ന നാളുകളിലെന്നോ ആയിരുന്നു അത്തവണത്തെ ക്രിസ്തുമസ് വന്നത്. അയല്‍വക്കവീടുകളിലും സാധാരണക്കാര്‍ തന്നെയായിരുന്നുവെങ്കിലും അവിടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു കുറവൊന്നും ഉണ്ടായിരുന്നുമില്ല. പക്ഷേ ആ വീട്ടിലാകട്ടെ ഒരു നക്ഷത്രം തൂക്കാന്‍ പോലും കഴിവുണ്ടായിരുന്നുമില്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അതേച്ചൊല്ലിയുള്ള വഴക്കിനൊടുവില്‍ ഭര്‍ത്താവ് ഭീഷണിമുഴക്കി വീട്ടില്‍നിന്നിറങ്ങിപ്പോയി. സന്ധ്യയായിട്ടം തിരികെ വരാത്ത ഗൃഹനാഥനെയോര്‍ത്ത് നെഞ്ചില്‍ തീയുമായി അമ്മയുംമക്കളും വഴിനോക്കിയിരുന്നു. അശുഭകരമായിട്ടെന്തോ സംഭവിച്ചുവെന്നോ സംഭവിക്കാന്‍ പോവുകയാണെന്നോ ഉള്ള അതിരുകടന്ന ചിന്തകളെ ഭേദിച്ചുകൊണ്ട് ഒടുവില്‍ അയാള്‍ തിരികെയെത്തി. അയാളുടെ കൈയില്‍ പുതിയൊരു നക്ഷത്രവും റൊട്ടിയുമുണ്ടായിരുന്നു. അയാളത് ഇളയമകന്റെ കൈയിലേക്ക് വച്ചുകൊടുത്തു.
ഉളളുനീറുന്ന ആ ക്രിസ്തുമസ് അനുഭവത്തെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മകന്‍ തനിക്കാവുന്നതിന്റെ അങ്ങേയറ്റം തീവ്രതയോടെ അക്ഷരങ്ങളിലേക്ക് പകര്‍ത്തി. ഒരു ക്രിസ്തുമസ്‌കാലത്ത് മനോരമയുടെ ഓണ്‍ലൈനില്‍ അതു പ്രസിദ്ധീകരിച്ചപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കുറിപ്പായി അതു മാറുകയും ചെയ്തു. ഇപ്പോഴിതാ അതേ സംഭവത്തെ പുരസ്‌ക്കരിച്ച് മകന്‍ തിരക്കഥയെഴുതിയ ടെലിഫിലിം എസ് എച്ച് മീഡിയായിലൂടെ പുറത്തുവരുന്നുു. അതിതീവ്രമായ സങ്കടങ്ങളും നൊമ്പരങ്ങളുംകുറെക്കാലം കഴിയുമ്പോള്‍ എഴുത്തിന്റെനിക്ഷേപങ്ങളും സമ്പത്തുമായി മാറുമെന്നത് എത്രയോ ശരി!
വിനായക് നിര്‍മ്മല്‍